തെളിമയാർന്ന ആശയസ്‌ഫുടതയും പ്രത്യയശാസ്ത്ര കാഴ്‌ചപ്പാടും കൃത്യമായ നിലപാടുമായിരുന്നു സഖാവ് കാനം രാജേന്ദ്രൻ.
സിപിഐയെയും എൽഡിഎഫിനേയും മുന്നോട്ട് കൊണ്ടുപോകാൻ കാനം വഹിച്ച പങ്ക് വളരെ വലുതാണ്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കേരളത്തിന്റെ രാഷ്ട്രീയ രംഗത്തേക്ക് കടന്നു വന്ന സഖാവ് കാനം രാജേന്ദ്രൻ എഐവൈഎഫിന് എന്നും കരുത്തു പകർന്ന നേതാവായിയുന്നു. സവിശേഷ നേതൃഗുണമുള്ള പൊതു പ്രവർത്തന ശൈലിയിലൂടെ വിനയവും മാനവികതയും ഉൾചേർന്ന കമ്മ്യൂണിസ്റ്റ് വർഗ്ഗ ബോധത്തിൽ അടിയുറച്ചു നിന്ന് കൊണ്ട് പാർട്ടിയെ നയിക്കുകയും ഇടത് പക്ഷ പ്രസ്ഥാനങ്ങൾക്ക് കരുത്തു പകരുകയും ചെയ്ത സഖാവ് കമ്മ്യൂണിസ്റ്റ് നൈതികതയുടെയും ഇടത് പക്ഷ സംഘാടനത്വത്തിന്റെയും മകുടോദാഹരണമായിരുന്നു.
എ ഐ എസ് എഫിലൂടെ പൊതു ജീവിതത്തിന് തുടക്കം കുറിച്ച് 1969 ൽ പത്തൊൻപതാം വയസ്സിൽ എ ഐ വൈ എഫിന്റെ സംസ്ഥാന സെക്രട്ടറിയായി. സംസ്ഥാനത്ത് യുവജന പ്രസ്ഥാനത്തിന്റെ അമരത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന റെക്കോർഡ് കുറിച്ച കാനം അസാധാരണമായ സംഘടന വൈഭവം കൊണ്ട് കേരളത്തിൽ എ ഐ വൈ എഫിന്റെ അടിത്തറ വിപുലമാക്കുന്നതിൽ നിസ്തുല്യമായ പങ്കാണ് വഹിച്ചത്.1970 ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന കൗൺസിലിലും എൻ ഇ ബാലറാം സംസ്ഥാന സെക്രട്ടറി ആയിരിക്കെ സംസ്ഥാന സെക്രട്ടറിയേറ്റിലും അംഗമായി.അന്ന് കേവലം 25 വയസ്സ് ആയിരുന്നു പ്രായം.
എം എൻ ഗോവിന്ദൻ നായർ, സി അച്ചുത മേനോൻ,സി കെ ചന്ദ്രപ്പൻ,വെളിയം ഭാർഗവൻ തുടങ്ങിയ നേതാക്കന്മാരുമൊത്തുള്ള പ്രവൃത്തി പരിചയത്തിൽ നിന്നുമുരിത്തിരിഞ്ഞ സംഘടന ബോധം കാനത്തെ കരുത്തനാക്കി.എഐവൈഎഫിന്റെ ദേശീയ ഉപാധ്യക്ഷനായും പ്രവർത്തിച്ച കാനം എക്കാലത്തും വിദ്യാർത്ഥി, യുവജന സംഘടന പ്രവർത്തകർക്ക് ആവേശം പകർന്നു കൂടെ നിന്നിരുന്നു.യുവജന നേതാക്കളെ കൂടെ നിർത്തുന്നതിലും നേതൃനിരയിലേക്ക് അവരെ ഉയർത്തിക്കൊണ്ട് വരുന്നതിലും അതിയായ താല്പര്യം സഖാവിന് ഉണ്ടായിരുന്നു. എ ഐ വൈ എഫിന്റെ പ്രവർത്തനങ്ങൾ സസൂക്ഷ്മം വീക്ഷിക്കുകയും ശ്ലാഘിച്ചും തിരുത്തേണ്ടിടങ്ങളിൽ സ്നേഹ പൂർവ്വം തിരുത്തിയും വൈ എഫ് പ്രവർത്തകർക്ക് സഖാവ് കരുത്ത് പകർന്നിരുന്നു.
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലിടം നേടിയ യുവജന മുന്നേറ്റമായിരുന്നു എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 2023 ൽ സംഘടിപ്പിച്ച ‘ഒരുമിച്ചു നടക്കാം, വർഗ്ഗീയതക്കെതിരെ, ഒന്നായ് പൊരുതാം തൊഴിലിനു വേണ്ടി ‘ എന്ന മുദ്രാവാക്യമുയർത്തിപ്പിടിച്ച് കൊണ്ടുള്ള ‘സേവ് ഇന്ത്യ മാർച്ച്’. സംസ്ഥാന സെക്രട്ടറി തെക്കൻ മേഖല ക്യാപ്‌ടനും പ്രസിഡന്റ് വടക്കൻ മേഖല ക്യാപ്‌ടനുമായ മാർച്ച് ആയിരക്കണക്കിന് യുവജനങ്ങൾ ദിനേന 38 കിലോമീറ്ററുകളോളം കാൽ നടയായി സഞ്ചരിച്ച് ചരിത്രം സൃഷ്ടിച്ച ഐതിഹാസികവും ത്യാഗോജ്ജ്വലവുമായ സമരാവേശമായിരുന്നു.’സേവ് ഇന്ത്യ മാർച്ചിന്’ തുടക്കം മുതൽ അവസാനം വരെ സഖാവ് കാനത്തിന്റെ പിന്തുണ ഉണ്ടായിരുന്നു.ജാഥ ക്യാപ്റ്റന്മാരെ ദിനവും വിളിച്ചു സംസാരിക്കുകയും ക്രിയാത്മക നിർദേശങ്ങളും ഉപദേശങ്ങളും നൽകി ഉത്തരവാദിത്വ ബോധത്തോടെ ഇടപെടുകയും ചെയ്യുമായിരുന്നു സഖാവ്.
എ ഐ വൈ എഫ് ഓൺലൈൻ വെബ് പോർട്ടൽ തുടങ്ങാനുള്ള ആശയം മുന്നോട്ട് വെച്ചപ്പോൾ തുടക്കം മുതൽ പൂർണ്ണ പിന്തുണയുമായി കാനം ഉണ്ടായിരുന്നു. ‘യങ് ഇന്ത്യ’യുടെ എഡിറ്റോറിയൽ നയങ്ങളും വാർത്ത കൈകാര്യം ചെയ്യുന്ന രീതിയുമെല്ലാം സസൂക്ഷ്മം വീക്ഷിക്കുമായിരുന്ന സഖാവ് എടുക്കേണ്ട നിലപാടുകൾ വിശദീകരിച്ചും ഭേദഗതികൾ ഉപദേശിച്ചും കൂടെ നിന്നു.
‘യങ് ഇന്ത്യ’ ഓണപ്പതിപ്പ് ഇറക്കിയ വേളയിൽ വായിച്ച് അഭിപ്രായം പറയാൻ സഖാവ് സമയം കണ്ടെത്തിയിരുന്നു.
പി എസ് സ്മാരകവും സി കെ ചന്ദ്രപ്പൻ സ്മാരകവും യാഥാർഥ്യമാക്കുന്നതിൽ അവിസ്മരണീയ പങ്ക് വഹിച്ച കാനം
ജയ പ്രകാശ് സ്മാരക നവീകരണ പ്രവർത്തനങ്ങളിലും മാതൃക പരമായ പങ്ക് വഹിക്കുകയുണ്ടായി.വളരെ ചെറുപ്രായത്തിൽ തന്നെ നിയമ സഭ സാമാജികനുമാകാനും കാനത്തിന് കഴിഞ്ഞു.1982 ൽ മുപ്പത്തി രണ്ടാം വയസ്സിലാണ് വാഴൂരിൽ നിന്ന് ആദ്യമായി നിയമ സഭയിലെത്തുന്നത്.1987 ലും വാഴൂരിൽ നിന്ന് ജയിച്ചു മികച്ച പാർലമെന്റേറിയൻ എന്ന ഖ്യാതി നേടി. എം എൽ എ ആയിരിക്കുന്ന വേളയിൽ ഏത് വിഷയത്തെ കുറിച്ചും ആധികാരികമായി പഠിച്ച് പ്രതികരിച്ച സഖാവ് പരന്ന വായനയിലൂടെയും അതിശയിപ്പിക്കുന്ന ഓർമ്മ ശക്തിയിലൂടെയും വ്യത്യസ്ത വിഷയങ്ങളിലെ ആഴമേറിയ അറിവുകളിലൂടെയും ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
സഖാവ് നിയമ സഭ സാമാജികനായിരിക്കെ നിർമ്മാണമേഖലയിലെ അസംഘടിത തൊഴിലാളികൾക്കായി നിയമസഭയിൽ അവതരിപ്പിച്ച സ്വകാര്യ ബില്ലിൻറ ചുവടുപിടിച്ചാണ് പിന്നീട് ‘നിർമ്മാണ തൊഴിലാളി നിയമം’ നിലവിൽ വരുന്നത്. തോട്ടം മാനേജർ ആയ പിതാവിനൊപ്പം എസ്റ്റേറ്റുകളിലെ തൊഴിലാളികളുടെ ദൈന്യത നിറഞ്ഞ ജീവിതാനുഭവങ്ങൾ കണ്ടറിഞ്ഞ സഖാവ് തൊഴിലാളികളുടെ ഐക്യം നിലനിർത്തുന്നതിലും അവരുടെ ആവശ്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലും മരണം വരെ മുൻ നിരയിലുണ്ടായിരുന്നു.
ജനനായകൻ പിന്നിട്ട വഴികളത്രയും സമരങ്ങളുടേതായിരുന്നു.ആശയ ദാർഢ്യത്തിന്റെ അടിത്തറ കൊണ്ടും രാഷ്ട്രീയാനുഭവ സമ്പത്തുകൊണ്ടും കേരളത്തിലെ ഇടതു മതേതര പ്രസ്ഥാനങ്ങൾക്ക് കരുത്തായിരുന്നു സഖാവ്. പ്രതിസന്ധികളിൽ തളരാത്ത അചഞ്ചലനായ കമ്മ്യൂണിസ്റ്റും മാർക്‌സിസ്റ്റ് – ലെനിനിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ അടിയുറച്ചു നിന്നുകൊണ്ട് തൊഴിലാളി വർഗ്ഗ ക്ഷേമത്തിനായി മൂല്യാധിഷ്ഠിത രാഷ്ട്രീയം ഉയർത്തിപ്പിടിച്ച നേതാവുമായിരുന്നു.വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടത്തിൽ തൊഴിലാളി വർഗ്ഗ ശക്തിക്ക് നേതൃത്വം കൊടുക്കുകയും അവരുടെ സംഘടിത ശക്തിയെ തൊഴിലാളി വർഗ്ഗ രാഷ്ട്രീയത്തിന് അനുഗുണമായി വളർത്തിയെടുക്കുകയും ചെയ്ത ക്രാന്ത ദർശിയുമായിരുന്നു കാനം. ഇന്ത്യൻ ജനാധിപത്യം അതിന്റെ ഏറ്റവും സങ്കീർണ്ണമായ വെല്ലുവിളികളെ നേരിടുന്ന ഇക്കാലത്തു സഖാവ് കാനം രാജേന്ദ്രനെ പോലൊരു പോരാളിയുടെ നഷ്ടം നികത്താൻ കഴിയാത്ത ശൂന്യതയാണ്.