
ഡോ. വള്ളിക്കാവ് മോഹൻദാസ്
സാംസ്കാരികമായി ഭാരതം ബഹുസ്വരതയുടെ പാരമ്പര്യമാണ് കയ്യാളുന്നത്. വ്യത്യസ്ത ദർശനങ്ങൾ, അനേകം ഭാഷകൾ, വൈവിധ്യമാർന്ന കലാരൂപങ്ങൾ, ബഹുവർണ്ണ വസ്ത്രാലങ്കാര രീതികൾ, അനേകമനേകം രുചി വ്യത്യാസങ്ങൾ, ഇങ്ങനെ ഇന്ത്യയെപ്പോലെ ഒരു രാജ്യം ലോകത്ത് മറ്റെവിടെയും ഉണ്ടാവുകയില്ല. ഈ വൈവിധ്യമാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ മതേതര ഭാരതം എന്ന ഖ്യാതി നമ്മുടെ രാജ്യത്തിന് കൈവരാൻ ഇടയാക്കിയത്. ഓരോ ഭാരതീയനും അതിലഭിമാനം കൊള്ളുന്നുമുണ്ട്. ലോ കോത്തരമായ മതനിരപേക്ഷ ഭരണഘടനയ്ക്ക് കീഴിൽ ഹിന്ദുവും മുസൽമാനും ബൗദ്ധനും ജൈനനും പാഴ്‌സിയും ക്രൈസ്തവരും ഏകോദര സഹോദരരെപ്പോലെ കഴിഞ്ഞിരുന്ന നാട് എന്ന പ്രശസ്തിയും ഭാരതത്തിന് ലഭിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദശകത്തിൽ രാജ്യം നേരിട്ട ഏറ്റവും വലിയ വെല്ലുവിളി നാം അനുഭവിച്ച മതനിരപേക്ഷ സങ്കല്പത്തിനേറ്റ മുറിവുകളാണ്.
ബ്രിട്ടീഷുകാരുടെ കാലത്ത് ഭരണം നിലനിർത്തുന്നതിനായി അവർ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രം പ്രയോഗിക്കുകയും ഹിന്ദുവിനെയും മുസൽമാനെയും രണ്ട് ധ്രുവങ്ങളിലേക്കാക്കി വിഭജനം സാധ്യമാക്കുകയും ചെയ്തു. വിഭജനത്തിന് എക്കാലവും എതിരായിരുന്ന ഗാന്ധിജിയെ മതഭ്രാന്തനായ ഒരുവൻ അരുംകൊല ചെയ്തതോടെ ഭൂരിപക്ഷം മതത്തിലെ ചിലരുടെ ക്രൗര്യ മുഖം പ്രത്യക്ഷമാകുകയും ചെയ്തു. ഇപ്പോഴിതാ ആധുനിക ശാസ്ത്രയുഗത്തിൽ രാജ്യത്തെ മതരാഷ്ട്രമാക്കാനുള്ള കുത്സിത ശ്രമങ്ങൾ തകൃതിയായി നടക്കുന്നു.
അപകടകരമായ സാംസ്കാരിക ഇടപെടലുകൾ എവിടെ നടന്നാലും അത് ഏകാധിപത്യത്തിലേക്കോ ഫാസിസത്തിലേക്കോ ഒക്കെയുള്ള പോക്കാണെന്ന് ആധുനികലോകം തിരിച്ചറിഞ്ഞിട്ടുണ്ട്. സാംസ്കാരിക രാഷ്ട്രീയമാണ് ഹിറ്റ്ലറും മുസോളിനിയുമൊക്കെയെടുത്ത് പ്രയോഗിച്ചിട്ടുള്ളത് എന്നും ചരിത്രം കാണിച്ചു തരുന്നുണ്ട്. രാജ്യത്തിന്റെ സാംസ്കാരിക നന്മകൾ ഒന്നൊന്നായി തകർക്കുകയും സമാന്തരമായി അന്ധവിശ്വാസത്തിൽ അധിഷ്ഠിതമായ ചരിത്രം ജനങ്ങളെയാകെ പഠിപ്പിക്കുവാൻ മുതിരുകയും ചെയ്യുമ്പോൾ സാംസ്കാരിക രംഗമാകെ കലുഷിതമാകുന്നു. ഇന്ത്യ ഇതാ അത്തരം ഒരു ഇരുണ്ട കാലഘട്ടത്തിലൂടെ കടന്നു പോകുകയാണെന്ന് സാംസ്കാരിക പ്രവർത്തകർ ഉറക്കെ വിളിച്ചു പറയേണ്ട സന്ദർഭം സംജാതമായിരിക്കുന്നു.
ഇന്ത്യയിൽ പഠന മേഖലകളിൽ ആകെ ഒരു ഭാഷമതി എന്ന തീരുമാനത്തിലേക്ക് എത്തുകയും എല്ലാ സാങ്കേതിക സ്ഥാപനങ്ങളിലും കേന്ദ്ര സർവകലാശാലയിലും നവോദയ വിദ്യാലയം ഉൾപ്പെടെയുള്ള വിദ്യാലയങ്ങളിലും കേന്ദ്ര ഗവേഷണ സ്ഥാപനങ്ങളിലുമെല്ലാം ഹിന്ദി ഭാഷ നിർബന്ധിതമാക്കുകയും ചെയ്യുമ്പോൾ ബഹുഭാഷാ സമ്പ്രദായം തകരുകയായി.
ഉന്നത വിദ്യാഭ്യാസ മേഖലയാകെ പ്രബലമാക്കുവാൻ പ്രതിജ്ഞാബദ്ധമായ യൂണിവേഴ്‌സിറ്റി ഗ്രാൻഡ് കമ്മീഷനെ ദുർബലപ്പെടുത്തുകയും അങ്ങനെയൊന്നിനി ആവശ്യമുണ്ടോ എന്ന് ആരായുകയും ചെയ്യുമ്പോൾ നാശോന്മുഖമാകുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയാകെയാണ്. ഡൽഹിയിലെ സുപ്രസിദ്ധമായ ജവഹർലാൽ നെഹ്റു സർവകലാശാല ലോകനിലവാരമുള്ള സ്വയം ഭരണാധികാരങ്ങളുള്ള ഇന്ത്യയിലെ പ്രശസ്തമായ യൂണിവേഴ്‌സിറ്റിയാണ്. എന്നാൽ ആ സ്ഥാപനത്തിന്റെ പരമാധികാരത്തിൽ വിള്ളലുണ്ടാക്കുകയും സംഘപരിവാറിൻ്റെ പിടിയിൽ ഒതുക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ ഉന്നതമായ ലക്ഷ്യങ്ങളുമായി നിലകൊണ്ട ജെഎൻയുവിന്റെ പ്രസക്തി നഷ്ടമാവുകയായി. തീർന്നില്ല, ഇന്ത്യ യിലെ ഏറ്റവും പ്രശസ്തവും മഹാന്മാരായ ചലച്ചിത്രകാരന്മാരുടെ കേളീരംഗവുമായിരുന്ന പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിനെയും നാഷണൽ സ്കൂൾ ഓഫ് ഡ്രാമയെയും ഒരേസമയം ദുർബലപ്പെടുത്തി, അപ്രഗത്ഭരെ കുടിയിരുത്തി തരംതാഴ്ത്തുകയും ചെയ്തു.

സാംസ്കാരിക വിദ്യാഭ്യാസ സ്ഥാപനങ്ങളെ മതവൽക്കരിച്ചതിൻ്റെ പരിണിതഫലം രാജ്യം അടുത്തിടെ കാണുകയുണ്ടായി. ഇന്ത്യയിലെ രാഷ്ട്രീയ നാടകവേദിയിൽ എക്കാലവും തിളങ്ങി നിൽക്കുന്ന നക്ഷത്രമാണ് ബംഗാളി നാടക രചയിതാവും സംവിധായകനുമായ ഉൽപ്പാദത്ത്. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിനായി 1831 ബംഗാളിലെ നാർക്കൽബറിയയിൽ കർഷകർ ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ ആദ്യത്തെ സായുധ കലാപത്തെ അടിസ്ഥാനമാക്കി സന്നദ്ധഭടൻ “തീത്തുമീറി’ നെ കേന്ദ്ര കഥാ പാത്രമാക്കി രചിച്ച അതേ പേരിലുള്ള നാടകം ഉൽപ്പാദത്തിന്റെ പ്രഖ്യാത രചനയാണ്. ജ്യോയ് രാജ് ഭട്ടാചാര്യ എന്ന പ്രശസ്തനായ സംവിധായകൻ ഭാരതരംഗ് മഹോത്സവത്തിൽ “തിത്തുമീർ” അവതരിപ്പിക്കാൻ തയ്യാറാക്കിയപ്പോ മഹാനായ അക്ബർ ചക്രവർത്തിയെ കുറിച്ച് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റു രേഖപ്പെടുത്തിയത് ‘ഇന്ത്യൻ ദേശീയതയുടെ പിതാവ്’ എന്നാണ്. ഇപ്പോൾ 21-ാം നൂറ്റാണ്ടിലെ ദേശീയ പാഠ്യപദ്ധതിയിൽ നിന്നും എൻസിഇആർടിയുടെ പുസ്തകങ്ങളിൽ നിന്നും മദ്ധ്യകാല ഭാരതചരിത്രമായ ‘മുഗൾ ഇന്ത്യ’ പൂർണ്ണമായും ഒഴിവാക്കിയിരിക്കുന്നു. ഇന്ത്യ സാമൂഹികമായും സാമ്പത്തികമായും രാഷ്ട്രീയമായും വികസനപരമായും മുന്നേറിയ മുഗൾ കാലഘട്ടത്തെ മായ്ച്ചു കളയുവാൻ ശ്രമിക്കുമ്പോൾ അത് ചരിത്ര നിരാസമായി മാറുന്നു. ഡൽഹിയിലെ നെഹ്റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറിയെ പരിവർത്തനപ്പെടുത്തി “പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം ആൻഡ് ലൈബ്രറി ” എന്ന പേരു മാറ്റി, ആദ്യ പ്രധാന മന്ത്രി ജവഹർലാൽ നെഹ്റുവിനെ ഇന്ത്യൻ ചരിത്രത്തിൽ നിന്ന് തന്നെ നീക്കം ചെയ്യുവാ നുള്ള ശ്രമങ്ങളും നടക്കുന്നു. ഭാരതത്തിലെ പ്രാചീന നഗരങ്ങളുടെ എല്ലാം പേരുകൾ മാറ്റി ഹൈന്ദവനാമങ്ങളാക്കുന്ന പ്രവർത്തനങ്ങളും ധൃതഗതിയിൽ നടന്നുവരുന്നു. അലഹബാദിനെ പ്രയാഗ് രാജ് ആക്കി മാറ്റിയത് ഉദാഹരണം. ഇതിനെല്ലാം പുറമേ ഇന്ത്യയെന്ന രാഷ്ട്രനാമം തന്നെ മാറ്റി ഭാരതം എന്ന് മാത്രമാക്കിക്കൊണ്ട് മറ്റൊരു ഭരണ പരിഷ്കാരവും നടപ്പിലാക്കി. ദേശീയ ചലച്ചിത്ര അവാർഡുകളിൽ നിന്നും നർഗീസ് ദത്ത്, ഇന്ദിരാഗാന്ധി എന്നീ ഐക്കൺ നെയിമുകളും നീക്കിക്കളഞ്ഞപ്പോൾ ഇടുങ്ങിയ മനസ്സുള്ള കേന്ദ്രത്തിലെ ഭരണാധികാരത്തിന്റെ മലിനമുഖം പുറത്താക്കുകയായി.

ഇന്ത്യൻ സ്വാതന്ത്ര്യ സമരകാലത്തോളം പഴക്കമുള്ള ഇന്ത്യയിലെ പുരോഗമന സാംസ്കാരിക പ്രസ്ഥാനങ്ങൾ ഉണർന്നെഴുന്നേൽക്കേണ്ട സന്ദർഭമാണിത്. രാജ്യത്തെ ആകെ പുരോഗമന കലാ-സാഹിത്യ -സാംസ്‌കാരിക പ്രസ്ഥാ നങ്ങൾ ഒത്തുചേർന്ന് ഫാസിസ്റ്റ് ഭരണക്രമത്തെ പരാജയപ്പെടുത്തുന്നതിനുള്ള ഐക്യനിര കെട്ടിപ്പടുക്കേണ്ടിയിരിക്കുന്നു. മറ്റെല്ലാ അഭിപ്രായ ഭിന്നതകളും മാറ്റിവെച്ച് ഒരേ വേദിയിൽ ഒത്തു കൂടി വർഗീയതയ്ക്കും ഫാസിസത്തിനും എതിരെ സമൂഹമനസാക്ഷിയെ ഉണർത്തുവാൻ കലാസാഹിത്യ സാംസ്കാരിക ഇടപെടലുകൾ ഉണ്ടാകണം. അതിനായി പാട്ടും, കവിതയും, കഥയും, നാടകവും, ഇതര കലാരൂപങ്ങളും, പ്രഭാഷണവും, ഷോർട്ട് ഫിലിമുകളും നവമാധ്യമ ശൃംഖലകളിലെ ലഘു നിർമ്മിതികളും സജ്ജമാക്കുകയും സമൂഹത്തിൽ പ്രചരിപ്പിക്കുകയും വേണം. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്‌സ് ആപ്പ്, ട്വീറ്റർ തുടങ്ങിയ നവമാധ്യമങ്ങളെ പരമാവധി ഉപയോഗപ്പെടുത്തി വർഗീയതയെ ചെറുക്കാനുള്ള ശ്രമങ്ങൾ അടിയന്തരമായി നടത്തുമ്പോഴേ ജനഹിതം നേരായ വഴിയിലേക്ക് നീങ്ങുകയുള്ളൂ. ഈ മത്സരം മതേതര ജനാധിപത്യ റിപ്പബ്ലി ക്കിനെ തിരിച്ചുപിടിക്കാനുള്ള പുത്തൻ സ്വാതന്ത്ര്യ സമരമാണെന്ന് കൂടി ചിന്തിച്ചുകൊണ്ട് സാംസ്കാരിക വിപ്ലവത്തിന് ഇറങ്ങിത്തിരിക്കാം. ഇന്ത്യയെ അസ്ഥിരപ്പെടുത്താതെ കാത്തു സൂക്ഷിക്കേണ്ട ഉത്തരവാദിത്വത്തിൽ നിന്നും മാനവികതാ ബോധമുള്ള ആർക്കും മാറിനിൽക്കാനുമാകില്ലല്ലോ.
കടപ്പാട്: നവയുഗം മാസിക