കോട്ടയം: സ്വാതന്ത്ര്യ സമരപോരാട്ടങ്ങളെ ഒറ്റുകൊടുത്ത പാരമ്പര്യം മാത്രം അവകാശപ്പെടാനുള്ള ആർഎസ്എസ് സംഘടനകൾ രാജ്യ സ്നേഹമുയർത്തി രംഗത്തുവരുന്നത് അവജ്ഞയോടെ മാത്രമേ കാണാനാകുവെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ. സിപിഐയുടെ കോട്ടയം ജില്ലാ സമ്മേളനത്തിനുമുന്നോടിയായി എഐവൈഎഫും എഐഎസ്എഫും നടത്തിയ സെമിനാറ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം സംഘപരിവാർ സംഘടനകൾക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് രംഗത്തെത്തിയത്. ആർഎസ്എസ് സംഘടനകളെ കൂട്ടുപിടിച്ച് രാജ്യത്ത് ഹിന്ദുമുസ്ലീം സംഘർഷമുണ്ടാക്കാൻ ബ്രിട്ടീഷുകാർ ശ്രമിച്ചപ്പോൾ അതിന് കൂട്ടുനിന്ന പാരമ്പര്യമാണ് അവർക്കുള്ളത്.
അതിന്റെ ഫലമായി സ്വാതന്ത്ര്യത്തിനായി ഒറ്റക്കെട്ടായി പോരാടിയവർ പിന്നീട് വർഗ്ഗീയതയുടെ പേരിൽ തമ്മിലടിക്കുന്ന കാഴ്ചയും രാജ്യം കണ്ടു. ഗാന്ധിയെ വെടിവെച്ചുകൊന്ന ഗോഡ്സെയെ നന്മയുടെ പ്രതിപുരുഷനാക്കാനുള്ള ആർഎസ്എസിന്റെ ശ്രമം വിലപ്പോവില്ല. ഇന്ത്യയുടെ ഭരണഘടനയെ, മതേതരത്വത്തെ, ജനാധിപത്യത്തെ, ഇല്ലാതാക്കി രാജ്യത്തെ ഒരു മതരാഷ്ട്രമാക്കാൻ കേന്ദ്ര ഭരണകൂടം നടത്തുന്ന ശ്രമങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം വേണം. ഈ സന്ധിയില്ലാത്ത പോരാട്ടങ്ങളിൽ എഐഎസ്എഫും എഐവൈഎഫും മുൻ നിരയിൽ അണി നിരക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജാ ഹരിപ്രസാദ്, കവി കുരീപ്പുഴ ശ്രീകുമാർ എന്നിവരും സെമിനാറിൽ സംസാരിച്ചു നടത്തി. എഐവൈഎഫ് ജില്ലാ പ്രസിഡന്റ് റെനീഷ് കാരിമറ്റം അധ്യക്ഷനായിരുന്നു.
സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗം ജോൺ വി ജോസ്, എഐവൈഎഫ് സംസ്ഥാന ജോ.സെക്രട്ടറി ശുഭേഷ് സുധാകരൻ, എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി പി കബീർ , ടി സി ബിനോയ് എഐവൈഎഫ് ജില്ലാ സെക്രട്ടറി അഡ്വ . സുജിത് എസ് പി, എഐഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് നന്ദ ജോസഫ്, ജില്ലാ പ്രസിഡന്റ് വൈശാഖ് പ്രദീപൻ , സെക്രട്ടറി നിഖിൽ ബാബു തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്തു.