തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോന്‍. കേരളത്തില്‍ ഭരണപ്രതിസന്ധി സൃഷ്ടിക്കുവാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പദവിയുടെ മാന്യതയ്ക്ക് നിരക്കാത്ത പ്രവര്‍ത്തികളാണ് അദ്ദേഹം നടത്തുന്നതെന്നും ടി ടി ജിസ്‌മോന്‍ കുറ്റപ്പെടുത്തി. ഗവര്‍ണര്‍ ഇന്നലെ നടത്തിയ പത്രസമ്മേളനത്തെ കേരളത്തിലെ ജനങ്ങള്‍ തമാശയായിട്ടാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഗവര്‍ണര്‍ തന്റെ അധികാരം ആര്‍എസ്എസിന്റെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണ്. ഗവര്‍ണര്‍ ഉയര്‍ത്തിയത് ബാലിശമായ വാദങ്ങളാണ്. എല്ലാ പരിധിയും ലംഘിച്ചുകൊണ്ടുള്ള പ്രവര്‍ത്തിയാണ് ഇന്നലെ അദ്ദേഹം നടത്തിയതെന്നും ജിസ്‌മോന്‍ അഭിപ്രായപ്പെട്ടു. ഗവര്‍ണര്‍ പദവിയില്‍ ഇരുന്നുകൊണ്ട് പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്.
ഭരണഘടനാ സ്ഥാനങ്ങള്‍ ഉപയോഗിച്ച് ജനാധിപത്യ സര്‍ക്കാരിനെതിരായി പ്രവര്‍ത്തിക്കുന്ന നടപടികള്‍ രാജ്യത്തിന് ചേര്‍ന്നതല്ലെന്നും ജിസ്‌മോന്‍ വ്യക്തമാക്കി. ഗവര്‍ണറുടെ ആര്‍എസ്എസ് ബന്ധത്തിന്റെയും കമ്മ്യൂണിസ്റ്റ് വിരുദ്ധ നീക്കത്തിന്റെയും തെളിവുകളും വെളിപ്പെടുത്തലുകളുമാണ് കഴിഞ്ഞ ദിവസത്തെ വാര്‍ത്താസമ്മേളനത്തിലൂടെ പുറത്തുവന്നത്. ഒരു മറയുമില്ലാതെയാണ് ആരിഫ് മുഹമ്മദ് ഖാന്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനെ സന്ദര്‍ശിച്ചത്. താന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്ന് അഭിമാനത്തോടെ പറയുന്ന വ്യക്തിയാണ് ആരിഫ് മുഹമ്മദ് ഖാന്‍. ഇന്ത്യയില്‍ നിരവധി വര്‍ഗീയ സംഘര്‍ഷങ്ങളും മഹാത്മമാ ഗാന്ധിയുടെ കൊലകപാതകം വരെ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ഒരു സംഘടനയുടെ പ്രവര്‍ത്തകനാണ് താനെന്ന് അഭിമാനത്തോടെ പറയുന്ന ഒരാള്‍, ഭരണഘടനാ സ്ഥാനത്തിരുന്ന് ജനാധിപത്യ സര്‍ക്കാരിനെ നിരന്തരം അപമാനിക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ജിസ്‌മോന്‍ പറഞ്ഞു.