ടി കെ മുസ്തഫ വയനാട്
ആർഎസ്എസും അവർ നേതൃത്വം നൽകുന്ന ബിജെപിയും ഉയർത്തിപ്പിടിക്കുന്ന പ്രത്യയ ശാസ്ത്രം തീവ്ര ബഹിഷ്കരണത്തിന്റേതും വിവേചനത്തിന്റേതുമായ ഒരു ഫാസിസ്റ്റ് പദ്ധതിയാണെന്ന് കാണാൻ കഴിയും. തീവ്ര ദേശീയതയുടെ മറ പിടിച്ചു കൊണ്ട് വിമർശകരെയും വിമർശനാത്മക സമീപനങ്ങളെയും ദേശവിരുദ്ധമായി ചിത്രീകരിക്കുകയും അങ്ങനെ വിമർശിക്കുന്നവരെ രാജ്യദ്രോഹികളായി മുദ്രയടിക്കുന്നത് പ്രഖ്യാപിത നയമായി തന്നെ സ്വീകരിക്കുകയും ചെയ്യുന്നു അവർ.
ലഭ്യമായ ഭരണാധികാരത്തെ ഉപയോഗിച്ച് ഭരണ ഘടന സ്ഥാപനങ്ങളെ വിലക്കെടുത്തും അന്വേഷണ ഏജൻസികളെ രാഷ്ട്രീയ പ്രതിയോഗികൾക്ക് മേലുള്ള പ്രതികാര നടപടികൾക്കായി ദുരുപയോഗം ചെയ്തു കൊണ്ടുമുള്ള അസഹിഷ്ണുതയും സങ്കുചിതത്വവുമാണതിന്റെ മുഖ മുദ്ര. എന്നാൽ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ഫാസിസ്റ്റ് ഭരണ കൂടത്തിന്റെ ജന വിരുദ്ധ നീക്കങ്ങൾക്കെതിരെ ഈയടുത്ത കാലത്തായി സുപ്രീം കോടതിയിൽ നിന്ന് തുടർച്ചയായി പുറത്ത് വരുന്ന വിധികൾ ഭരണകൂട സംവിധാനത്തിന്റെ സർവപ്രധാനമണ്ഡലങ്ങളും ആസൂത്രിതമായി ആർഎസ്‌എസ് ആധിപത്യത്തിൻ കീഴിൽ കൊണ്ടു വരാനുള്ള ഹിഡൻ അജണ്ടകൾക്കേൽക്കുന്ന തിരിച്ചടികളാണെന്ന് കാണാൻ കഴിയും!
ആർഎസ്എസ് പ്രത്യയശാസ്ത്രം പ്രായോഗിക തലത്തിൽ ആളിക്കത്തിക്കാൻ ശ്രമിക്കുന്ന വെറുപ്പും ആക്രമണോത്സുകതയും ഭീകരതയും പരത്തുന്ന ഫാസിസ്റ്റ് പ്രചാരവേലയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു ന്യൂസ് ക്ലിക്ക് വാർത്ത പോർട്ടലിന്റെ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുർകായസ്തയെ യു എ പി എ ചുമത്തി അറസ്റ്റ് ചെയ്ത നടപടി. ഭരണ ഘടനയെയും നിയമ സംവിധാനങ്ങളെയും വെല്ലുവിളിച്ചും എതിർപ്പിൻ സ്വരങ്ങളെ ഫാസിസ്റ്റ് ശൈലിയിൽ ഉന്മൂലനം ചെയ്‌തുമുള്ള പ്രസ്തുത അറസ്റ്റ് നിയമ വിരുദ്ധമെന്ന് കണ്ടെത്തിയ സുപ്രീം കോടതി വിധി ഭരണ കൂടത്തിന്റെ അമിതാധികാര പ്രവണതകൾക്കും ജന ദ്രോഹ നടപടികൾക്കുമുള്ള കനത്ത പ്രഹരം തന്നെയായിരുന്നു.
കേന്ദ്ര സർക്കാറിന്റെ നിയന്ത്രണത്തിലുള്ള ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റ കൃത്യ വിഭാഗം ചുമത്തിയ വ്യാജ ആരോപണങ്ങളുടെ മറ പിടിച്ചു കൊണ്ടുള്ള അറസ്റ്റ് ഭരണ കൂട ഭീകരതക്കെതിരിൽ ശബ്ദമുയർത്തുന്ന മാധ്യമ സ്ഥാപനങ്ങളെ ആക്രമണോത്സുകമായ ഏകാധിപത്യ നയങ്ങളിലൂടെ വരുതിയിലാക്കുകയോ കീഴ്പ്പെടുത്തുകയോ ചെയ്യാമെന്ന ധാർഷ്ട്യത്തിന്റെ അനന്തര ഫലമായിരുന്നു.റിമാൻഡ് അപേക്ഷയുടെ കോപ്പി പോലും ലഭ്യമാക്കാതെയും അറസ്റ്റിന്റെ സാഹചര്യം അറിയാനുള്ള പൗരവകാശത്തെ നഗ്നമായി ലംഘിച്ചുമുള്ള കടുത്ത നീതി നിഷേധത്തിന്നെതിരെ ശക്തമായ ഭാഷയിലാണ് അപലപിച്ചത് സുപ്രീം കോടതി.
കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട വാർത്തകൾ പരിശോധിക്കാൻ പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോക്ക് അധികാരം നൽകിക്കൊണ്ട് പുറപ്പെടുവിച്ച വിജ്ഞാപനം സ്‌റ്റേ ചെയ്‌ത സുപ്രീം കോടതി നടപടി മാധ്യമ സ്ഥാപനങ്ങളെ തങ്ങളുടെ നിയന്ത്രണത്തിലേക്ക് കൊണ്ടുവന്ന് രാജ്യത്തെ സമഗ്രാധിപത്യത്തിലേക്കും ഫാസിസത്തിലേക്കും നയിക്കാനുള്ള സംഘ് പരിവാർ കുല്സിത ശ്രമത്തിന്നേറ്റ മറ്റൊരു തിരിച്ചടിയായിരുന്നു.
കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട വാർത്തകളോ, എന്തെങ്കിലും ഉള്ളടക്കമോ, സർക്കാരിനു കീഴിലുള്ള പിഐബി പരിശോധിച്ച് വ്യാജമാണെന്നു തീർപ്പുകൽപ്പിച്ചാൽ ഇന്റർനെറ്റ് പ്ലാറ്റ്‌ഫോമുകൾ അവ 72 മണിക്കൂറിനുള്ളിൽ നീക്കംചെയ്യേണ്ടിവരുമെന്നുള്ള വ്യവസ്ഥക്കെതിരെ പത്രാധിപന്മാരുടെ സംഘടനയായ എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ (EGI) നേരത്തെതന്നെ രംഗത്ത് വന്നിരുന്നു.
വാർത്തകളിലെ വ്യാജ പരിശോധനയുടെ മറവിൽ സർക്കാർ വിരുദ്ധ വാർത്തകളൊക്കെ വ്യാജമെന്നു മുദ്രകുത്തി നിർമ്മാർജനം ചെയ്തു കൊണ്ട് ഹിന്ദുത്വവും കോർപ്പറേറ്റ് പ്രീണന നയങ്ങളും ചാലിച്ച തീവ്രമായ പ്രതിലോമ രാഷ്ട്രീയത്തെ തന്ത്ര പരമായി പ്രതിഷ്ഠിക്കാനുള്ള നീക്കമാണ് പാളിയത്.
നരേന്ദ്ര മോഡിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിലെ ഹിന്ദുത്വത്തിന്റെ തീവ്ര പ്രത്യയ ശാസ്ത്ര നിലപാടുകളിൽ നിന്ന് കൊണ്ടുള്ള വർഗീയ പരാമർശങ്ങൾ മറയില്ലാതെ സംപ്രേഷണം ചെയ്യുന്ന ദൂര ദർശനും ആകാശ വാണിയും സി പി ഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ ബിജെപി വിരുദ്ധ പ്രസംഗങ്ങൾക്ക് കേന്ദ്ര നിർദേശ പ്രകാരം നിയന്ത്രണം ഏർപ്പെടുത്തിയത് ഇതിനോട് ചേർത്ത് വായിക്കണം.
ജനാധിപത്യത്തെ നിഷ്കാസനം ചെയ്ത് കൊണ്ടുള്ള മോദി – ഷാ കൂട്ട് കെട്ടിനേറ്റ മറ്റൊരു കനത്ത തിരിച്ചടിയായിരുന്നു
ചണ്ഡിഗഢ് മേയർ തിരഞ്ഞെടുപ്പിൽ എ എ പി – കോൺഗ്രസ് സഖ്യ സ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി.
മേയർ തിരെഞ്ഞെടുപ്പിൽ കോൺഗ്രസ്സ്‐ ആം അദ്മി സംഖ്യത്തിന്റെ എട്ട് വോട്ടുകൾ അസാധുവാക്കുകയും, ബിജെപി സ്ഥാനാർത്ഥി മനോജ് സൊങ്കറിനെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തതിന്നെതിരെ ആംഅദ്മി കൗൺസിലറും, മേയർ സ്ഥാനാർത്ഥിയുമായിരുന്ന കുൽദീപ് കുമാർ സമർപ്പിച്ച ഹർജി പരിഗണിച്ച കോടതി വരണാധികാരി അനിൽ മസീഹ് അസാധുവായി പ്രഖ്യാപിച്ച എട്ടു വോട്ടുകൾ സാധുവാക്കി കണക്കാക്കി എഎപി-കോൺഗ്രസ് സ്ഥാനാർഥി വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.
മേയർ തിരഞ്ഞെടുപ്പ് പ്രിസൈഡിംഗ് ഓഫീസർ നിയമവിരുദ്ധമായി അട്ടിമറിച്ചുവെന്ന് നിരീക്ഷിച്ച കോടതി സിആർപിസി സെക്ഷൻ 340 പ്രകാരം അദ്ദേഹത്തിന്നെതിരെ നടപടി സ്വീകരിക്കാത്തതിന്റെ കാരണം ബോധിപ്പിക്കണമെന്ന് ജുഡീഷ്യൽ രജിസ്ട്രാറോട് ആവശ്യപ്പെടുകയും ചെയ്തതോടെ തിരഞ്ഞെടുപ്പു പ്രക്രിയയെ വരുതിയിലാക്കാനുള്ള ഗൂഢ നീക്കമാണ് പൊളിഞ്ഞത്.
രാഷ്ട്രീയ എതിരാളികളെയും വിമർശകരെയും തകർക്കുന്നതിന് കേന്ദ്ര ഏജൻസികകളെ ദുരുപയോഗം ചെയ്തും ബിജെപി നയങ്ങൾക്കെതിരായ ഏതൊരു വിമർശനത്തെയും ദേശദ്രോഹകരമായി ചിത്രീകരിച്ചും കൊണ്ടുള്ള ഭരണ കൂട ഭീകരതക്കേറ്റ കനത്ത തിരിച്ചടിയായിരുന്നു കേജ്രിവാളിന് താൽക്കാലിക ജാമ്യം അനുവദിച്ചുകൊണ്ട് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ്. ഇ ഡി യെ രാഷ്ട്രീയ പക്ഷ പാതിത്വത്തോട് കൂടി ഉപയോഗിക്കുകയും പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെയും ഭരണപക്ഷ നയങ്ങളോട് എതിർപ്പ് രേഖപ്പെടുത്തുന്നവരെയും മാധ്യമ പ്രവർത്തകരെയും തെരഞ്ഞുപിടിച്ച് കള്ളക്കേസ് രജിസ്റ്റർ ചെയ്തു മനഃപൂർവ്വം പീഡിപ്പിക്കുകയാണ് ഭരണ കൂടം.ബി ജെ പി ഇതര ഗവൺമെന്റുകളെ തകർക്കാനും പ്രതിപക്ഷ നേതാക്കളെ വരുതിയിലാക്കാനും കേന്ദ്രഅന്വേഷണ ഏജൻസികളെ ഉപയോഗിക്കുക എന്ന സംഘ് പരിവാർ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായിരുന്നു കേജ്രിവാളിന്റെ അറസ്റ്റ്.
രാജ്യത്തിന്റെ പരമാധികാര നീതി പീഠം, ഭരണ ഘടന വിരുദ്ധമായി വിലയിരുത്തി 2024 ഫെബ്രുവരി 15 ന് നിർത്തലാക്കുകയും മുഴുവൻ വിവരങ്ങളും പരസ്യപ്പെടുത്തണമെന്ന കർശന നിലപാട് സ്വീകരിക്കുകയും ചെയ്തതിനെ തുടർന്ന് എസ് ബി ഐ പുറത്തു വിട്ട ഇലക്ടറൽ ബോണ്ട് മോദി സർക്കാരിന്റെ അഴിമതിയുടെ ഭീഭത്സ മുഖം വെളിപ്പെടുത്തിയത് ഓർക്കുന്നുണ്ടാകും!
1951 ലെ ജന പ്രാതിനിത്യ നിയമവും 1961 ലെ ഇൻകം ടാക്സ് ആക്റ്റും 2009 ലെ വിദേശ സംഭാവന നിയന്ത്രണ നിയമവും 2013 ലെ കമ്പനി ആക്റ്റും പാർലമെന്റിൽ ഭേദഗതി ചെയ്ത് കൊണ്ട് സംഘടിത കൊള്ളയിലൂടെ പൗരന്മാരുടെ പണം അപഹരിച്ചുള്ള അഴിമതിയുടെ സമാഹാരമാണ് മോദി സർക്കാർ നടത്തിയത്.ജനാധിപത്യത്തിനും മതേതരത്വത്തിനും മനുഷ്യാവകാശങ്ങൾക്കുമെതിരെ നിരന്തരം കലഹിച്ചു കൊണ്ടിരിക്കുന്ന
ഫാസിസത്തോടുള്ള രാഷ്ട്രീയ സമരമാണ് നാം ഓരോരുത്തരും ഈയവസരത്തിൽ ഏറ്റെടുക്കേണ്ടത്.
ഇന്ത്യൻ ജനാധിപത്യത്തിന്റെ മേൽ ആഴത്തിൽ മുറിവേല്പിച്ചു കൊണ്ടിരിക്കുന്ന മനുഷ്യത്വ വിരുദ്ധ പ്രത്യയ ശാസ്ത്രത്തിനും ആ പ്രത്യയ ശാസ്ത്രം പ്രയോഗ വത്കരിക്കാൻ ശ്രമിക്കുന്ന ഭരണ കൂടത്തിന്നുമെതിരായ സമരം! രാജ്യത്തെ പരമാധികാര നീതി പീഠത്തിൽനിന്ന് ഈയടുത്ത കാലത്തായി പ്രത്യക്ഷപ്പെടുന്ന ശ്രദ്ധേയമായ ചില വിധിന്യായങ്ങൾ ജനാധിപത്യ വിശ്വാസികളെ സംബന്ധിച്ചിടത്തോളം അത്തരം പോരാട്ടങ്ങൾക്ക് കരുത്ത് പകരുമെന്ന കാര്യത്തിൽ തർക്കമില്ല.