പാലക്കാട്: വിദ്വേഷ പ്രസംഗം നടത്തിയ പിസി ജോർജിനെതിരെ തുറന്നടിച്ച് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ. കേരളത്തിന്റെ രാഷ്ട്രീയ മാലിന്യമായി പിസി ജോർജ് അധപതിച്ചിരിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.വർഗീയ രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെ പ്രതിരോധം തീർക്കാൻ എഐവൈഎഫ് പാലക്കാട് സംഘടിപ്പിച്ച മാനവമൈത്രി സംഗമത്തിൽ അഭിസംബോധന ചെയ്യവേയാണ് പിസി ജോർജിനെതിരെ രൂക്ഷവിമർശനവുമായി ടിടി ജിസ്മോൻ രംഗത്തെത്തിയത്.
കേരളത്തിന്റെ മതേതര മനസ്സുകളെ മുറിവേൽപ്പിക്കുന്ന തരത്തിലുളള പ്രസ്താവനയാണ് പി സി ജോർജ് നടത്തിയതെന്ന് ജിസ്മോൻ പറഞ്ഞു. മതേതര കേരളത്തിൽ വർഗീയ വിഷം തീണ്ടാൻ പി സി ജോർജ് ഇറങ്ങിയിരിക്കുകയാണെന്നും ജിസ്മോൻ അഭിപ്രായപ്പെട്ടു.
അതേ സമയം, വിദ്വേഷ പ്രസംഗം നടത്തിയതിന് പി സി ജോർജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം ഫോർട്ട് പോലീസ് സ്റ്റേഷൻ എസ് പിയുടെ നേതൃത്വത്തിലുളള സംഘമാണ് പിസി ജോർജിനെ കസ്റ്റഡിയിലെടുത്തത്.
കച്ചവടം നടത്തുന്ന മുസ്ലീങ്ങൾ പാനീയത്തിൽ വന്ധ്യത വരുത്താനുള്ള മരുന്നുകൾ ബോധപൂർവം കലർത്തുന്നുവെന്നും, മുസ്ലീങ്ങൾ അവരുടെ ജനസംഖ്യ വർധിപ്പിച്ച് ഇന്ത്യ മുസ്ലിം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നുവെന്നും പിസി ജോർജ് ഇന്നലത്തെ പ്രസംഗത്തിൽ പറഞ്ഞിരുന്നു. മുസ്ലിം പുരോഹിതർ ഭക്ഷണത്തിൽ മൂന്ന് പ്രാവിശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നുവെന്നും പിസി ജോർജ് പറഞ്ഞിരുന്നു.