ടി കെ മുസ്തഫ വയനാട്
സിറിയയിൽ ബാഷർ അൽ അസദ് ഭരണ കൂടത്തെ അട്ടിമറിച്ചു കൊണ്ട് അൽ ഖാഇദയുമായും ഐ എസുമായും ബന്ധം പുലർത്തുന്ന തീവ്ര വാദ സംഘടന ഹയാത്ത് തഹ്‌രീർ അൽ-ഷാമിന്‍റെ (എച്ച്ടിഎസ്) നേതൃത്വത്തിലുള്ള വിമത സൈന്യം രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണ്. 2020 ൽ അലെപ്പോയിൽ നിന്ന് ബാഷർ അൽ അസദ് റഷ്യയുടെ സഹായത്തോടെ നിർ വീര്യമാക്കിയ ഇസ്ലാമിസ്റ്റ് സംഘടനയാണ് അബു മുഹമ്മദ് അൽ ജൂലാനിയുടെ നേതൃത്വത്തിൽ വർദ്ധിത വീര്യത്തോടെ മടങ്ങി വന്ന് പശ്ചിമേഷ്യൻ മേഖലയെ ഇന്ന് അത്യന്തം സംഘർഷ ഭരിതമാക്കിയിരിക്കുന്നത്. സിറിയന്‍ തലസ്ഥാനമായ ഡമസ്‌കസ് ഉള്‍പ്പെടെ പല സുപ്രധാന നഗരങ്ങളും പിടിച്ചെടുത്ത എച്ച്ടിഎസ് 50 വര്‍ഷം നീണ്ട അസദ് കുടുംബത്തിന്‍റെ വാഴ്‌ചക്കാണ് അന്ത്യം കുറിച്ചത്.
അസദ് യുഗത്തിനന്ത്യമായെന്നും ഇനി മുതൽ സിറിയ സ്വതന്ത്രരാജ്യമാണെന്നും പ്രഖ്യാപിച്ച വിമതർ സിറിയയുടെ ചരിത്രത്തിൽ പുതിയ യുഗത്തിനാണ് തുടക്കം കുറിക്കുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ 50 വർഷമായി ബാത്തിസ്റ്റ് ഭരണത്തിന്റെ അടിച്ചമർത്തലിലായിരുന്നു രാജ്യമെന്നും വർഷങ്ങൾ നീണ്ട കുറ്റകൃത്യം, സ്വേച്ഛാധിപത്യം, കുടിയൊഴുപ്പിക്കൽ എന്നിവയെല്ലാം അതിജീവിച്ച് നീണ്ട പോരാട്ടത്തിന് ശേഷം അധിനിവേശ ശക്തികളെയും നേരിട്ട് സിറിയ ഇരുണ്ട യുഗം അവസാനിപ്പിച്ചിരിക്കുകയാണെന്നുമാണ് വിമത ഭാഷ്യം ഡമസ്‌കസിൽ നിശാനിയമം ഏർപ്പെടുത്തിയും രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടവരടക്കമുള്ള തടവുകാരെ മോചിപ്പിച്ചും വിമതർ ഇതിനോടകം തേർ വാഴ്ച തുടങ്ങിക്കഴിഞ്ഞു. 2011 മുതല്‍ ആഭ്യന്തരകലാപത്തിന്റെ പിടിയിലുള്ള സിറിയയില്‍ ഏതാനും ദിവസമായി സൈന്യവും വിമതരും തമ്മില്‍ അതിരൂക്ഷ പോരാട്ടമായിരുന്നു നടന്നത്. മുൻപ് 2012-ല്‍ അലെപ്പോയുടെ പകുതി വിമതര്‍ പിടിച്ചെടുത്തിരുന്നുവെങ്കിലും നാല് വര്‍ഷത്തിന് ശേഷം റഷ്യയുടെ പിന്തുണയോടെ സിറിയന്‍ സര്‍ക്കാര്‍ പ്രദേശം തിരിച്ചുപിടിച്ചിരുന്നു. അതിന് ശേഷം ആദ്യമായാണ് വിമതര്‍ അലെപ്പോ നഗരത്തില്‍ പ്രവേശിക്കുന്നത്.
അല്പം ചരിത്രം
സിറിയയുടെ പൂർവ്വ നാമം ശാo എന്നാണ്. അറബികൾ കച്ചവട ചരക്കുമായി ശാമിലേക്ക് നിരന്തരം കടന്ന് ചെന്നിരുന്നു. പ്രവാചക പിതാവ് അബ്ദുള്ളയും പ്രവാചകത്വം ലഭിക്കുന്നതിന് മുൻപ് പ്രവാചകനും ശാമിലേക്ക് ചരക്കുമായി കടന്ന് പോയതായി ഇസ്ലാമിക ചരിത്രത്തിൽ നിന്ന് വായിക്കാൻ കഴിയുന്നുണ്ട്. ഖലീഫ ഉമറിന്റെ കാലത്താണ് ഈ പ്രദേശം ഇസ്ലാമിന്റെ കീഴിൽ വരുന്നത്. ഫിനീഷ്യരുടെയും അലക്സാണ്ടറുടെയും റോമക്കാരുടെയും പടയോട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച സിറിയ പിന്നീട് കുരിശ് യുദ്ധത്തേയും അയ്യൂബി മംലൂക്കി സൈന്യങ്ങളുടെ അക്രമണത്തേയും നേരിടുകയുണ്ടായി. പിന്നീട് തുർക്കി ഖിലാഫത്തിന് കീഴിലെത്തിയ സിറിയ ഒന്നാം ലോക മഹായുദ്ധത്തിലെ ഖിലാഫത്ത് തകർച്ചയോടെ ഫ്രഞ്ച് അധീനതയിലാവുകയായിരുന്നു.
ഫ്രഞ്ച്കാരെ നേരിട്ട് 1946 ൽ സ്വതന്ത്ര രാജ്യമായി മാറിയ സിറിയ തുടർന്ന് കനത്ത ആഭ്യന്തര സംഘർഷങ്ങളിലേക്ക് തള്ളപ്പെടുകയായിരുന്നു. 1961 ൽ നൂറുദ്ധീൻ അത്താസിയും തുടർന്ന് ഹാഫിസുൽ അസദും സൈനിക അട്ടിമറിയിലൂടെ രാജ്യത്തിന്റെ ഭരണം പിടിച്ചെടുക്കുകയുണ്ടായി. ഏക പാർട്ടി ഭരണം നടത്തിയ ഹാഫിസ് തുടർച്ചയായി അഞ്ച് തവണ രാജ്യത്തിന്റെ ഭരണാധികാരിയായി. തുടർന്നാണ് 2000 ൽ ബാഷർ അൽ അസദ് ഭരണത്തിലേറുന്നത്. പ്രസിഡന്റിനെ പുറത്താക്കാൻ 2011 മാർച്ച് 15 ന് ആരംഭിച്ച സിറിയൻ വിപ്ലവം പിന്നീട് ലോകം കണ്ട വലിയ ആഭ്യന്തര യുദ്ധമായി മാറുകയായിരുന്നു. ജനാധിപത്യ പരിഷ്ക്കാരങ്ങള്‍, രാഷ്ട്രീയ ജയില്‍വാസികളുടെ മോചനം, സ്വാതന്ത്ര്യം, അടിയന്തരാവസ്ഥ, അഴിമതി തുടങ്ങിയവ മുന്‍നിര്‍ത്തിയാണ് അക്കാലത്ത് പ്രതിഷേധങ്ങള്‍ തുടങ്ങുന്നത്.
2011 ജൂലയ് 29 ല്‍, ഭരണകൂടത്തിന്‍റെ ക്രൂരതകളിൽ മനം മടുത്ത് കൂറുമാറിയ സിറിയൻ സേനയിലെ ഓഫീസർമാരും സൈനികരും ചേർന്ന് രൂപീകരിച്ച വിമത സൈനിക വിഭാഗമായ ഫ്രീ സിറിയൻ ആർമി ബാഷർ അൽ അസദിനെതിരെ കലാപക്കൊടി ഉയർത്തുകയുണ്ടായി.
അറബ് വസന്തത്തിന്റെ മുല്ലപ്പൂ ഗന്ധമായി തുനീഷ്യയിലും ഈജിപ്തിലും എത്തിയ വിപ്ലവം മറ്റിടങ്ങളിൽ പെട്ടെന്ന് തന്നെ അവസാനിച്ചപ്പോൾ സിറിയയിൽ 6 ലക്ഷത്തിന് മുകളിൽ മനുഷ്യരുടെ ജീവനെടുത്ത യുദ്ധമായി രൂപാന്തരപ്പെടുകയായിരുന്നു. 1963 മുതല്‍ 2011 വരെ രാജ്യത്ത് അടിയന്തരാവസ്ഥ തന്നെ ആയിരുന്നു. അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് പോലും നിയമവിരുദ്ധമായിരുന്നുവെന്നോർക്കണം. ബാഷർ ഭരണകൂടത്തിന് ഹിസ്ബുള്ള, ഇറാന്‍, റഷ്യ എന്നിവരുടെ പിന്തുണയുണ്ട്. ഇറാനിന്‍റെ സുന്നി വിരുദ്ധ നയം പിന്തുണക്കുള്ള നിർണ്ണായക ഘടകമായിരുന്നു.
ഇറാഖ്, ചൈന, ഉത്തര കൊറിയ എന്നിവരും ചെറുതല്ലാത്ത പിന്തുണ നൽകിയിരുന്നു. വിമതർ ആകട്ടെ ഫ്രീ സിറിയന്‍ ആര്‍മി, സിറിയന്‍ ലിബറേഷന്‍ ഫ്രണ്ട്, ഫ്രീ സിറിയന്‍ പോലീസ് തുടങ്ങിയരും ജെയിഷ് അല്‍ ഇസ്ലാം, ഇസ്ലാമിക് ഫ്രണ്ട് തുടങ്ങി നിരവധി രാഷ്ട്രീയ, ഇസ്ലാമിക, ഗോത്ര സംഘടനകളുടെ ബലത്തിലാണ് പ്രക്ഷോഭം ശക്തമാക്കിയത്. സൗദി, ഇസ്രയേല്‍, ഖത്തര്‍, ലിബിയ, ഫ്രാന്‍സ് എന്നിവരുടെ യുദ്ധസജ്ജീകരണ സഹായവും സ്വീകരിച്ച ഇവർക്ക് ഒളിഞ്ഞും തെളിഞ്ഞുമുള്ള അമേരിക്കൻ പിന്തുണയും ഉണ്ടായിരുന്നു. 2015 ൽ റഷ്യ ബാഷർ അൽ അസദിനെ സഹായിക്കാനെത്തിയപ്പോഴേക്കും ഡമസ്‌കസും അലാവൈറ്റുകൾക്ക് സ്വാധീനമുള്ള തീര ദേശങ്ങളുമൊഴികെ അന്യാധീനപ്പെട്ടു പോയിരുന്നു. രാജ്യത്തിന്റെ വിവിധ മേഖലകൾ മത രാഷ്ട്രീയ സംഘടനകൾ വീതിച്ചെടുത്തു.
റാഖയും ഡെയ്ർ എസോറും പാൽ മിറയും ഐ എസ്സിന്റെ കയ്യിലായി. വടക്ക് പടിഞ്ഞാറുള്ള ഇഡ്ലിബ് അൽ നുസ്രയും ഫ്രീ സിറിയൻ ആർമിയും പിടിച്ചെടുത്തു. റഷ്യയുടെ സഹായത്തോടെ സിറിയൻ ഭരണ കൂടം വിമതർക്കെതിരെ പട നയിച്ചു. ഇറാനും ഹിസ്‌ബുള്ളയും പരസ്യ പിന്തുണയുമായി രംഗത്തെത്തി. 2016 ൽ യുദ്ധം അവസാനിച്ചതോടെ വിമത വിഭാഗം ഇഡ്ലിബിൽ മാത്രമായി ചുരുങ്ങി.
വിമതർ വീണ്ടും
ബാഷർ അൽ അസദിന്റെ സർക്കാരിനെതിരെ 2011 ൽ കലാപമുണ്ടായപ്പോൾ സർക്കാർ സേനയെ സഹായിക്കാൻ സായുധ സേനയെ അയച്ച് പൂർണ്ണ പിന്തുണ നൽകിയ ഇറാന്റെ ശക്തി ക്ഷയിച്ചതും ഇസ്രായേലുമായുള്ള യുദ്ധത്തിൽ ഹിസ്‌ബുള്ളക്ക് നേരിട്ട തിരിച്ചടിയുമാണ് ഇടവേളക്ക് ശേഷമുള്ള കടന്നാക്രമണത്തിന് വിമതരെ പ്രേരിപ്പിച്ചത്. റഷ്യയാകട്ടെ മൂന്ന് വർഷത്തോളമായി ഉക്രൈനുമായി യുദ്ധത്തിലാണ്. ഹിസ്‌ബുള്ളയുമായുള്ള സൗഹൃദത്തിന്റെ പേരിൽ ഇസ്രായേൽ സിറിയക്കെതിരെ അഴിച്ചു വിടുന്ന നിരന്തരാക്രമണങ്ങളും വിമതർക്ക് സുവർണ്ണാവസരമായി. വിമത വിഭാഗത്തെ നയിക്കുന്ന ഹയാത്ത് തഹ്‌രീർ അൽ-ഷാമിന് ഇതര വിമത സേനകളെയും സിറിയൻ സൈന്യത്തിൽനിന്ന് പിരിഞ്ഞു പോയവരെയും ഒപ്പംകൂട്ടാൻ സാധിച്ചതും അക്രമണത്തിന് ബലമേകി. ഡ്രോണുകൾ അടക്കമുള്ള സംവിധാനങ്ങളുടെ സഹായത്തോടെ മുന്നേറിയ വിമത നീക്കത്തെ ചെറുക്കാൻ സിറിയൻ സൈന്യത്തിന് കഴിഞ്ഞില്ല എന്നതാണ് വസ്തുത.
ഇനിയെന്ത്?
വിമതരെ നേരിടാൻ സിറിയക്ക് ആയുധ സഹായം നൽകുമെന്ന് ഇറാൻ പ്രഖ്യാപിച്ചു കഴിഞ്ഞു. ഷിയാ സായുധ സംഘടനകളിലെ അംഗങ്ങളായ 300 പേരെങ്കിലും സംഘർഷ മേഖലയിൽ എത്തിയിട്ടുണ്ടെന്നാണു റിപ്പോർട്ട്. സിറിയൻ വിഷയത്തിൽ അമേരിക്ക ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് നിയുക്ത പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ നിലപാട്. അതിനിടെ അസദിനെ പിന്തുണക്കുന്ന ഹിസ്ബുല്ലയുടെ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിക്കൊണ്ട് ഇസ്രായേൽ വ്യക്തമായ സന്ദേശം ലോകത്തിന് നൽകിക്കഴിഞ്ഞു. സിറിയയിലാകട്ടെ ഒരാഴ്ചക്കിടെ 2.80 ലക്ഷം പേർ അഭയാർഥികളായെന്നാണ് യു.എൻ ലോക ഭക്ഷ്യ പദ്ധതി തലവൻ സമീർ അബ്ദുൽ ജാബിർ പ്രസ്ഥാവിച്ചിട്ടുള്ളത്.
പശ്ചിമേഷ്യയിൽ സാമ്രാജ്യത്വത്തിന്നെതിരായ സുശക്തമായ നിലപാടുകളായിരുന്നു ബാഷർ അൽ അസദിനെ വ്യത്യസ്തനാക്കിയത്. സാമ്രാജ്യത്വ വിരുദ്ധ പോരാളിയായ അദ്ദേഹത്തിന്റെ പതനം പശ്ചിമേഷ്യയിലും ലോകത്താകമാനവുമുള്ള സാമ്രാജ്യത്വ അധിനി വേശത്തിന് കരുത്ത് പകരുമെന്ന ആശങ്കയാണുയരുന്നത്. ലോകരാജ്യങ്ങളെയും മനുഷ്യാവകാശ സംഘടനകളെയും കാഴ്ചക്കാരാക്കിക്കൊണ്ട് ഇസ്രയേൽ ഭരണകൂടംപലസ്തീനിൽ നടത്തിക്കൊണ്ടിരിക്കുന്ന നിഷ്ഠൂരമായ വംശഹത്യക്ക് സിറിയ യെ മറയാക്കുമോ എന്നതും ലോകം ഭയക്കണം. രാജ്യങ്ങളിലെ വംശീയവും ദേശീയവുമായ സംഘർഷങ്ങളെ വർദ്ധിപ്പിച്ച് സ്വത്വകേന്ദ്രീകൃത പ്രചാരണങ്ങളിലൂടെ സാമ്രാജ്യത്വാധിനിവേശത്തെ സാധൂകരിച്ചെടുക്കുന്ന അമേരിക്കയുടെ നീക്കങ്ങളും കരുതിയിരിക്കേണ്ടതുണ്ട്.