ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരത്തിൽ ചെങ്കോൽ സ്ഥാപിക്കുന്നതിനെതിരെ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ. മോദി ഇന്ത്യയെ കൊണ്ടു പോകുന്നത് രാജഭരണക്കാലത്തേക്ക് ആണെന്നും താൻ ഈ രാജ്യത്തിന്റെ സ്വയം പ്രഖ്യാപിത രാജാവായി സ്വയം തീരുമാനിക്കുകയുമാണ്. അതിന്റെ സൂചകമെന്നോണമാണ് പുതിയ പാർലമെന്റ് മന്ദിരത്തിൽ ചെങ്കോൽ സ്ഥാപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എഐവൈഎഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സേവ് ഇന്ത്യ മാർച്ചിന്റെ തെക്കൻ മേഖല ജാഥ കോട്ടയം ജില്ലയിൽ പ്രവേശിച്ചപ്പോഴാണ് അദ്ദേഹം മോദിക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ചത്.
ബ്രിട്ടീഷ് അധിനിവേശത്തിൽ നിന്നും ഇന്ത്യ മോചനം നേടിയതിന്റെ അടയാളമാണ് ഈ ചെങ്കോലെന്നും അതിനെയാണ് ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാർലമെന്റിൽ പ്രതിഷ്ഠിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കാൻ രാഷ്ട്രപതിയ്ക്ക് അവസരം നൽകാത്തതിലൂടെയും ഉദ്ഘാടനച്ചടങ്ങിലേക്ക് രാഷ്ട്രപതിയെ കക്ഷിയാക്കാത്തതിലൂടെയും രാജ്യത്തെ ഏറ്റവും ഉന്നതമായ ഭരണഘടനാപദവിയെ അവഹേളിക്കുകയാണ് ബിജെപി നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.