ഹൈദരാബാദ്: കേന്ദ്ര സർവകലാശാല പി എച്ച് ഡി വിദ്യാർത്ഥിയായിരുന്ന രോഹിത് വെമുലയുടെ മരണത്തിൽ പുനരന്വേഷണത്തിന് ഉത്തരവിട്ട് തെലങ്കാന പൊലീസ്. രോഹിത് ദളിത് വിഭാഗത്തിൽനിന്നുള്ള ആളല്ലെന്നും യത്ഥാർഥ ജാതി പുറത്തറിയുമോ എന്ന ഭയവുമാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത് എന്നായിരുന്നു കഴിഞ്ഞ ദിവസം പൊലീസ് സമർപ്പിച്ച ക്ലോഷർ റിപ്പോർട്ടിലൂടെ വ്യക്തമാക്കിയത്. ഇതിനെതിരെ രോഹിത്തിന്റെ അമ്മ ഉൾപ്പെടെയുള്ളവർ രംഗത്തുവന്നതിന് പിന്നാലെയാണ് സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവ്.
രോഹിത് സമർപ്പിച്ച ജാതി സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്നും അദ്ദേഹം പട്ടികജാതി വിഭാഗത്തിൽ പെട്ട വ്യക്തിയല്ലെന്നുമായിരുന്നു ക്ലോഷർ റിപ്പോർട്ടിലെ പരാമർശം. കേസിൻ്റെ അന്തിമ റിപ്പോർട്ട് 2018ൽ തയ്യാറാക്കിയതാനെന്നാണ് ക്ലോഷർ റിപ്പോർട്ട് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ഡിജിപി രവി ഗുപ്ത അറിയിച്ചത്. ഇതാണ് 2024 മാർച്ച് 21ന് കോടതിയിൽ ഔദ്യോഗികമായി സമർപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേസിൽ തുടരന്വേഷണത്തിന് അനുമതി നൽകണമെന്ന് ബഹുമാനപ്പെട്ട മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെട്ട് ബന്ധപ്പെട്ട കോടതിയിൽ ഹർജി നൽകുമെന്നും ഡിജിപി വിശദീകരിക്കുന്നു.
വെള്ളിയാഴ്ച തെലങ്കാന പൊലീസ് കോടതിയിൽ സമർപ്പിച്ച ക്ലോഷർ റിപ്പോർട്ട് ഏറെ ചർച്ചയായിരുന്നു. ഹൈദരാബാദ് സർവകലാശാലയിൽ തനിക്ക് നേരിടേണ്ടി വന്ന ദളിത് വിവേചനങ്ങൾ മൂലം 2016 ജനുവരി 17നായിരുന്നു രോഹിത് വെമുല ജീവനൊടുക്കിയത്. എന്നാൽ അങ്ങനെയൊരു സംഭവം തള്ളുന്നതായിരുന്നു തെലങ്കാന പൊലീസിന്റെ റിപ്പോർട്ട്. കൂടാതെ കേസിൽ കുറ്റാരോപിതരായിരുന്ന എല്ലാവരെയും വെറുതെവിടുകയും ചെയ്തിരുന്നു.
അതേസമയം, രോഹിത് വെമുലയുടെ മാതാവിനേയും സഹോദരനേയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കൂടിക്കാഴ്ചക്കായി ക്ഷണിച്ചിട്ടുണ്ട്. രോഹിത് വെമുലയുടെ നീതിക്കായി പൊരുതിയ അധ്യാപകരും വിദ്യാർഥികളും കൂടിക്കാഴ്ചയിൽ പങ്കെടുക്കും. രോഹിത് വെമുല കേസിൽ തെലങ്കാന പൊലീസ് അന്തിമ റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ നടപടി.