അടൂർ : കേരളത്തിൽ ജാതി-മത ധ്രുവീകരത്തിന് ബിജെപി പണം ഒഴുക്കുന്നു എന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ അഭിപ്രായപ്പെട്ടു. പന്തളത്ത് നടക്കുന്ന എഐവൈഎഫ് പത്തനംതിട്ട ജില്ലാ ശിൽപശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ തെരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ട് ജാതി- മത ധ്രുവീകരത്തിന് കോടികളാണ് ബിജെപി ചിലവഴിക്കുന്നത്. സംഘപരിവാർ അജണ്ടകളെ എതിർത്തിരുന്ന സാമുദായിക സംഘടനകൾ പോലും ബിജെപിയുടെ കച്ചവട രാഷ്ട്രീയത്തിന് കീഴ്പ്പെടുന്നത് കേരളീയ പൊതു സമൂഹം തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൻ്റെ മതനിരപേക്ഷ നവോത്ഥാന മൂല്യങ്ങൾ എങ്ങനെ കൈവരിച്ചു എന്ന് പുതിയ തലമുറയെ പഠിപ്പിക്കുവാൻ ഇടത് പക്ഷം കൂടുതൽ ജാഗ്രത പുലർത്തണമെന്നും ടി.ടി. ജിസ്മോൻ വ്യക്തമാക്കി
എഐവൈഎഫ് ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് സുഹാസ് എം ഹനീഫ് അധ്യക്ഷതവഹിച്ചു. സ്വാഗതസംഘം കൺവീനർ ശ്രീനാദേവി കുഞ്ഞമ്മ സ്വാഗതം ആശംസിച്ചു. എഐവൈഎഫ് ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം എസ് വിനോദ്കുമാർ, സി പി ഐ സംസ്ഥാനകമ്മറ്റി അംഗം ഡി സജി, സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ ജി രതീഷ്കുമാർ , സിപിഐ പന്തളം മണ്ഡലം സെക്രട്ടറി ജി ബൈജു, ബിബിൻ എബ്രഹാം, എസ് അജയകുമാർ, വി ആർ ഉമേഷ്, എസ് അഖിൽ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.