Wednesday, December 11, 2024
spot_imgspot_img
HomeOpinionസഖാവ് ജയപ്രകാശ്, പോരാട്ട വീര്യത്തിന്റെ ജ്വലിക്കുന്ന ഓർമ്മ

സഖാവ് ജയപ്രകാശ്, പോരാട്ട വീര്യത്തിന്റെ ജ്വലിക്കുന്ന ഓർമ്മ

ടി ടി ജിസ്‌മോൻ
(എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി )

വിദ്യാഭ്യാസത്തെ സ്റ്റേറ്റിന്റെ ഉത്തരവാദിത്വമെന്ന നിലയിൽ നിന്നും അകറ്റി നിർത്താനുള്ള വ്യഗ്രതയും ഉന്നത വിദ്യാഭ്യാസ രംഗത്തെ നഗ്നമായ കച്ചവട വത്കരണവും ലക്ഷ്യം വെച്ച് കൊണ്ടാണ് 1991-ൽ അധികാരത്തിൽ വന്ന കെ കരുണാകരന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ കേരളത്തിൽ സ്വകാര്യമേഖലയിൽ മെഡിക്കൽ കോളേജുകൾ ആരംഭിക്കാനുള്ള തീരുമാനമെടുക്കുന്നത്. വിദ്യഭ്യാസത്തിൻെറ സാമൂഹിക തലത്തെ അപ്രസക്തമാക്കിക്കൊണ്ടും രാഷ്ട്രത്തിൻെറ മനുഷ്യവിഭവശേഷിയുടെ പരിശീലനമോ രൂപപ്പെടുത്തലോ പരിഗണിക്കാതെ കേവല കച്ചവട താല്പര്യം മാത്രം മുൻ നിർത്തിക്കൊ ണ്ടുമുള്ള സർക്കാർ നയത്തിന്നെതിരെ സമാനതകളില്ലാത്ത പ്രക്ഷോഭങ്ങൾക്കാണ് അക്കാലയളവിൽ സംസ്ഥാനം സാക്ഷ്യം വഹിച്ചത്.

1991 ജൂലൈ മാസം ആരംഭം കുറിച്ച വിദ്യാഭ്യാസ കച്ചവടത്തിന്നെതിരായ സമരത്തിൽ ഒരു ഘട്ടം കഴിഞ്ഞപ്പോൾ വിദ്യാർത്ഥികൾക്കൊപ്പം യുവജനങ്ങൾ കൂടി അണി ചേരുകയായിരുന്നു. ജനാധിപത്യ അവകാശങ്ങൾക്ക് മേൽ സ്വേച്ഛാധികാരം പ്രയോഗിക്കാനുള്ള അധികാര സംഘമായി മാറിയ കരുണാകരന്റെ പോലീസ് വിദ്യാർത്ഥി യുവ ജന സമരങ്ങളെ കേരളത്തിലാകമാനം ചോരയിൽ മുക്കുകയായിരുന്നു. ചരിത്രത്തിലാദ്യമായി ഇലക്ട്രിക് ലാത്തിയും ജലപീരങ്കിയും കണ്ണീർ വാതകഷെല്ലുകളും വിദ്യാർത്ഥി സമരത്തിനു നേരെ പ്രയോഗിക്കുന്നതടക്കം അത്യന്തം ഹീനമായ നടപടികൾ അന്ന് പ്രബുദ്ധ കേരളം കണ്ടു. വിദ്യാർത്ഥി സമരത്തിനു നേരെയുള്ള ലാത്തിച്ചാർജുകളും പീഡനങ്ങളും പോലീസിന്റെ നരനായാട്ടായി കേരളം മുഴുവൻ വ്യാപിച്ചു. കേരളത്തിന്റെ തെരുവോരങ്ങളിൽ എഐഎസ്എഫുകാരും എഐവൈഎഫുകാരും രക്തം കൊണ്ട് ചരിത്രമെഴുതി, വിദ്യാർത്ഥി യുവജന പ്രക്ഷോഭങ്ങളുടെ തീവ്ര ഭാവം കേരളം കണ്ടറിഞ്ഞ ദിനങ്ങൾ.

നൂറുകണക്കിന് വിദ്യാർത്ഥികളും ചെറുപ്പക്കാരുമാണ് അന്ന് ലോക്കപ്പുകളിലും ജയിലറകളിലും ഭീകരമായ മർദ്ദന മുറകൾക്ക് ഇരയാവുകയും മാരകമായ പരിക്കുകളുമായി ആശുപത്രികളിൽ ചികിത്സ തേടുകയും ചെയ്തത്. എല്ലാ മർദ്ദന മുറകളെയും ഭരണ കൂട ഭീകരതകളെയും അതി ജീവിച്ചു കൊണ്ട് സമാനതകളില്ലാത്ത സമരത്തിന്റെയും, സഹനത്തിന്റെയും ചരിത്രമെഴുതിക്കൊണ്ട് കേരളത്തിന്റെ തെരുവോരങ്ങളെ പ്രക്ഷുബ്ധമാക്കുക തന്നെ ചെയ്തു വിദ്യാർത്ഥി യുവജന സമൂഹം. സമരത്തിന്റെ രണ്ടാം ഘട്ടത്തിൽ വിദ്യാർത്ഥി നേതാക്കൾ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചതോട് കൂടി പോലീസ് ഭീകരത അതിന്റെ മൂർദ്ധന്യാവസ്ഥയിലെത്തി.

നിരാഹാര സമരപന്തലിനുള്ളിൽ അതിക്രമിച്ചു കയറി പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കു മെതിരെയുള്ള കയ്യേറ്റവും കള്ളക്കേസ് ചുമത്തലും പാർട്ടി ഓഫീസുകൾക്കു നേരെയുള്ള അതിക്രമവും വ്യാപകമായി. 1991 ഡിസംബർ 8 ന് സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു കൊണ്ട് ജനകീയ പ്രക്ഷോഭത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിച്ചത് സർക്കാരിന്റെ ജനാധിപത്യത്തിന്മേലുള്ള കടന്നുകയറ്റത്തിന്റെ പ്രത്യക്ഷ ഉദാഹരണമായിരുന്നു. ജന വിരുദ്ധ നയങ്ങൾക്കെതിരെ കേരളം ഒന്നടങ്കം പ്രക്ഷുബ്ധമായി.ഡിസംബർ 9 ന് കേരളത്തിൽ ബന്ദ് പ്രഖ്യാപിക്കുകയും വിദ്യാർത്ഥികളുടെയും യുവ ജനങ്ങളുടെയും പ്രതിഷേധങ്ങൾ തെരുവുകളിലേക്ക് കൂടുതലായി ആളിപ്പടരുന്ന സാഹചര്യം സംജാതമാവുകയും ചെയ്തു. വിദ്യാർത്ഥിയായിരുന്ന സഖാവ് ജയപ്രകാശ് അന്ന് എ.ഐ.വൈ.എഫ്. ന്റെ തിരുവനന്തപുരം സിറ്റി കമ്മറ്റി സെക്രട്ടറിയായിരുന്നു. അനന്തപുരിയിലെ വിദ്യാർത്ഥി യുവജന സമര മുഖങ്ങളിലെ നിറ സാന്നിദ്ധ്യം. ബന്ദ് ദിനത്തിൽ പോലീസ് നിരോധനാജ്ഞ ലംഘിച്ച എഐവൈഎഫ്. – എഐഎസ്എഫ് പ്രവർത്തകരുടെ പ്രതികരണ ശേഷി തിരുവനന്തപുരത്ത് കുടപ്പനക്കുന്നിൽ കൊടുങ്കാറ്റായി ആഞ്ഞടിച്ചപ്പോൾ നിരായുധരായ സമരക്കാർക്ക് നേരെ കരുണാകരന്റെ പോലീസ് നിറയൊഴിക്കുകയായിരുന്നു. പോലീസ് ഉതിർത്ത വെടിയുണ്ട സഖാവ് ജയ പ്രകാശിന്റെ ഇട നെഞ്ചിലാണ് പതിച്ചത്. നെഞ്ചും ശിരസും ഭേദിച്ച് വെടിയുണ്ട കടന്നുപോയപ്പോഴും പതറാതെ നിന്ന് എ.ഐ.വൈ.എഫ്. ന്റെ സമര പതാക ഉയർത്തിപ്പിടിച്ച് ഇങ്ക്വിലാബ് വിളികളോടെയാണ് അനന്ത പുരിയുടെ പ്രിയ പുത്രൻ ധീര സഖാവ് ജയപ്രകാശ് പിടഞ്ഞു വീണത്.

ഐതിഹാസികമായ പോരാട്ട വീര്യത്തിന്റെ ജ്വലിക്കുന്ന ഓർമ്മ സഖാവ് ജയപ്രകാശിന്റെ ഓർമ്മകൾക്ക് ഇന്ന് 33 വയസ്സ്. പകരം വെക്കാനില്ലാത്ത അനുഭവ തീക്ഷ്‍ണതകളായിരുന്നു ആ വിപ്ലവകാരിയായ ചെറുപ്പക്കാരന്റെ ജീവിതം. കേരളത്തിൽ സ്വാശ്രയ വിദ്യാഭ്യാസ മേഖലയ്‌ക്ക് യഥേഷ്ടം കയറിയിറങ്ങാൻ വാതിൽ തുറന്നിട്ടതിന്റെ ഫലമായി ഉന്നത വിദ്യാഭ്യാസ മേഖലയിൽ വ്യാപരിച്ച കച്ചവട പ്രവണതയും താല്പര്യങ്ങളും സാധാരണക്കാരന് വിദ്യാഭ്യാസം അപ്രാപ്യമാക്കിയപ്പോൾ ഭരണ കൂട ഭീകരതക്ക് മുന്നിൽ പകച്ചു നിൽക്കാതെ പൊരുതിയ സമരേതിഹാസം, മിടുക്കും മെറിറ്റും മാനദണ്ഡമാക്കാതെ പ്രവേശനത്തിനായി ലക്ഷങ്ങൾ കോഴ നൽകി കമ്പോളത്തിൽ ലഭിക്കുന്ന വസ്തുക്കളും സേവനങ്ങളും പോലെ കാശു കൊടുത്തു നേടാവുന്നതും കാശുള്ളവർക്ക് മാത്രം വാങ്ങാവുന്നതുമായ ചരക്കായി വിദ്യാഭ്യാസവും മാറിയപ്പോൾ നീതിക്കു വേണ്ടിയുളള കലഹങ്ങളെ പ്രതീക്ഷാഭരിതമാക്കിയ ക്ഷുഭിത യൗവനം.

സ്വാശ്രയ വിദ്യാഭ്യാസ നയങ്ങളോടും സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളോടുമുള്ള എഐവൈഎഫിന്റെ നിലപാടുകൾ സുശക്തവും സമാനതകളില്ലാത്തതുമാണ്. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലകളിൽ സൃഷ്ടിക്കുന്ന ദൂര വ്യാപകമായ പ്രത്യാഘാതങ്ങൾ കേരള ജനതയോട് എ ഐ വൈ എഫ് പതിറ്റാണ്ടുകൾക്ക് മുൻപേ വിളിച്ചു പറഞ്ഞിരുന്നു. വിദ്യാഭ്യാസത്തെ തങ്ങളുടെ അപ്രമാദിത്യത്തിനു കീഴടക്കും വിധം കച്ചവടത്തിന്റെ സകല അസ്തിവാരങ്ങളും കേരളത്തിൽ അരക്കിട്ടുറപ്പിക്കുന്ന സ്വാശ്രയ മുതലാളിമാരോട് അനുരഞ്ജനപ്പെടാനുള്ള ഏത് നീക്കങ്ങളെയും ചെറുത്ത് തോല്പിക്കാൻ എ ഐ വൈ എഫ് പ്രതിജ്ഞാബദ്ധമാണെന്ന് ഓർമ്മിപ്പിക്കുന്നു.
വിദ്യഭ്യാസ മേഖലയിലെ സ്വകാര്യവത്കരണത്തിനും വിദേശ നിക്ഷേപത്തിനുമെതിരെയുള്ള പോരാട്ടങ്ങൾ എ ഐ വൈ എഫിന്റെ എക്കാലത്തെയും സുശക്തമായ നിലപാടാണ്.

കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സർക്കാറാകട്ടെ ഭരണഘടന മുന്നോട്ടുവക്കുന്ന സാമൂഹിക നീതിയെയും ജനാധിപത്യ മൂല്യങ്ങളെയും അട്ടിമറിക്കുന്ന വിദ്യാഭ്യാസ നയങ്ങളുമായി മുന്നോട്ട് പോവുകയാണ്. ഇന്നലെകളിൽ നാം ആർജ്ജിച്ചെടുത്തതും പൊരുതി നേടിയതുമായ മൂല്യങ്ങളെയാകെ ഇല്ലായ്മ ചെയ്യുന്ന നയങ്ങൾ വാണിജ്യ വൽക്കരണത്തിനും കോർപറേറ്റ് താല്പര്യങ്ങൾക്കും വർഗീയ വൽക്കരണത്തിനും ഊന്നൽ നൽകുന്നതാണ്. പൗരന്മാർക്കിടയിലെ ശത്രുത പരമായ വിഭജനത്തിലൂടെ മനുഷ്യന്റെ ജീവൽ പ്രശ്‌നങ്ങൾക്കെതിരായുള്ള പോരാട്ടങ്ങളിലെ പൊതു ഐക്യത്തെ ദുർബലപ്പെടുത്താനുള്ള നീക്കവും അവർ നടത്തുന്നു. നവലിബറൽ നയത്തിൻറെ ചുവടു പിടിച്ചു കൊണ്ട് കേന്ദ്ര സർക്കാർ സർവ്വീസിലും പൊതുമേഖല സ്ഥാപനങ്ങളിലും നിയമന നിരോധനവും തസ്തിക വെട്ടിക്കുറക്കലും വ്യാപകമാക്കിയിരിക്കുന്നു.
2014-ൽ നരേന്ദ്ര മോദി അധികാരത്തിൽ വരുമ്പോൾ നികത്താതെ കിടന്നിരുന്ന സർക്കാർ ഒഴിവുകൾ 4.2 ലക്ഷമായിരുന്നുവെങ്കിൽ നിലവിൽ അത് 12 ലക്ഷത്തിലധികമായി വർദ്ധിച്ചിരിക്കുകയാണ്.

ആകെ തൊഴിൽ ശക്തിയുടെ 10% തൊഴിൽ രഹിതരാണ് രാജ്യത്തുള്ളത്. പ്രതിവർഷം 80 ലക്ഷം യുവജനങ്ങളാണ് തൊഴിലന്വേഷകരായി ഇന്ത്യയിൽ സൃഷ്ടിക്കപ്പെടുന്നത് എന്നാണ് കണക്ക്. 40 ലക്ഷം അനുവദിക്കപ്പെട്ട തസ്തികകൾ ഉള്ളതിൽ നാലിലൊന്ന് ഒഴിഞ്ഞു കിടക്കുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. അപ്രകാരം തൊഴിൽ വാഗ്ദാനം നിരന്തരം ലംഘിച്ചു കൊണ്ട് രാജ്യത്തെ യുവജനങ്ങളെ വഞ്ചിക്കുന്ന നിലപാടുകളുമായി മുന്നോട്ട് പോവുകയും ചെയ്യുന്നു മോദി സർക്കാർ. കേന്ദ്ര സർക്കാർ നേരിട്ട് നിയമനം നടത്തുന്ന തസ്തികകളിലെ ഒഴിവുകളുടെ എണ്ണം നിരന്തരം വർദ്ധിക്കുമ്പോൾ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണമാകട്ടെ വർഷം തോറും കുറയുകയാണ് ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും വലിയ തൊഴിൽദാതാവായി കണക്കാക്കപ്പെടുന്ന ഇന്ത്യൻ റെയിൽവെയിലും അപ്രഖ്യാപിത നിയമന നിരോധനമാണ് നില നിൽക്കുന്നത്. 3.14 ലക്ഷം തസ്തികകളാണ് റെയിൽവെയിൽ നിയമനം നടത്താതെ ഒഴിച്ചിട്ടിരിക്കുന്നത്. ഇത് മൊത്തം അംഗീകരിച്ച 14.95 ലക്ഷം തസ്തികയുടെ 21 ശതമാനമാണ്. വിദ്യാഭ്യാസ രംഗവും തൊഴിൽ മേഖലയും തകർക്കുന്ന കേന്ദ്ര ഭരണ കൂടം കടുത്ത യുവജന വിരുദ്ധത മുഖ മുദ്രയാക്കിക്കൊണ്ടാണ് കടന്നു പോകുന്നത്.

ഇന്നലെകളിലെ സമാനതകളില്ലാത്ത പോരാട്ടങ്ങളും സഹനങ്ങളും കൂടുതൽ പ്രസക്തവും അനിവാര്യവുമായ ഒരു സാമൂഹ്യ-രാഷ്ട്രീയ പശ്ചാത്തലത്തിലാണ് സഖാവ് ജയ പ്രകാശ് ദിനം നാം ആചരിക്കുന്നത്. സമകാലിക വിഷയ മുദ്രാവാക്യങ്ങളിലൂടെ പ്രതിഷേധത്തിന്റെ അഗ്നിജ്വാലയായി തെരുവുകളിലേക്ക് ഇറങ്ങേണ്ട വർത്തമാന കാല സാഹചര്യത്തിൽ അത്തരം പോരാട്ടങ്ങളിൽ നമുക്ക് എന്നും ആവേശവും ഊർജ്ജവുമാണ് അനശ്വര രക്ത സാക്ഷി ജയപ്രകാശ്.

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!

Most Popular

Recent Comments

Shares