ബംഗളൂരു: രാജ്യത്തിന്റെ സമ്പദ്ഘടന കൈകാര്യം ചെയ്യുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയമാണെന്ന പ്രമുഖ ധനകാര്യ വിദഗ്ധനും ധനമന്ത്രി നിര്‍മല സീതാരാമന്റെ ഭര്‍ത്താവുമായ പരകാല പ്രഭാകറിന്റെ പ്രസ്താവന കേന്ദ്ര സര്‍ക്കാരിന്റെ കപട അവകാശവാദങ്ങളെ പൊളിക്കുന്നതാണെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോന്‍. എഐവൈഎഫ് സേവ് ഇന്ത്യ മാര്‍ച്ച് തെക്കന്‍ മേഖല കാല്‍നട ജാഥയില്‍ മംഗലപുരത്തെ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരാനിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി വീണ്ടും അധികാരത്തില്‍ വന്നാല്‍ അത് വലിയ ദുരന്തമാകുമെന്നായിരുന്നു പരകാല പ്രഭാകര്‍ വെളിപ്പെടുത്തിയത്. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ മോദി ഭരണം കഴിവുതെളിയിച്ചെങ്കിലും സമ്പദ് വ്യവസ്ഥയെയും മറ്റ് കാര്യങ്ങളെയും കൈകാര്യം ചെയ്യുന്നതില്‍ ഏറെ പിന്നിലാണെന്നും പ്രഭാകര്‍ ചൂണ്ടിക്കാട്ടിയത് വസ്തുതയാണെന്നും ജിസ്മോൻ പറഞ്ഞു.
മോദിയുടെയും നിര്‍മ്മല സീതാരാമന്റെയും തുഗ്ലക് പരിഷ്‌കരണങ്ങള്‍ സാമ്പത്തിക സ്ഥിതി തകര്‍ന്ന പട്ടിണി രാജ്യമാക്കി ഇന്ത്യയെ മാറ്റിയെന്ന് ഇടതുപക്ഷം നിരന്തരം പറയുന്നത് ശരിവയ്ക്കുന്നതാണ് പ്രഭാകറിന്റെ വാക്കുകലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിര്‍മ്മല സീതാരാമന്റെ മണ്ടത്തരങ്ങള്‍ തൊട്ടടുത്തിരുന്നു കണ്ട പ്രഭാകറിന് കാര്യങ്ങള്‍ കൃത്യമായി മനസ്സിലാകുന്നുണ്ട്. ഇനിയും തന്റെ ഭാര്യയുടെ മണ്ടത്തരങ്ങള്‍ തുറന്നുപറഞ്ഞില്ലെങ്കില്‍ രാജ്യം തകരുന്നത് കണ്ടുനില്‍ക്കേണ്ടി വരുമെന്ന സ്ഥിതിവന്നപ്പോഴാണ് പ്രഭാകര്‍ സത്യം വിളിച്ചു പറഞ്ഞതെന്നും അദ്ദേഹം പരിഹസിച്ചു.
രാജ്യത്ത് തൊഴിലില്ലായ്മയും വിലക്കയറ്റവും സാധാരണക്കാരന്റെ നടുവൊടിക്കുന്ന തരത്തിലാണ്. ഇന്ധനത്തിന്റെയും പാചക വാതകത്തിന്റെ വില റോക്കറ്റ് വേഗത്തില്‍ മേലേക്ക് പോകുമ്പോള്‍, പാവപ്പെട്ടവന്റെ ജീവിതം പാതാളത്തിലേക്ക് പോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ഒറ്റ ലക്ഷ്യമെയുള്ളു ഭരതത്തിന്റെ മതേതര മൂല്യങ്ങള്‍ തകര്‍ത്തെറിഞ്ഞ് ഇതൊരു മതരാഷ്ട്രമാക്കി മാറ്റുകയെന്നതാണ്. അതിന് എഐവൈഎഫ് ഒരുകാലത്തും സമ്മതിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.