ആസാദ് ആർ.സുരേന്ദ്രൻ
1946-ലെ ഐതിഹാസികവും, ത്യാഗോജ്ജ്വലവുമായ സമരം. “ദേശാഭിമാനി”യിൽ അക്കാലത്തുവന്നുകൊണ്ടിരുന്ന വാർത്തകൾ ഒഴിച്ചാൽ അതേപറ്റി പിന്നെ ആകെയുള്ള അറിവ് പലരിൽ നിന്നും കേട്ട കഥകളും, പലരും രചിച്ച രചനകളും മാത്രമാണ്.ഈ അവ്യക്തതയുടെ മേഘപടലത്തിനിടയിലൂടെ ചില ഐതിഹാസികകഥാപാത്രങ്ങൾ എന്റെ ഭാവനയിലുണ്ട്. ഒന്ന് “കുന്തക്കാരൻ പത്രോസ് “പിന്നെയൊന്ന് സി. കെ. കുമാരപ്പണിക്കർ. ഏറ്റവും മികച്ചു നിന്ന ചിത്രം സ. ടി. വിയുടേത് തന്നെ.
ഭംഗിയുള്ള ആ ഇരുണ്ട നിറവും ഒരു കായിക താരത്തിന്റേതുപോലെ വ്യായാമദൃഡമായ ശരീരവും ഒത്ത പൊക്കവും, സൈഡ് തുറന്ന് മുകളിൽ ബട്ടനിടാത്ത വെള്ള ജൂബ്ബയും -പൗരുഷ പൂർണ്ണമായ ആ ആകാരം..””ബയനറ്റുറപ്പിച്ച നിറതോക്കുകളുമേന്തിയ നൂറു കണക്കിന് പട്ടാളക്കാർ ചൂഴേ നിന്ന് ആലപ്പുഴയിലെ തെരുവുകളിലൂടെ ആ പുരുഷപുംഗവനെ നടത്തിക്കൊണ്ടുപോകുന്ന ഭീകര ദൃശ്യം എന്റെ മനോമുകരത്തിൽ പ്രതിഫലിച്ചിരുന്നു പലപ്പോഴും . സ.ടി. വി.യെപ്പറ്റി അദ്ദേഹത്തിന്റെ വിരോധികൾ പല കാലങ്ങളായി പല അപവാദങ്ങളും പറഞ്ഞു പരത്തിയിട്ടുണ്ട്. എന്നാൽ അവരിൽ ഒരാൾ പോലും ഒരിക്കലും ടി.വി ഒരു ഭീരുവാണെന്ന് പറഞ്ഞിട്ടില്ല.

പുന്നപ്ര – വയലാർ ധീരരുടെ ഇതിഹാസമാണ്. നിറതോക്കുകൾക്കെതിരെ വാരിക്കുന്തങ്ങളുമായി ഇഴഞ്ഞു നീങ്ങി ‘കിരാത ‘നായ സർ . സി. പി. യുടെ പട്ടാളത്തെ നേരിട്ട കഥ . ഒളിവിലിരുന്നു കൊണ്ട് അവരെ നയിച്ച രാഷ്ട്രീയ നേതാക്കന്മാരുടെ ധീരതയെ രാഷ്ട്രീയ പ്രതിയോഗികൾ പലപ്പോഴും ചോദ്യം ചെയ്തിട്ടുണ്ട്. അവ കേവലമായ രാഷ്ട്രീയ വൈരം മൂലമാണ്.
എന്നാൽ സ.ടി.വി യെ സംബഡിച്ച് അങ്ങനെ ഒരു ആക്ഷേപത്തിന് പോലും സാധ്യതയുണ്ടാകുമായിരുന്നില്ല. ഒളിവിൽ പോകാതെ സമരഭൂമിയുടെ നടുവിൽ ജീവിച്ച് അതിനെ നേരിടണമെന്നായിരുന്നു കമ്മ്യൂണിസ്റ്റ്പാർട്ടി ടി.വി യ്ക്ക് നൽകിയ നിർദ്ദേശം. അത് അദ്ദേഹം ഒരു കൂസലും കൂടാതെ അക്ഷരം പ്രതി നിർവഹിച്ചു. സർ. സി. പി. രാമസ്വാമി അയ്യർ തിരുവിതാംകൂർ വിടുകയും രാഷ്ട്രീയത്തടവുകാരെല്ലാം മോചിപ്പിക്കപ്പെടുകയും ചെയ്തതിനു ശേഷം സ.ടി.വിയ്ക്ക് രാജ്യമാസകലം വമ്പിച്ച സ്വീകരണങ്ങൾ നൽകപ്പെട്ടു. ആ സ്വീകരണങ്ങളിൽ സ.ടി.വി.നടത്തിയ പ്രസംഗങ്ങൾ ജനസഹസ്രങ്ങളെ ഇളക്കി മറിക്കുന്നവയായിരുന്നു.
1940-കളിൽ 40,000 -ത്തോളം അംഗസംഖ്യയുള്ള തിരുവിതാംകൂർ കയർ ഫാക്ടറി തൊഴിലാളി യൂണിയന്റെ പ്രസിഡന്റായി. ശ്രീ. പി. എൻ. കൃഷ്ണ പിള്ളയെ തോൽപ്പിച്ച് സ.ടി. വി തോമസ് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് രാഷ്ട്രീയ കേരളം ആ പേര് മനപ്പാഠമാക്കുന്നത്. 1942 – മെയ് മാസത്തിൽ തൃശൂരിൽ വച്ചു നടത്തിയ ഒന്നാമത്തെ അഖില കേരള സോവിയറ്റു സുഹൃത്ത് സമ്മേളനത്തിൽ ‘സെലറ്റ ‘ ( സെലറ്റ ഒരു പ്രത്യേകതരം കയർ) സമരമടക്കം നടത്തി കമ്മ്യൂണിസ്റ്റു പാർട്ടിയുടെ അഖിലേന്ത്യാ നേതൃത്വം പോലും അഭിനന്ദിച്ച ആ സമരത്തിന്റെ നായകനനായ സ.ടി.വി യെയാണ് അന്ന് ആ പൊതുസമ്മേളനത്തിനായി തെരഞ്ഞെടുത്തത്. നേതൃനിരയിൽ പ്രഗത്ഭരും,വിദ്യാ സമ്പന്നരുമായവരുടെ അതിപ്രസരം ഇരമ്പി നിന്ന കാലത്താണ് ഇത് നടന്നത് ടി വി തൊഴിലാളിവർഗ്ഗത്തിന് എത്രമാത്രം സ്വീകാര്യനെന്ന് വിളിച്ചോതുന്നതാണ് ഇത്.

1952 – ലെ ആദ്യ പൊതു തെരഞ്ഞെടുപ്പവസാനിച്ചപ്പോൾ തിരു-കൊച്ചി നിയമസഭയിലെ പ്രതിപക്ഷ നേതാവായി പാർട്ടി നിസംശയം തെരഞ്ഞെടുത്തതും ബഹുജനാടിത്തറയേറിയ സ.ടി.വി യെ തന്നെയായിരുന്നു . എന്നാൽ സ.ടി.വി യുടെ പാർലമെന്ററി പ്രാല്ഭ്യം പുഷ്പിച്ചു വിലസിയത് 1967 മുതൽ 1976 വരെയുള്ള കാലഘട്ടത്തിൽ അദ്ദേഹം മന്ത്രിയായിരുന്നപ്പോഴാണ് . അന്ന് അദ്ദേഹം നാലു ഭാഗത്തു നിന്നും വന്ന വിമർശനങ്ങൾക്ക് മറുപടി നൽകിക്കൊണ്ടു നടത്തിയിട്ടുള്ള പ്രസംഗങ്ങൾ. പ്രസംഗം കൊണ്ടുള്ള അടിതടവുകലയിലെ നിസ്തൂലങ്ങളായ ഉജ്ജ്വല പ്രകടനങ്ങൾ, നാടൻ ഫലിതങ്ങൾ, സ്വാരസ്യ മൂറുന്ന ഉപമകൾ,മർമ്മം തുളയ്ക്കുന്ന പരിഹാസാസ്ത്രങ്ങൾ, ഇങ്ങനെ നീളുന്ന ആ ശൈലി പ്രശംസാർഹം തന്നെയായിരുന്നു . സ.ടി.വി തോമസ് എപ്പോഴും ഒരു ആലപ്പുഴക്കാരനായിരുന്നു . എല്ലാത്തിനുമുപരി ആലപ്പുഴക്കാരനായിരുന്നു.
അദ്ദേഹത്തിന്റെ ജീവിത കഥ മനസ്സിലാക്കുമ്പോൾ ആലപ്പുഴയുമായുള്ള അദ്ദേഹത്തിന്റെ ഈ വൈകാരിക ബന്ധത്തിന്റെ വ്യാപ്തിയുടെ കാരണം മനസ്സിലാക്കാൻ പ്രയാസമില്ല.എങ്കിലും ഈ സമീപനത്തെ ചൊല്ലി സഖാക്കൾ അദ്ദേഹത്തെ പലപ്പോഴും കളിയാക്കിയിരുന്നു. ആലപ്പുഴ വിട്ടാൽ – തിരുവനന്തപുരം, തിരുവനന്തപുരം വിട്ടാൽ ആലപ്പുഴ ഇതിനപ്പുറം ടി.വി. ക്ക് ലോകമില്ലെന്നവർ ആക്ഷേപിക്കാറുണ്ട്.എ. കെ. ജി.,അച്യുതമേനോൻ മുതലായവരെപ്പോലെ ഒരു അഖിലകേരള നാകാനൊ,അഖിലേന്ത്യാനാകാനോ ടി. വി. ഒരിക്കലും ശ്രമിച്ചിട്ടില്ല. അദ്ദേഹം അത് ഇഷ്ടപ്പെട്ടിട്ടില്ല. താൻ സ്നേഹിച്ച ആലപ്പുഴയിലെ പണിപ്പാവങ്ങളുടെ തൊഴിലില്ലായ്മയ്ക്ക് ഒരു ഉപശാന്തി ഉണ്ടാക്കുക എന്നതായിരുന്നു സർവ്വോപരി അദ്ദേഹത്തിന്റെ ജീവിത ലക്ഷ്യം അതിനുവേണ്ടിയാണദ്ദേഹം കേരള മന്ത്രിസഭയിൽ വ്യവസായ വകുപ്പു തന്നെ ശഠിച്ചത്. തന്റെ നാടിനെ വ്യാവസായീകരിക്കാൻ വേണ്ടിയുള്ള തൃഷ്ണയാൽ പ്രേരിതനായി കേരളത്തിന് പുറത്ത് കടക്കാൻ പോലും മടിച്ചിരുന്ന ടി.വി. ജപ്പാൻ സന്ദർശിച്ചു. “കമ്മ്യൂണിസ്റ്റ് മൂല്ല്യങ്ങൾ കളഞ്ഞുകുളിച്ച ഒരു ജാപ്പനീസ് ബൂർഷ്വാ ഏജന്റ് “എന്നു വരെ അന്നദ്ദേഹത്ത അന്ന് പ്രതിപക്ഷം ആക്ഷേപിച്ചു. അക്കൂട്ടർ ബംഗാളിൽ അധികാരത്തിൽ വന്ന ഉടനെ ആഗോളക്കുത്തകയായ ഫിലിപ്സ് കമ്പനിയുമായി ഇക്ട്രോണിക് വ്യവസായത്തിന് കൂട്ടുകരാർ അക്കാലത്ത് ഉണ്ടാക്കിയതും മറ്റൊരു ചരിത്രം . അവരിന്നും വിപ്ലവ കമ്മ്യൂണിസ്റ്റുകളാണ്. ! എന്നാൽ ജപ്പാനിൽ പോയി എന്ന ഒരു വസ്തുതയൊഴികെ ഒരൊറ്റ ജാപ്പനീസ് കുത്തകയുമായിപ്പോലും ഒരു പുതിയ കരാർ ഉണ്ടാക്കാത്ത ടി. വി. അന്ന് ജാപ്പനീസ് ഏജന്റും . ഇത്തരം നിർദയ എതിർപുകളുടെ മദ്ധ്യത്തിൽ നിന്നുകൊണ്ട് കേരളത്തിന്റെ വ്യാവസായികരണത്തിന് ഭദ്രമായ അടിത്തറയിടുവാൻ അദ്ദേഹത്തിന് നന്നായി എന്നതും അദ്ദേഹത്തിന്റെ സവിശേഷതയാണ് .
കയർ വ്യവസായ പുനരുദ്ധാരണത്തിന് 50 കോടി രൂപയുടെ അടുത്തു നിക്ഷേപം വേണ്ട ബൃഹത്തായ ഒരു പദ്ധതിക്ക് അദ്ദേഹം രൂപം നൽകി. കശുവണ്ടി വ്യവസായത്തിലെ ആവർത്തിച്ചാവർത്തിച്ചുണ്ടാക്കുന്ന തൊഴിൽ സ്തംഭനങ്ങൾക്ക് പരിഹാരമുണ്ടാക്കാനുള്ള ഒരു പദ്ധതി നടപ്പിലാക്കി. വാളയാർ സിമന്റ്, കൊല്ലത്തെ ടൈറ്റാനിയം കോംപ്ലക്സ്, ആലപ്പുഴയിലെ ഉരുക്കുവ്യവസായ യൂണിറ്റുകൾ മുതലായ വൻകിട വ്യവസായങ്ങൾക്കദ്ദേഹം അടിത്തറ പാകി. ഡ്രഗ്‌സ്, ബിയർ, ടെക് സ്റ്റൈയിൽസ് എന്നീ മേഖലകളിൽ പല പുതിയ യൂണിറ്റുകളും പ്രവർത്തനങ്ങളും കൊണ്ടുവന്നു.
10,000 ചെറുകിട വ്യവസായങ്ങൾ നാലു വർഷം കൊണ്ട് ആരംഭിക്കാനുള്ള ഒരു പദ്ധതി. പതിനായിരക്കണക്കിന് ബീഡി തൊഴിലാളികൾക്ക് ജോലി ഉറപ്പു നൽകുന്ന ദിനേശ് ബീഡി സഹകരണ സംഘം, ലക്ഷത്തോളം തൊഴിലാളികളുടെ വരുമാനം മെച്ചപ്പെടുത്തിയ ബാംബൂ കോർപ്പറേഷൻ തുടങ്ങിയവയെല്ലാം ടി.വി യുടെ സംഭാവനകളാണ്. സർ . സി പി ക്ക് മുന്നിൽപ്പോലും ഭയന്നിട്ടില്ലാത്ത ആ മനുഷ്യന്റെ അവസാന കാലം അത്യന്തം ദാരുണമായിരുന്നു മാരകമായ രോഗത്തിന്റെ പിടിയിലായ അദ്ദേഹം അതിനോട് മല്ലിട്ട് നിന്നെങ്കിലും ഒടുവിൽ ..