സംസ്ഥാനത്ത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ നോക്കുകുത്തികളാക്കുന്ന സമീപനം സർക്കാർ അവസാനിപ്പിക്കണമെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ. സേവ് ഇന്ത്യ മാർച്ചുമായി ബന്ധപ്പെട്ട് തൊടുപുഴയിൽ നടന്ന സ്വീകരണ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ തൊഴിൽ ബാങ്കുകളായി മാറി യുവാക്കളിലേക്ക് കൂടുതൽ തൊഴിലവസരങ്ങൾ കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കേണ്ടത്. എന്നാൽ ഇന്ന് സ്വീപ്പർ പോസ്റ്റ് അടക്കമുള്ള ജോലികൾ മറ്റു സംവിധാനങ്ങളിലേക്ക് മാറ്റി നിർണയിക്കുമ്പോൾ അവിടെ തൊഴിൽ നഷ്ടപ്പെടുന്നത് അവസരം കാത്തു നിൽക്കുന്ന ഉദ്യോഗാർത്ഥികൾക്കാണെന്ന കാര്യം സർക്കാർ മറക്കരുത്.
ഇത്തരം നടപടികൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളോടുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തുന്നതാണ്. പേര് രജിസ്റ്റർ ചെയ്ത് വേഴാമ്പലിനെ പോലെ കാത്തിരിക്കുന്ന അവസ്ഥയിലാണ് സാധാരണക്കാരായ ഓരോ ഉദ്യോഗാർത്ഥികളെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ ഇത്തരം നിയമനങ്ങളിൽ നിന്നും സർക്കാർ പിൻവലിയണമെന്നും ടി ടി ജിസ്മോൻ ആവശ്യപ്പെട്ടു.