കൊൽക്കത്ത: അക്ബർ, സീത സിംഹങ്ങൾക്ക് പുതിയ പേര് ശുപാർശചെയ്ത് ബംഗാൾ സർക്കാർ. അക്ബർ സിംഹത്തിന് സൂരജ് എന്നും പെൺ സിംഹമായ സീതക്ക് തനായ എന്നുമാണ് പുതുതായി നിർദേശിച്ച പേരുകൾ. ശുപാർശ കേന്ദ്ര മൃഗശാല അതോറിറ്റിക്ക് പശ്ചിമ ബംഗാൾ സർക്കാർ കൈമാറി. പശ്ചിമബംഗാളിലെ സിലിഗുഡി സഫാരി പാർക്കിലാണ് ഇരു സിംഹങ്ങളുമുള്ളത്.
കേന്ദ്ര മൃഗശാല അതോറിറ്റി ശുപാർശ അംഗീകരിച്ചാൽ അക്ബർ സിംഹം സൂരജ് എന്നും സീത തനായ എന്നുമാകും അറിയപ്പെടുക. ഇതോടെ, പേര് അംഗീകരിച്ചാൽ ഈ സിംഹങ്ങൾ ജന്മംനൽകുന്ന സിംഹക്കുട്ടികളുടെ രക്ഷിതാക്കളുടെ സ്ഥാനത്ത് ഈ പേരുകളാകും രേഖപ്പെടുത്തുക. ഈ നിർദേശം നിരാകരിച്ചുകൊണ്ട് കേന്ദ്ര മൃഗശാലാ അതോറിറ്റിക്ക് സിംഹങ്ങൾക്ക് ഡിജിറ്റൽ പേരുകൾ നൽകാനും അധികാരം ഉണ്ട്.
സിംഹങ്ങൾക്ക് അക്ബർ, സീത എന്നീ പേരുകൾ നൽകിയതിനെ കൽക്കട്ട ഹൈകോടതി വിമർശിച്ചിരുന്നു. വി.എച്ച്.പിയുടെ ഹർജി പരിഗണിക്കവെയാണ് കൽക്കട്ട ഹൈകോടതിയുടെ സർക്യൂട്ട് ബെഞ്ച് ജഡ്ജി വിമർശനം ഉന്നയിച്ചത്. ദൈവങ്ങളുടെയും പുരാണ നായകരുടെയും പേരുകൾ മൃഗങ്ങൾക്ക് ഇടുന്നത് ശരിയല്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. വിവാദമായ പേരുകൾ മാറ്റി വിവാദം ഒഴിവാക്കണമെന്ന് കൽക്കട്ട ഹൈക്കോടതി അഭിപ്രായപെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ പേരുകൾ ബംഗാൾ സർക്കാർ ശുപാർശചെയ്തിരിക്കുന്നത്.
ഫെബ്രുവരി 13-നാണ് ത്രിപുരയിലെ സുവോളജിക്കൽ പാർക്കിൽ നിന്നും സിംഹങ്ങളെ ബംഗാളിലെ സിലിഗുരി പാർക്കിലേക്ക് കൊണ്ടുവന്നത്. സീതയെയും അക്ബറിനെയും ഒരു കൂട്ടിൽ താമസിപ്പിക്കാൻ വനം വകുപ്പ് തീരുമാനിച്ചത് ചോദ്യം ചെയ്തുകൊണ്ടാണ് വിഎച്ച്പി ബംഗാൾ ഘടകം കൽക്കട്ട ഹൈക്കോടതിയുടെ ജയ്പാൽഗുരി സർക്യൂട്ട് ബെഞ്ചിനെ സമീപിച്ചത്.
ത്രിപുരയിലെ സെപാഹിജാല സുവോളജിക്കൽ പാർക്കിൽ നിന്നാണ് രണ്ട് സിംഹങ്ങളെയും കൊണ്ടുവന്നത്. ഇവരുടെ പേര് നേരത്തെ തന്നെ സീതയും അക്ബറും ആയിരുന്നുവെന്നും തങ്ങൾ അത് മാറ്റിയിട്ടില്ലെന്നും വനം വകുപ്പ് അധികൃതർ വ്യക്തമാക്കിയിരുന്നു. സീതക്ക് അഞ്ചര വയസ്സും അക്ബറിന് ഏഴ് വയസ്സും എട്ട് മാസവുമാണ് പ്രായം