അദാനി കമ്പനിക്ക് ബന്ധമുള്ള അഞ്ച് അക്കൗണ്ടുകൾ സ്വിറ്റ്‌സർലന്റ അധികൃതർ മരവിപ്പിച്ചുവെന്ന് ഹിൻഡൻബർഗിന്റെ പുതിയ വെളിപ്പെടുത്തൽ. അദാനിക്കെതിരെ സ്വിറ്റ്‌സർലന്റിൽ അന്വേഷണം നടക്കുന്നുവെന്നാണ് ഹിൻഡൻബർഗിന്റെ വ്യക്തമാക്കിയിരിക്കുന്നത്. എക്സിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് അദാനിക്കെതിരെ ഹിൻഡൻബർഗ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കൽ, വ്യാജ സെക്യൂരിറ്റി തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട അന്വേഷത്തിന്റെ ഭാഗമായാണ് അദാനിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചത്. അഞ്ച് അക്കൗണ്ടുകളിലായി 310 മില്യൺ ഡോളറിലധികം പണമാണ് അദാനിയുടേതായി സ്വിസ് അധികൃതർ തടഞ്ഞുവെച്ചിരിക്കുന്നത്. ഹിൻഡൻബർഗിന്റെ ആരോപണങ്ങളെ നിഷേധിച്ചുകൊണ്ട് അദാനി കമ്പനി രംഗത്തെത്തിയിട്ടുണ്ട്. സ്വിസ് മീഡിയ ഔട്ട്ലെറ്റായ ഗോതം സിറ്റി പുറത്തുവിട്ട വാർത്തയുടെ അടിസ്ഥാനത്തിലാണ് ഹിൻഡൻബർഗിന്റെ ആരോപണം.
അതേസമയം, തങ്ങളുടെ അക്കൗണ്ടുകൾ ഒരു അധികാരകേന്ദ്രവും മരവിപ്പിച്ചിട്ടില്ലെന്നും അദാനി കമ്പനി പറഞ്ഞു. സുതാര്യമായ രീതിയിലാണ് കമ്പനിയുടെ മുഴുവൻ വിദേശ നിക്ഷേപങ്ങളെന്നും അദാനി ഗ്രൂപ്പ് പറയുകയുണ്ടായി. 2023 ജനുവരിയിൽ അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട കമ്പനികൾ ഓഹരി വിപണിയിൽ കൃത്രിമത്വവും തട്ടിപ്പും നടത്തിയെന്ന് ഹിൻഡൻബർഗ് ആരോപിച്ചിരുന്നു. റിസേർച്ച് സ്ഥാപനത്തിന്റെ കണ്ടെത്തൽ അദാനി ഗ്രൂപ്പ് തള്ളുകയും ചെയ്തിരുന്നു.
ഒരു ഓഹരി പങ്കാളിയുമായി ചേർന്ന് നടത്തിയ ഇടപാടിൽ നിന്ന് 4.1 മില്യൺ ഡോളറും കമ്പനിയുടെ യു.എസ് ബോണ്ടുകളിലൂടെ 31,000 ഡോളറുമാണ് അദാനി ഗ്രൂപ്പ് നേടിയത്. ഈ ഓഹരി പങ്കാളിയുടെ പേര് ഹിൻഡൻബർഗ് റിപ്പോർട്ട് വെളിപ്പെടുത്തിയിരുന്നില്ല. ഇതിനുപിന്നാലെ ഓഹരി വിപണി നിയന്ത്രണ ഏജൻസിയായ സെബി ചെയർപേഴ്‌സൺ മാധബി പുരി ബുച്ചിനെതിരെയും ഹിൻഡൻബർഗ് വെളിപ്പെടുത്തൽ നടത്തിയിരുന്നു. അദാനി കമ്പനികളുടെ വിദേശത്തെ രഹസ്യ സ്ഥാപനങ്ങളിൽ ബുച്ചിന് നിക്ഷേപമുണ്ടെന്നായിരുന്നു റിപ്പോർട്ട്.