തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ രൂക്ഷ വിമർശനവുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോൻ രംഗത്ത്.
സിപിഐക്കും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനുമെതിരെ ഉണ്ടയില്ല വെടികളുമായിട്ടാണ് ചെന്നിത്തല രംഗത്തെത്തിയിരിക്കുന്നതെന്ന് ജിസ്മോർ അഭിപ്രായപ്പെട്ടു.
വി ഡി സതീശന്റെ അപ്രമാദിത്വത്തോടെ കോൺഗ്രസ് രാഷ്ട്രീയത്തിൽ എടുക്കാ ചരക്കായി മാറിയിരിക്കുന്ന രമേശ് ചെന്നിത്തല ശ്രദ്ധ പിടിച്ചു പറ്റാനുള്ള അടവുകളാണ് നോക്കുന്നത്.സ്വന്തം പാർട്ടിയിൽ താൻ അനുഭവിക്കുന്ന അവഗണയും വേദനയുമായിരിക്കാം അദ്ദേഹത്തെ കൊണ്ട് ഇത്തരത്തിലുള്ള അല്പത്തരങ്ങൾ വിളിച്ചു പറയിപ്പിക്കുന്നതെന്ന് ജിസ്മോൻ അഭിപ്രായപ്പെട്ടു.
2026 ലെ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് വേണ്ടി കോൺഗ്രസ് പ്രവർത്തകർ നടത്തുന്ന കിട മത്സരത്തിൽ സതീശനും സുധാകരനുമൊപ്പം താനുമുണ്ടെന്ന് കോൺഗ്രസ് പ്രവർത്തകരെ ബോധ്യപ്പെടുത്തുകയാണ് ചെന്നിത്തലയുടെ ലക്ഷ്യം.
ഇടത് മുന്നണിയിൽ സിപിഐയുടെ പ്രസക്തിയും സഖാവ് ബിനോയ് വിശ്വത്തിന്റെ വിലയും കേരളത്തിനറിയാം. അതിൽ ചെന്നിത്തലഗവേഷണം നടത്തി ബുദ്ധിമുട്ടേണ്ടതില്ല. സ്വന്തം കണ്ണിലെ കോൽ എടുത്തിട്ട് അന്യന്റെ കണ്ണിലെ കരടു നോക്കുന്നതാണ് ഉചിതമെന്ന് കോൺഗ്രസിന്റെ സമുന്നതനായ നേതാവിനെ ഓർമിപ്പിക്കുന്നതായി ജിസ്മോൻ പറഞ്ഞു