കേന്ദ്രം കേരളത്തിനോട് കാണിക്കുന്നത് രാഷ്ട്രീയ പക പോക്കലാണെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ. സഹായ വാഗ്ദാനം നൽകിയ ശേഷം കേരളത്തിന്റെ ആവശ്യത്തോട് അത്യന്തം നിഷേധാത്മകമായ സമീപനം സ്വീകരിച്ചു കൊണ്ടുള്ള കേന്ദ്രത്തിന്റെ പതിവ് വിവേചനം
ജാഗ്രതയോട് കൂടിയുള്ള ഇട പെടലുകളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുമ്പോഴാണ് കേന്ദ്രം വിഷയത്തിൽ കടുത്ത അവഗണന കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വയനാട് പുനരധിവാസത്തിന് സഹായം അനുവദിക്കാത്ത കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ചു കൊണ്ട് എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്ഭവന് മുന്നിൽ അതിജീവന സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സമരം ഉദ്ഘാടനം ചെയ്തു.
വയനാട്ടിലേത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ തയ്യാറാകണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യത്തെ നിരാകരിച്ച കേന്ദ്രം അടിയന്തിര സഹായങ്ങളെ പോലും രാഷ്‌ട്രീയവത്കരിച്ച് ബിജെപിക്ക് വേരോട്ടമുള്ള സംസ്ഥാനങ്ങളിലേക്ക് വൻ തുകകളാണ് അനുവദിക്കുന്നത്. കേരളത്തോടുള്ള കേന്ദ്രത്തിന്റെ കടുത്ത അവഗണനയിൽ പ്രതിഷേധിക്കുന്നതിലും കേരളത്തിന്റെ വിഷയങ്ങൾ പാർലമെന്റിൽ ഉന്നയിക്കുന്നതിലും സംസ്ഥാനത്ത് നിന്നുള്ള യു ഡി എഫ് എം പി മാർ തീർത്തും നിരുത്തരവാദിത്വപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷവും വലത് പക്ഷ മാധ്യമങ്ങളും നിലവിൽ വയനാട് ചൂരൽ മല മുണ്ടക്കൈ ദുരിത ബാധിത മേഖലക്ക് ലഭിക്കേണ്ട കേന്ദ്ര സഹായം അട്ടിമറിക്കുന്നതിന് വേണ്ടിയും ജനകീയ സർക്കാരിനെ താറടിക്കുന്നതിനായും വ്യാജ പ്രചാരണങ്ങൾ നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും ടി ടി ജിസ്മോൻ പറഞ്ഞു.