പട്ടാമ്പി: രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ ഇടം നേടിയ നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകിയ പാരമ്പര്യമാണ് എഐഎസ്എഫിന്റേതെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ അഭിപ്രായപ്പെട്ടു.
നമ്മുടെ രാജ്യം ഒരു കാലത്ത് ഉയർത്തിപ്പിടിച്ച ചേരി ചേര നയത്തിന് എഐഎസ്എഫ് നൽകിയ സംഭാവനകൾ വലുതാണ്.
എന്നാൽ രാജ്യത്തിന്റെ വിദേശ നയത്തിൽ നിന്ന് വ്യതിചലിച്ചു കൊണ്ട് കടുത്ത സാമ്രാജ്യത്വ ദാസ്യം മുഖമുദ്രയാക്കിക്കൊണ്ടാണ് ഇന്ന് കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്നത്.
ലോക സാമ്രാജ്യത്വത്തിന്റെ സമ്പൂർണ്ണ പിന്തുണയോടെയും വംശീയ ഉന്മൂലനം നടത്തുമെന്ന തുറന്ന പ്രഖ്യാപനത്തോടെയും പലസ്തീൻ ജനതക്ക് മേൽ മനുഷ്യാവകാശമെന്ന വാക്കിനെ പോലും അപ്രസക്തമാക്കിക്കൊണ്ടുള്ള ഇസ്രായേൽ നരഹത്യയെ ഒളിഞ്ഞും തെളിഞ്ഞും പിന്തുണക്കുന്ന ഭരണ കൂടത്തിന്നെത്തിരിൽ വിദ്യാർത്ഥികൾ പ്രതിരോധം ശക്തിപ്പെടുത്തണമെന്നും ജിസ്‌മോൻ ആവശ്യപ്പെട്ടു.
കേരളത്തിൽ ഇടത് പക്ഷ ഭരണത്തിൽ സ്വകാര്യ നിക്ഷേപകർക്ക് പരമാവധി ലാഭം കൊയ്യാനുള്ള താവളമായി ഉന്നതവിദ്യാഭ്യാസ മേഖലയെ പരിവർത്തിപ്പിക്കാനുള്ള നീക്കത്തിന്നെതിരെയും എ ഐ എസ് എഫ് സമര രംഗത്ത് നില കൊള്ളുകയാണ്.
സർവകലാശാലകളിൽ കോർ പറേറ്റുകൾക്കും വിദ്യാഭ്യാസ കച്ചവടക്കാർക്കും സ്വയം ഭരണാധികാരം നൽകുകയും അത് വഴി വിദ്യാഭ്യാസത്തെ ഭരണ കൂടത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്നകറ്റി നിർത്തുകയും ചെയ്യുന്ന സാഹചര്യം അംഗീകരിക്കാനാവില്ല.
എ ഐ എസ് എഫ് പ്രവർത്തകർ ലഹരിക്കും മറ്റ് സാമൂഹ്യ തിന്മകൾക്കുമെതിരായ പോരാട്ടം ശക്തിപ്പെടുത്തണമെന്നും ജിസ്‌മോൻ ആവശ്യപ്പെട്ടു.