വയനാട് ഡി സി സി ട്രഷറർ എൻ എം വിജയന്റെയും മകന്റെയും ആത്മ ഹത്യക്കുത്തരവാദിയായ ഐ സി ബാലകൃഷ്ണൻ എം എൽ എ സ്ഥാനം രാജിവെക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന് എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ. വിഷയത്തിൽ വയനാട് എം പി യായ പ്രിയങ്ക ഗാന്ധി പുലർത്തുന്ന മൗനം ദുരൂഹമാണെന്നും എൻ എം വിജയന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം ജിസ്‌മോൻ ആരോപിച്ചു.സുൽത്താൻ ബത്തേരി അർബൻ ബാങ്ക് നിയമനത്തിന്റെ പേരില്‍ പണം വാങ്ങിയത് എംഎല്‍എയുടെ നിര്‍ദേശപ്രകാരമാണെന്ന് വിജയൻ എഴുതിയ കത്തില്‍ പറയുന്നുണ്ട്.നിയമനവുമായി ബന്ധപ്പെട്ട് പലരില്‍ നിന്നും പണം വാങ്ങിയിരുന്നുവെന്നും എന്നാല്‍ നിയമനം നല്‍കാനായില്ലെന്നും നേതാക്കളുടെ നിര്‍ദേശപ്രകാരം പാര്‍ട്ടി ആവശ്യത്തിനായി പണം വാങ്ങി ഒടുവില്‍ ബാധ്യതകളെല്ലാം ഡിസിസി ട്രഷററായ തന്റെ തലയില്‍ മാത്രമായെന്നുമാണ് കത്തിലുള്ളത്.എൻ എം വിജയന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ഐ സി ബാലകൃഷ്ണന് എം എൽ എ സ്ഥാനത്ത് തുടരാനുള്ള ധാർമിക അവകാശം നഷ്‌ടപ്പെട്ടിരിക്കുകയാണെന്നും രാജി വെച്ച് അന്വേഷണം നേരിടാൻ അദ്ദേഹം തയ്യാറാകണമെന്നും ജിസ്‌മോൻ ആവശ്യപ്പെട്ടു.കോൺഗ്രസ് നേതൃത്വത്തിന്റെ അഴിമതിയുടെയും സാമ്പത്തിക തട്ടിപ്പിന്റെയും ഇരയായി പ്രമുഖ നേതാവിനും മകനും ആത്മഹത്യ ചെയ്യേണ്ട സാഹചര്യമുണ്ടായിട്ടും വിഷയത്തിൽ ഇടപെട്ട് പ്രതികരിക്കാനോ കുടുംബാംഗങ്ങളെ സന്ദർശിക്കാനോ പ്രിയങ്ക ഗാന്ധി തയ്യാറായിട്ടില്ല.കെ പി സി സി പ്രസിഡന്റും പ്രതിപക്ഷ നേതാവുമടക്കമുള്ള കേരളത്തിലെ കോൺഗ്രസ് നേതൃത്വവും വിഷയത്തെ നിസ്സാരവത്കരിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. എം പി യും കോൺഗ്രസ് നേതൃത്വവും കുറ്റകരമായ മൗനം വെടിഞ്ഞ് വിഷയത്തിൽ പ്രതികരിക്കണമെന്നും വിജയന്റെ മരണത്തിന്നുത്തരവാദികളായ മുഴുവനാളുകൾക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്നും ജിസ്മോൻ ആവശ്യപ്പെട്ടു.