കൊച്ചിയിലെ മാലിന്യ സംസ്‌കരണ പ്രശ്‌നത്തിന് ശാസ്ത്രീയമായ പരിഹാരം വേണമെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്‌മോൻ. ബ്രഹ്മപുരം തീപിടിത്തം മനുഷ്യ നിർമ്മിത ദുരന്തം തന്നെയാണ്. ഭരണകൂടത്തിന് വലിയ വീഴ്ചയുണ്ടായി. മാലിന്യ സംസ്‌കരണത്തിന് ശാസ്ത്രീയമായ വഴികൾ കണ്ടെത്തി നടപ്പിലാക്കേണ്ട കാലം അതിക്രമിച്ചു. ഒരു ജനതയെ മുഴുവൻ രോഗികളാക്കുന്ന പ്രാകൃത നടപടികൾ തുടരേണ്ടതുണ്ടോയെന്ന് സർക്കാർ പുനരാലോചന നടത്തണം.
അനുദിനം വളർന്നുകൊണ്ടിരിക്കുന്ന നഗരമാണ് കൊച്ചി. കേരളത്തിന്റെ വാണിജ്യ തലസ്ഥാനത്ത് ഇത്തരം അപകടങ്ങൾ പതിവായാൽ സാമ്പത്തിക സ്ഥിതിയെ തന്നെ സാരമായി ബാധിക്കും. അപകടം നടന്നതിന് ശേഷം ടാസ്‌ക് ഫോഴ്‌സ് രൂപീകപിച്ചതുകൊണ്ടോ പ്രഖ്യാപനങ്ങൾ നടത്തിയതുകൊണ്ടോ കാര്യമില്ല. കൃത്യമായ ആസൂത്രണം ബ്രഹ്മപുരത്ത് ഉണ്ടാകണം.
വേസ്റ്റ് മാനേജമെന്റ് സിസ്റ്റത്തെ കുറിച്ച് ജനങ്ങളിൽ ബോധം വളർത്തണം. നഗരസഭ വേസ്റ്റ് എടുത്തില്ലെങ്കിൽ ചീഞ്ഞു നാറുന്ന അവസ്ഥയാണ് കൊച്ചിയിലുള്ളത്. ജനങ്ങളുടെ സഹകരണം ഉറപ്പാക്കുക എന്നത് പ്രധാനമാണ്. വേസ്റ്റ് മാനേജ്‌മെന്റിന്റെ പുതിയ വശങ്ങളെ കുറിച്ച് സർക്കാർ കൃത്യമായ പഠനം നടത്തി നടപടികൾ സ്വീകരിക്കണം. ഇനിയൊരു ബ്രഹ്മപുരം ആവർത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു. എഐവൈഎഫ് സേവ് ഇന്ത്യ മാർച്ചിന്റെ എറണാകുളം ജില്ലയിലെ പര്യടനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.