ടി ടി ജിസ്മോൻ
എഐവൈഎഫ് സംസ്ഥാന സെക്രട്ടറി
വാക്കുകളുടെ മുറുക്കം കൊണ്ടും വാചകങ്ങളിലെ ഒഴുക്കും കൊണ്ടും മലയാളികൾ നെഞ്ചോട് ചേർത്ത ഗുരുനാഥൻ വിടപറഞ്ഞു. എത്രയെത്ര മനോഹര സൃഷ്ടികളാണ് കഥകളായും നോവലുകളായും ഓർമക്കുറിപ്പുകളായും തിരക്കഥകളായും ഒക്കെ ആ തൂലികയിൽ നിന്നും പ്രവഹിച്ചത്. വള്ളുവനാടൻ മിത്തുകളെയും ശൈലികളെയും എത്ര അനായാസമാണ് എംടി മലയാളികൾക്ക് സുപരിചയമാക്കിയത്. കഥകൾ എന്നാൽ എംടിയുടെ കഥകൾ എന്ന് എടുത്തു പറയുന്ന ഒരു ആസ്വാദക വൃന്ദത്തെ സൃഷ്ടിക്കാൻ അദ്ദേഹത്തിനു അധികം പണിപ്പെടേണ്ടിവന്നില്ല.
അക്ഷരങ്ങളെ സ്‌നേഹിച്ചും ലാളിച്ചും അവയുടെ സൗരഭ്യം കാത്തുസൂക്ഷിച്ചും എംടി രചിച്ച കൃതികൾ ഒരു തവണയെങ്കിലും വായിച്ചിട്ടില്ലാത്ത മലയാളികൾ കാണില്ല. ഇന്നത്തെ യുവതലമുറയെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുകൊണ്ട് പോയ് അദ്ദേഹം തന്നെയാണ്. ഇന്നും എംടിയെ നാമെല്ലാം ഓർക്കുന്നത് അദ്ദഹത്തിന്റെ എഴുത്തുകളിലെ ലാളിത്യവും നിഷ്ക്കളങ്കതയും എല്ലാമാണ്. വാക്കുകളിൽ ജീവിതത്തിന്റെ മഞ്ഞും തണുപ്പും വേനലും വർഷവും ഒളിപ്പിച്ച അക്ഷരങ്ങളുടെ ലോകത്തെ ഗന്ധർവ്വൻ. ഭാഷയുടെ അഹന്തയും പ്രൗഡിയും വിജ്ഞാനവുമായി നിലകൊണ്ട മഹാരഥന്റെ ചുരുക്കെഴിത്താണ് എംടി. നാല് തലമുറയ്ക്ക് ഭാഷയുടയും അറിവിന്റെയും വെളിച്ചം സമ്മാനിച്ച് തൊട്ടതെല്ലാം പൊന്നാക്കിയാണ് എംടി നമ്മോട് യാത്രപറയുന്നത്.