കോഴിക്കോട്: അധികാരം നിലനിർത്താൻ രാജ്യത്തിൻ്റെ അതിർത്തി കാക്കുന്ന ധീര ജവാൻമാരുടെ ജീവൻ ബലി നത്കുന്ന രാജ്യദ്രോഹികളാണ് ഇന്ത്യ ഭരിക്കുന്നതെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി ജിസ്മോൻ. എഐവൈഎഫ് സേവ് ഇന്ത്യാ മാർച്ചിനോട് അനുബന്ധിച്ചുളള വടക്കൻ മേഖലാ കാൽനട ജാഥയുടെ കോഴിക്കോട് ജില്ലയിലെ പര്യടനം വിജയിപ്പിക്കുന്നതിന് ജില്ലാതല സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുൽവാമയിൽ സൈനികരുടെ ജീവൻ നഷ്ടപ്പെട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും പ്രതിരോധ മന്ത്രാലയത്തിൻ്റെയും ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചയാണെന്നും ഇത് പുറത്ത് പറയരുതെന്ന് തന്നോട് നരേന്ദ്ര മോഡിയും പ്രതിരോധ മന്ത്രാലയവും ആവശ്യപ്പെട്ടു എന്നതും ജമ്മു കാശ്മീർ ഗവർണ്ണറായിരുന്ന സത്യപാൽ മാലിക്കിൻ്റെ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളതാണ്. പുൽവാമയിൽ സൈനികർ കൊല്ലപ്പെട്ടതിൻ്റെ പൂർണ്ണ ഉത്തരവാദിത്വം പ്രധാനമന്ത്രി നരേന്ദ്രമോഡിക്കാണെന്നതാണ് ഈ വെളിപ്പെടുത്തലിലൂടെ നമുക്ക് ബോദ്ധ്യപ്പെടുന്നതെന്നും ജിസ്മോൻ പറഞ്ഞു.
എഐവൈഎഫ് ജില്ലാ പ്രസിഡണ്ട് അഡ്വ: കെ.പി ബി നൂപ് അദ്ധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി കെ.കെ ബാലൻ മാസ്റ്റർ, എഐവൈഎഫ് സംസ്ഥാന ജോ: സെക്രട്ടറി അഡ്വ: കെ.കെ സമദ്, ജില്ലാ സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി, പി.കെ നാസർ, അജയ് ആവള, അഭിജിത്ത് കോറോത്ത്, എൻ.നിംഷ പ്രസംഗിച്ചു.