Thursday, November 21, 2024
spot_imgspot_img
HomeKeralaതലശ്ശേരി ആർച്ച് ബിഷപ്പിന്റെത് കെ സുരേന്ദ്രന്റെ ഭാഷ, സംസാരിക്കുന്നത് ബിജെപിയിൽ നിന്ന് അച്ചാരം വാങ്ങി: ടിടി...

തലശ്ശേരി ആർച്ച് ബിഷപ്പിന്റെത് കെ സുരേന്ദ്രന്റെ ഭാഷ, സംസാരിക്കുന്നത് ബിജെപിയിൽ നിന്ന് അച്ചാരം വാങ്ങി: ടിടി ജിസ്‌മോൻ

ആലപ്പുഴ: രക്തസാക്ഷിത്വത്തിന്റെ വില അറിയാതെ വിടുവായത്തരം വിളിച്ചു പറഞ്ഞ തലശ്ശേരി ആർച് ബിഷപ്പ് മാർ ജോസഫ് പാമ്പ്‌ളാനി പൊതു സമൂഹത്തോട് മാപ്പ് പറയണമെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ. എഐവൈഎഫ് നടത്തുന്ന സേവ് ഇന്ത്യ മാർച്ചിനിടെ നടത്തിയ പത്രസമ്മേളനത്തിനിടെ സംസാരിക്കുകയായിരുന്നു. നിരവധി പേർ ജീവൻ നൽകി നേടിയെടുത്ത സാമൂഹിക മാറ്റാത്തെ അപ്പാടെ തള്ളി കളയുന്ന പ്രസ്താവനയാണ് ബിഷപ്പിന്റെതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. താൻ ഇരിക്കുന്ന പദവിയ്ക്ക് ചേർന്നതാണോ ഇത്തരം പരാമർശങ്ങൾ എന്ന് അദ്ദേഹം ചിന്തിച്ചു നോക്കട്ടെ എന്നി ജിസ്മോൻ ആവശ്യപ്പെട്ടു.

തലശ്ശേരി ആർച് ബിഷപ്പിനും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ഒരേ ശബ്ദമാണെന്ന് അദ്ദേഹം പരിഹസിച്ചു. സ്വാതന്ത്ര്യ സമരത്തിലോ ഈ നാടിന്റെ നവോഥാന മുന്നേറ്റത്തിലോ ഒരു പങ്കും വഹിക്കാത്ത ബിജെപിക്കാരാണ് രക്ത സാക്ഷികളെ അധിക്ഷേപിക്കുന്നത്. അതെ ഭാഷയിലാണ് ബിജെപിക്കാരുടെ കയ്യിൽ നിന്നും അച്ചാരം വാങ്ങിയ തലശ്ശേരി ആർച് ബിഷപ്പും അദ്ദേഹം പറഞ്ഞു.

രാജ്യ ദ്രോഹികൾക്ക് ഒപ്പം കൂടി നാടിനെ തള്ളി പറയാൻ ശ്രമിക്കുന്ന ഒരു ആർച്ച് ബിഷപ്പ് സഭയ്ക്ക് അപമാനമാണ്. ബിജെപിക്ക് ഒപ്പം ചേർന്ന് വിടുവായത്തരം വിളിച്ചു പറയുമ്പോൾ മണിപ്പൂരിലും മറ്റു സംസ്ഥാനങ്ങളിലും ക്രിസ്തീയ സമൂഹത്തിനു നേരെ സംഘ പരിവാർ നടത്തുന്ന അതിക്രമങ്ങൾ കൂടി പാമ്പ്ലാനി നോക്കണം എന്ന് എഐവൈഎഫ് ഓർമിപ്പിക്കുന്നു. ഇനിയും ഇത്തരം പ്രസ്താവനകൾ തുടർന്നാൽ പള്ളി മേടയിലേക്ക് എഐവൈഎഫിന് മാർച് നടത്താൻ മടിയുണ്ടാകില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ബിജെപിക്ക് എതിരെ സംസാരിക്കുന്ന നേതാക്കളെ കള്ളക്കേസിൽ കുടുക്കുന്ന കേന്ദ്ര ഏജൻസികൾ, തട്ടിപ്പും വെട്ടിപ്പും സ്ഥിരമാക്കിയ കേരളത്തിലെ ബിജെപി നേതാക്കൾക്ക് എതിരെ കണ്ണടക്കുകയാണെന്ന് ജിസ്മോൻ കുറ്റപ്പെടുത്തി. കേരളത്തിൽ ഭരണം പിടിക്കുക എന്ന ലക്ഷ്യവുമായി വൻ തോതിലുള്ള കള്ളപ്പണ ഒഴിക്കാണ് ബിജെപി സംസ്ഥാനത്തേക്ക് നടത്തുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കുഴൽപ്പണക്കേസിലെ പ്രതിയാണ്. കേന്ദ്രമന്ത്രി വി മുരളീധരന്റേത് അടക്കമുള്ള ബിജെപി നേതാക്കളുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കാൻ കേരള സർക്കാർ തയ്യാറാകണം. ലോക്സഭാ തെരഞ്ഞെടുപ്പ് മുൻനിർത്തി കോടികളാണ് ബിജെപി കേരളത്തിൽ ഒഴുക്കാൻ പോകുന്നത്. ഈ വിഷയം ആഭ്യന്തരവകുപ്പ് ഗൗരവപരമായി കൈകാര്യം ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares