കോട്ടയം ഗാന്ധി നഗറിലെ ഗവണ്മെന്റ് നഴ്സിംഗ് കോളേജ് ഹോസ്റ്റലിൽ ഒന്നാം വർഷ വിദ്യാർത്ഥികളെ അതിക്രൂരമായ റാഗിംഗിന് വിധേയമാക്കിയ കൊടും ക്രിമിനലുകളായ വിദ്യാർത്ഥികളെ കോളേജിൽ നിന്ന് പുറത്താക്കുകയും സംഭവത്തിന് ഒത്താശ ചെയ്ത കോളേജ് അധികൃതരെ പ്രതി ചേർത്ത് കേസെടുക്കുകയും വേണമെന്ന് എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ ആവശ്യപ്പെട്ടു.
റാഗിംഗ് വിഷയത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഗാന്ധിനഗർ നേഴ്സിംഗ് കോളജിലേക്ക് എ ഐ വൈ എഫ് -എ ഐ എസ് എഫ് നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റാഗിംഗ് തടയുക എന്ന ലക്ഷ്യം മുൻ നിർത്തിക്കൊണ്ട് 1998 ൽ പാസ്സാക്കിയ നിയമം കർശനമായി നടപ്പാക്കാത്തതാണ് ജൂനിയർ വിദ്യാർത്ഥികൾക്കുമേൽ സീനിയർ വിദ്യാർത്ഥികൾ നടത്തുന്ന ഇത്തരം മനോവൈകൃതങ്ങൾ വർദ്ധിക്കാൻ ഇടയാക്കിയതെന്നും ജിസ്‌മോൻ കുറ്റപ്പെടുത്തി.
സീനിയർ വിദ്യാർത്ഥികളുടെ അതിക്രമങ്ങളെ കുറിച്ച് മൂന്ന് മാസം മുൻപ് ചില വിദ്യാർത്ഥികൾ അധികൃതർക്ക് പരാതി നൽകിയിരുന്നുവെങ്കിലും പരാതി അവഗണിക്കുന്ന നിലപാടാണ് ബന്ധപ്പെട്ടവർ സ്വീകരിച്ചത്.അത് കൊണ്ട് ക്രൂര കൃത്യം ചെയ്യുന്നതിനുള്ള ഒത്താശ ചെയ്ത കോളേജ് അധികൃതർക്കെതിരെ കേസെടുക്കണം.കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അരാജകത്വം സൃഷ്ടിച്ച് കൊണ്ട് പ്രതിലോമ ആശയങ്ങൾക്ക് വേരൂന്നാനുള്ള കവാടങ്ങൾ തുറന്നുകൊടുക്കുന്ന ശക്തികൾക്കെതിരെ എ ഐ വൈ എഫ് ശക്തമായ പ്രതിരോധം തീർക്കുമെന്നും ടി ടി ജിസ്‌മോൻ അറിയിച്ചു.