Thursday, May 1, 2025
spot_imgspot_img
HomeEditors Picksചൂരൽമലയ്ക്ക് എഐവൈഎഫിന്റെ കൈത്താങ്ങ്  

ചൂരൽമലയ്ക്ക് എഐവൈഎഫിന്റെ കൈത്താങ്ങ്  

കേരളം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ ചൂരൽ മല  മുണ്ടക്കൈ മേഖലകളിലെ ഉരുൾ ബാധിതരെ ചേർത്ത് പിടിച്ചു കൊണ്ട് എ ഐ വൈ എഫ് സംഘടിപ്പിച്ച ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നിന്നും വിവിധ ചലഞ്ചുകളിൽ നിന്നുമായി വീട് നിർമ്മാണത്തിന് സമാഹരിച്ച തുക ഇന്ന് തിരുവനന്തപുരത്ത് വെച്ച് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്ക്  സംസ്ഥാന ഭാരവാഹികൾ കൈ മാറുകയാണ്.

2024 ആഗസ്ത് 30 നു പുലർച്ചെ മിനിറ്റുകള്‍ മാത്രം നീണ്ടുനിന്ന പ്രകൃതിയുടെ ഒരു ഭാവമാറ്റം പ്രദേശങ്ങളെയാകെ ചേതനയറ്റ ശവശരീരങ്ങളുടെ ശ്മശാന ഭൂമിയാക്കി മാറ്റിയ ദുരന്ത മുഖത്ത് അസാധാരണമായ ഏകോപനത്തോടെയും നേതൃപാടവത്തോടെയും  നിലയുറപ്പിച്ച് കൊണ്ടാണ് സമാനതകളില്ലാത്ത രക്ഷ പ്രവർത്തനങ്ങൾക്ക്  എ ഐ വൈ എഫ് പ്രവർത്തകർ നേതൃത്വം നൽകിയത്.

വയനാടിന് ഒരു കൈത്താങ്ങ്’ എന്ന സന്ദേശവുമായി എ ഐ വൈ എഫ് ആഹ്വാനം ചെയ്ത ക്യാമ്പയിനിന്റെ ഭാ​ഗമായി  വിവിധ ഘടകങ്ങൾ ഇതര ജില്ലകളിൽ നിന്ന് ദുരന്ത ബാധിതർക്ക് അവശ്യ വസ്തുകളും മറ്റ് ഉത്പന്നങ്ങളും വ്യാപകമായി വയനാട്ടിൽ എത്തിക്കുകയുണ്ടായി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി കല്പറ്റ കേന്ദ്രമാക്കി ദുരിതാശ്വാസ സംഭരണ കേന്ദ്രം ആരംഭിക്കുകയും  തെരഞ്ഞെടുക്കപ്പെട്ട പ്രവർത്തകർ അവിടെ ചുമതല നിർവഹിക്കുകയും ചെയ്തു.

ദുരന്തം നടന്നതിന്റെ അടുത്ത ദിവസങ്ങളിൽ  സംസ്ഥാന സെക്രട്ടറിയും പ്രസിഡണ്ടും സ്ഥലത്ത് നിലയുറപ്പിച്ച്  രക്ഷ -പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും ദിനം തോറും നൂറ് കണക്കിന് വൈ എഫ് സഖാക്കൾ ദൗത്യത്തിന് ഇറങ്ങുകയും ചെയ്തു. വയനാട് പാർട്ടി നേതൃത്വവും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് നേതൃത്വം നൽകുകയുണ്ടായി.

ഭഗത് സിംഗ് യൂത്ത് ഫോഴ്സ് പ്രവർത്തകർ കർമ്മ നിരതരായി വിശ്രമമില്ലാതെ അത്യന്തം പ്രതികൂല സാഹചര്യങ്ങളോട് പൊരുതി നടത്തിയ രക്ഷ ദൗത്യം കേരളത്തിന്നാകെ മാതൃകയായിരുന്നു.മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ച ചെളിയുടെ ഒഴുക്കില്‍ ചാലിയാര്‍ പുഴയിലൂടെ ഒഴുകിപ്പോയ തിരിച്ചറിയാന്‍ പറ്റാത്ത വിധത്തിലുള്ള മൃതശരീരങ്ങള്‍ പലതും ചാലിയാറില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും അത്യന്തം  ദുര്‍ഘടമായ സാഹചര്യത്തില്‍ അവർ കണ്ടെത്തുകയായിരുന്നു.

ദുരന്തത്തിൽ അകപ്പെട്ടവർക്കും രക്ഷാപ്രവർത്തനത്തിലേർപ്പെട്ടവർക്കും ഭക്ഷണമെത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള  ജനകീയ അടുക്കളകളുടെ പ്രവർത്തനങ്ങളും സജീവമായിരുന്നു. തുടർന്ന് ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട പത്ത് കുടുംബങ്ങൾക്ക് വീടുവെച്ച് നൽകുന്നതുൾപ്പെടെയുള്ള നിരവധി പദ്ധതികൾ  സംഘടന ആസൂത്രണം ചെയ്യുകയുണ്ടായി.

പേപ്പർ ചലഞ്ച്, ബിരിയാണി ചലഞ്ച്, പായസ ചലഞ്ച്, വര ചലഞ്ച്, കൂപ്പൺ ചലഞ്ച്, ബുള്ളറ്റ് ചലഞ്ച്,തുടങ്ങി വിവിധ ചലഞ്ചുകളിലൂടെയും മറ്റ് വ്യത്യസ്ത ക്യാമ്പയിനുകളിലൂടെയുമുള്ള  അതിജീവന ശ്രമങ്ങളിൽ  വൈ എഫ് പ്രവർത്തകർ ഒന്നടങ്കം സജീവമായി. അതോടൊപ്പം മറ്റ് യുവജന സംഘടനകളും മത-രാഷ്ട്രീയ-സാമൂഹ്യ സംഘടനകളുമെല്ലാം തന്നെ ദുരന്ത മേഖലയിൽ സഹായ ഹസ്തവുമായി കേരളം കണ്ട  തീവ്രമായ പ്രകൃതി ദുരന്തത്തെ അതിജീവിക്കാൻ രംഗത്തെത്തി.

മുഖ്യമന്ത്രിയും മറ്റു സര്‍ക്കാര്‍ സംവിധാനങ്ങളുമെല്ലാം തന്നെ ഉണർന്നു പ്രവർത്തിക്കുകയും ദുരിത മേഖലയിൽ ആശ്വാസ പ്രവർത്തനങ്ങൾക്ക് കൈമെയ് മറന്നു രംഗത്തു വരികയും ചെയ്തു. വിവിധ വകുപ്പുകളെ എകോപിപ്പിച്ചുള്ള സർക്കാർ സംവിധാനങ്ങൾക്കൊപ്പം സന്നദ്ധ സംഘടനകളും മനുഷ്യസ്നേഹികളായ അനേകം ആളുകളും അതിരുകളില്ലാത്ത കരുതലിന്റെയും സ്നേഹത്തിന്റെയും നിസ്തുല്യ  മാതൃകകൾ സൃഷ്ടിക്കുകയുണ്ടായി.

ഉംറ ക്ക് പോകാൻ സ്വരൂപിച്ച് വെച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയ തിരുവനന്തപുരം കരമന സ്വദേശി നവാസും കുഞ്ഞു മക്കൾക്ക് മുലപ്പാൽ നൽകാൻ പോലും സന്നദ്ധയാണെന്നറിയിച്ച പ്രിയ സഹോദരിയും അതിരുകളില്ലാത്ത കരുതലിന്റെയും സ്നേഹത്തിന്റെയും സഹനത്തിന്റെയും  മറു വാക്കുകളായിരുന്നു. ദുരന്ത മുഖത്ത് നിന്ന് അതിസാഹസികമായി രക്ഷപ്പെട്ട  സുജാതയുടെയും കൊച്ചുമകളുടെയും അനുഭവ സാക്ഷ്യം കല്പിത കഥകളെയും വെല്ലുന്നതാണ്.

ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട് സുജാതയും കൊച്ചു മകളും  മൂന്ന് കാട്ടാനകൾക്ക് മുന്നിലെത്തിപ്പെടുകയും തങ്ങളെ സഹായിക്കാൻ ആരുമില്ലെന്ന ബോധ്യത്തോടെ ആനകളിലൊന്നിനോട് ആരെങ്കിലും വരുന്നത് വരെ തങ്ങളെ ഉപദ്രവിക്കരുതെന്നും സംരക്ഷിക്കണമെന്നും പറഞ്ഞു കൈകൂപ്പിയപ്പോൾ കൊമ്പനാനയുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ധാര ധാരയായി ഒഴുകിയത്രെ. പുലർച്ചെ മറ്റുള്ളവർ എത്തി അവരെ കൊണ്ടുപോകുന്നത് വരെ ആ അമ്മൂമ്മയും കൊച്ചുമകളും മൂന്ന് ആനകളുടെ സംരക്ഷണത്തിലായിരുന്നുവെന്നോർക്കണം.
അങ്ങനെ എത്രയെത്ര അനുഭവങ്ങൾ.

വയനാട് ദുരന്തം നടന്ന് മാസങ്ങൾ പിന്നിട്ടിട്ടും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാതെയും ദുരന്തനിവാരണത്തിനായി കേരളം ആവശ്യപ്പെട്ട ധനസഹായം നൽകാതെയും ദുരന്തബാധിതരുടെ വായ്പകൾ ദുരന്ത നിവാരണ നിയമത്തിലെ പതിമൂന്നാം വകുപ്പ് പ്രകാരം എഴുതിത്തള്ളുകയെന്ന ആവശ്യം പരിഗണിക്കാതെയും അപ്രായോഗികമായ നിർദേശത്തോടെ അനുവദിച്ച് നൽകിയ  വായ്‌പയിലൂടെ തങ്ങളുടെ ഉത്തരവാദിത്ത നിർവഹണം നടത്തിയെന്ന് ലാഘവത്തോടെ പ്രഖ്യാപിക്കുകയാണ് കേന്ദ്രം.

 ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ വകുപ്പില്ലെന്നു പറയുന്ന കേന്ദ്ര സർക്കാർ  അതി തീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്ന വിഷയത്തിലും തികഞ്ഞ അലംഭാവമാണ് ആദ്യ ഘട്ടത്തിൽ കാണിച്ചത്. മാരകമായ ദുരന്തമായി പ്രഖ്യാപിക്കപ്പെട്ടാൽ സംസ്ഥാനത്തിന് സാധാരണ നൽകുന്ന ദുരന്ത പ്രതികരണ നിധിയ്ക്കു പുറമെ ദേശീയ നിധിയിൽ നിന്നും പ്രത്യേക സഹായം  നൽകേണ്ടി വരുമെന്നതിനാലും സംസ്ഥാനത്തിന് മറ്റു പല സ്രോതസുകളിൽ നിന്നും സഹായം അഭ്യർത്ഥിക്കാൻ കഴിയുമെന്നതിനാലും അങ്ങേയറ്റം മനുഷ്യത്വരഹിതവും വിവേചനപരവുമായ നടപടികളിലൂടെ  അത്തരം സാഹചര്യം തടയുന്നതിനായുള്ള ആസൂത്രിത നീക്കം തന്നെ കേന്ദ്ര സർക്കാർ നടത്തുകയുണ്ടായി.

ഏറ്റവും ഒടുവിൽ സംസ്ഥാനത്തിന്റെ നിരന്തര സമ്മർദത്തിന് വഴങ്ങി അതി തീവ്ര ദുരന്തമായി പ്രഖ്യാപിച്ചുവെങ്കിലും ഉത്തരവിലെ കാലതാമസം നിമിത്തം  യു എൻ സ്ഥാപനങ്ങൾ, എൻ ജി ഒ കൾ എന്നിവയിൽ നിന്നുടക്കം അധിക സഹായം ലഭിക്കാത്ത സ്ഥിതി വിശേഷമാണുണ്ടായത്. അത് പോലെ തന്നെ കേരളം കേന്ദ്രത്തിന് ആഗസ്ത് 17 നു നൽകിയ ആദ്യ മെമ്മോറാണ്ഡത്തിൽ തന്നെ പുനർനിർമ്മാണത്തിനുള്ള ചെലവിന്റെ പ്രാഥമിക കണക്കുകൾ സമർപ്പിച്ചിരുന്നു.

ദേശീയ നയവും പദ്ധതി ചട്ടക്കൂടും അനുസരിച്ചുള്ള വിവിധ പുനർ നിർമാണ ചെലവായി കണക്കാക്കിയിരിക്കുന്നത് 2221.033 കോടി രൂപയാണ്.  ഇതിന്റെ ഉത്തരവാദിത്തം യൂണിയൻ സർക്കാരിനാണെന്ന് ദേശീയ ഡിസാസ്റ്റർ മാനേജ്മെന്റ് പ്ലാൻ തന്നെ വ്യക്തമാക്കുന്നുണ്ടെന്നിരിക്കെ തുടക്കം മുതൽ ഒളിച്ചു കളിക്കുന്ന സമീപനമാണ് കേന്ദ്രം സ്വീകരിച്ചത്.

ദുരിതാശ്വാസത്തിനായി കേരളം ആവശ്യപ്പെട്ട  പാക്കേജിന്റെ വിഷയത്തിൽ അവസാന ബജറ്റിൽ പോലും തീർത്തും നിഷേധാത്മക സമീപനമായിരുന്നു കേന്ദ്രത്തിന്റേത് എന്നുമോർക്കണം. കേന്ദ്രത്തിന്റെ കടുത്ത അവഗണനക്കിടയിലും ഉരുൾ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവരുടെ പുനരധിവാസം ഏറ്റവും മാതൃക പരമായ രീതിയിൽ തന്നെ നടപ്പാക്കാനുള്ള സത്വര നടപടികളുമായി മുന്നോട്ട് പോവുകയാണ് സംസ്ഥാന സർക്കാർ. ജില്ലാ ആസ്ഥാനമായ കല്പറ്റയിലെ ബൈപ്പാസിനോട്‌ ചേർന്ന് സർക്കാർ ഏറ്റെടുത്ത 64 ഹെക്ടർ ഭൂമിയിൽ ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പിന്റെ തറക്കല്ലിടൽ കർമ്മം അല്പ ദിവസങ്ങൾക്ക് മുൻപ് മുഖ്യമന്ത്രി നിർവഹിക്കുകയുണ്ടായി.

ആയിരം ചതുരശ്രയടി വിസ്തീർണം വരുന്ന വീടുകളുടെ നിർമ്മാണം ഉടൻ ആരംഭിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ആരോഗ്യകേന്ദ്രം, പൊതുമാർക്കറ്റ്, അങ്കണവാടി, കമ്യൂണിറ്റി സെന്റർ, മൾട്ടിപ്പർപ്പസ്‌ ഹാൾ, ലൈബ്രറി തുടങ്ങിയ ഉൾപ്പെടെ ടൗൺഷിപ്പിലുണ്ടാകും. വിവിധ മേഖലകളിലെ വിദഗ്ദ്ധരുടെ സേവനം ഉപയോഗിച്ച് കൊണ്ട് ജില്ലാ ഭരണസംവിധാനത്തിന്റെ സഹായത്തോടെയാണ് പദ്ധതി നിർവഹണം നടപ്പാക്കുന്നത്.

ടൗൺഷിപ്പിൽ താത്പര്യം ഇല്ലാത്തവർക്ക് 15 ലക്ഷം രൂപ വീതം നൽകാനും പദ്ധതിയുണ്ട്. അപ്രകാരം  പ്രകൃതി ദുരന്തം ഭീതിയുടെ നിഴലിൽ നിർത്തിയ നിസ്സഹായരായ ജനവിഭാഗത്തെ കൈവിടാതെ ചേർത്ത് നിർത്തുന്ന സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്.   ദുരന്തം ബാധിച്ച ജനതയുടെ  പുനരധിവാസത്തിനായുള്ള  എ ഐ വൈ എഫ് ക്യാമ്പയിനുകളോട് കേരളമൊന്നടങ്കം ഒരേ മനസ്സോടെ സഹകരിച്ചത് വല്ലാത്തൊരു അനുഭൂതിയാണ് സമ്മാനിച്ചത്.

ഒരു നാടിന്റെ പുനര്‍നിര്‍മാണത്തില്‍ യുവത്വത്തിന്റെ  കരുത്തിനെയും കര്‍മശേഷിയെയും ക്രിയാത്മകമായി ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞുവെന്നതിൽ എ ഐ വൈ എഫിന് തികഞ്ഞ ചാരിതാർഥ്യവുമുണ്ട്. കേരള ജനത ഒറ്റക്കെട്ടായി നിന്ന് കൊണ്ട് അധ്വാനമായും പണമായും സഹായങ്ങളായും ദുരിത ബാധിതരെ അകമഴിഞ്ഞ് പിന്തുണക്കുകയായിരുന്നു. അതെ,ഉരുൾ ദുരന്തത്തിന്റെ തീരാനോവില്‍നിന്നും പ്രതീക്ഷയുടെയും അതിജീവനത്തിന്റെയും പാതയിലേക്ക്  ജനകീയ മുന്നേറ്റത്തിന്റെ കരുത്തിൽ  തിരിച്ചെത്തുകയാണ് ചൂരൽ മലനിവാസികൾ.

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!

Most Popular

Recent Comments

Shares