തിരുവനന്തപുരം: മതാടിസ്ഥാനത്തിൽ ഐഎഎസുകാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ചതിനെ തുടർന്ന് സസ്പെൻഷനിലായയ വ്യവസായ വകുപ്പ് ഡയറക്‌ടർ കെ ഗോപാലകൃഷ്ണനെതിരെ 196 (ബിഎൻഎസ് ) പ്രകാരം കേസ് എടുക്കണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. സംസ്ഥാനത്ത് ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ പരസ്യമായ വർഗ്ഗീയ ധ്രുവീകരണത്തിന് ശ്രമം നടത്തിയത് കേവല സസ്പെൻഷൻ നടപടിക്കപ്പുറം സർക്കാർ അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്ന് പരാതിയിൽ ജിസ്‌മോൻ ചൂണ്ടിക്കാട്ടി.
മല്ലു ഹിന്ദു ഓഫിസേഴ്സ് ഗ്രൂപ്പും തുടർന്ന് മുസ്ലിം ഗ്രൂപ്പും രൂപീകരിച്ചതിലൂടെ ഐ എ എസ് ഉദ്യോഗസ്ഥർക്കിടയിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾക്കിടയാക്കാവുന്ന വർഗീയ ചേരിതിരിവിനാണ് ഗോപാലകൃഷ്ണൻ ശ്രമിച്ചത്. കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെ അപകീർത്തിപ്പെടുത്തുവാനുമുള്ള സംഘടിതവും ആസൂത്രിതവുമായ ശ്രമങ്ങൾ ഈയടുത്ത കാലത്തായി ചില കേന്ദ്രങ്ങളിൽ നിന്ന് വ്യാപകമായി പുറത്തു വന്നു കൊണ്ടിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഗോപാല കൃഷ്ണന്റെ നടപടിയെ കുറിച്ച് കൃത്യമായ അന്വേഷണം നടത്തേണ്ടതുണ്ട്.
കേരളത്തിന്റെ മതേതര സംസ്കാരത്തോട് അസ്വസ്ഥപ്പെടുകയും കേരളീയ പൊതു സാമൂഹ്യ സാഹചര്യങ്ങളിൽ അസഹിഷ്ണുത പ്രകടിപ്പിക്കുകയും ചെയ്ത് കൊണ്ടുള്ള നീക്കമാണ് ഗോപാലകൃഷ്ണന്റേത്.നാട്ടിൽ കലാപവും വിദ്വേഷവും സൃഷ്ടിക്കുവാനുള്ള കൃത്യമായ ആസൂത്രണത്തിന്റെ പിന്നിലുള്ള ശക്തികളെ തിരിച്ചറിയേണ്ടതുണ്ടെന്നും സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ടി ടി ജിസ്‌മോൻ മുഖ്യമന്ത്രിക്കയച്ച പരാതിയിൽ ആവശ്യപ്പെട്ടു.