ചാത്തനൂർ: ബിജെപിയുടെ കേരള നേതാക്കളുടെ സമ്പത്തിൽ അടുത്തിടെയുണ്ടായത് വൻതോതിലുള്ള വർധനവെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്‌മോൻ. ബിജെപി നേതാക്കളുടെ സാമ്പത്തിക സ്രോതസ്സിനെ കുറിച്ച് അന്വേഷണം നടത്തണമെന്നും ഇക്കാര്യം ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പിന് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. എഐവൈഎഫ് സേവ് ഇന്ത്യ മാർച്ച് തെക്കൻ മേഖല കാൽനട ജാഥയ്ക്ക് ചാത്തന്നൂരിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിക്ക് എതിരെ സംസാരിക്കുന്ന നേതാക്കളെ കള്ളക്കേസിൽ കുടുക്കുന്ന കേന്ദ്ര ഏജൻസികൾ, തട്ടിപ്പും വെട്ടിപ്പും സ്ഥിരമാക്കിയ കേരളത്തിലെ ബിജെപി നേതാക്കൾക്ക് എതിരെ കണ്ണടയ്ക്കുകയാണ്. കേരളത്തിൽ ഭരണം പിടിക്കുക എന്ന ലക്ഷ്യവുമായി വൻ തോതിലുള്ള കള്ളപ്പണ ഒഴുക്കാണ് ബിജെപി സംസ്ഥാനത്തേക്ക് നടത്തുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കുഴൽപ്പണക്കേസിലെ പ്രതിയാണ്. കേന്ദ്രമന്ത്രി വി മുരളീധരന്റേത് അടക്കമുള്ള ബിജെപി നേതാക്കളുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കാൻ കേരള സർക്കാർ തയ്യാറാകണം. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുൻനിർത്തി കോടികളാണ് ബിജെപി കേരളത്തിൽ ഒഴുക്കാൻ പോകുന്നത്. ഈ വിഷയം ആഭ്യന്തരവകുപ്പ് ഗൗരവതരമായി കൈകാര്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒരുമിച്ച് നടക്കാം വർഗീയതയ്ക്ക് എതിരെ. ഒന്നായ് പൊരുതാം തൊഴിലുനുവേണ്ടി എന്ന മുദ്രാവാക്യമുയർത്തി രണ്ട് കാൽനട ജാഥകളാണ് എഐവൈഎഫ് സംഘടിപ്പിച്ചിരിക്കുന്നത്. ആർ ജയൻ ജാഥാ ഡയറക്ടറായി, ടിടി ജിസ്‌മോൻ ജാഥാ ക്യാപ്റ്റനായ തെക്കൻ മേഖല കാൽനട ജാഥയിൽ എസ് വിനോദ് കുമാർ, അഡ്വ. ആർ എസ് ജയൻ, അഡ്വ. ഭവ്യ കണ്ണൻ എന്നിവർ വൈസ് ക്യാപ്റ്റന്മാരാണ്. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ ജാഥാ ക്യാപ്റ്റനായ വടക്കൻ മേഖല കാൽനട ജാഥ കാസർകോട് നിന്നും പ്രയാണം ആരംഭിച്ചു.
കൊല്ലം ജില്ലയിൽ ഇന്ന് പ്രവേശിച്ച തെക്കൻ മേഖല ജാഥയ്ക്ക് വൻ സ്വീകരണമാണ് പ്രവർത്തകരുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. ആയിരക്കണക്കിന് പോരാണ് ജാഥയെ സ്വീകരിക്കാനായി വിവിധ കേന്ദ്രങ്ങളിൽ എത്തിയത്.