അനശ്വര രക്തസാക്ഷി ഭഗത് സിങിന്റെ പേരിൽ കേരളത്തിന് ഒരു സേനയുണ്ട്. ഏത് ദുരിതത്തിലും ഒന്നുവിളിച്ചാൽ, ഓടിയെത്താൻ ചങ്കുറപ്പുള്ള ഒരുപറ്റം യുവാക്കളുടെ സേന. എഐവൈഎഫിന്റെ ഭഗത് സിങ് യൂത്ത് ഫോഴ്‌സ്. സംസ്ഥാന വ്യാപകമായി പരിശീലനം ലഭിച്ച 10000 പേരുടെ സേനയാണ് എഐവൈഎഫിന്റെ ഭഗത് സിങ് യൂത്ത് ഫോഴ്സിനുളളത്. കഴിഞ്ഞ പ്രളയകാലത്തും, കോവിഡ് കാലത്തും ഭഗത് സിങ് യൂത്ത് ഫോഴ്സിന്റെ നേതൃത്വത്തിൽ നിരവധിയായ സനദ്ധ സേവന ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരുന്നു. ഏത് പ്രതിസന്ധി ഘട്ടത്തിലും ജനങ്ങൾക്ക് വേണ്ടി കൂടുതൽ കാര്യക്ഷമമായ ഇടപെടൽ വേണമെന്ന ചിന്തയിൽ നിന്നാണ് സംസ്ഥാന വ്യാപകമായി യൂത്ത് ഫോഴ്സ് സംഘടിപ്പിക്കാൻ സംഘടന തീരുമാനിച്ചത്.
കോവിഡ് കാലത്ത്, രോഗികളുടെയും മരണപ്പെട്ടവരുടെയും വീടുകൾ സാനിറ്റെസ് ചെയ്യാൻ ആദ്യം രംഗത്തിറങ്ങിയ സംഘടന എഐവൈഎഫ് ആയിരുന്നു. ബിരിയാണി ചലഞ്ച്, ന്യുസ് പേപ്പർ ചലഞ്ച് തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ സംസ്ഥാന സർക്കാരിനെ സഹായിക്കാനും നിർധരരായ വിദ്യാർത്ഥികൾക്ക് ലോക്ഡൗൺ കാലയളവിൽ പഠന സൗകര്യത്തിനായി മൊബൈൽ ഫോണും ടിവിയും വാങ്ങി നൽകുന്നതിന്നതിനും സംഘടനയ്ക്ക് കഴിഞ്ഞു.
ലക്ഷക്കണക്കിന് ഭക്ഷ്യക്കിറ്റുകൾ ഇക്കാലയളവിൽ എഐവൈഎഫിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു. 2018 ലും 2019 ലും കേരളത്തിൽ സംഭവിച്ച പ്രളയത്തെ തുടർന്നുളള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് എഐവൈഎഫിന്റെ യൂത്ത് ഫോഴ്‌സ് വോളന്റിയർമാർ ആയിരുന്നു. ഇത്തരം പ്രവർത്തികളുടെ പ്രാധാന്യം മുന്നിൽ കണ്ടാണ് യൂത്ത് ഫോഴ്സിന്റെ പ്രവർത്തനം എഐവൈഎഫ് സംസ്ഥാന നേതൃത്വം വിപുലീകരിച്ചത്.
ഭഗത് സിങ് യൂത്ത് ഫോഴ്സിന്റെ ലക്ഷ്യങ്ങൾ
വാർഡ് തലം വരെ സേനാഗംങ്ങളുടെ സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. പാലിയേറ്റീവ് പ്രവർത്തനം, ദുരിതാശ്വാസ പ്രവർത്തനങ്ങൾ, രക്തദാനം, ദുരന്ത നിവാരണം, ജീവകാരുണ്യം, സന്നദ്ധ സേവനം, എന്നീ മേഖലകളിലാണ് പ്രധാനമായും പ്രവർത്തിക്കുക.കൂടാതെ സർക്കാരിന്റെ ഇത്തരം പ്രവർത്തനങ്ങൾക്ക് സഹായം നൽകുന്നതിനും ഭഗത് സിങ് യൂത്ത് ഫോഴ്സ് ലക്ഷ്യമിടുന്നു
പ്രവർത്തനരീതി
മണ്ഡല അടിസ്ഥാനത്തിലും പഞ്ചായത്ത് അടിസ്ഥാനത്തിലുമാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സംസ്ഥാനത്തെ 14 ജില്ലകളിലും ക്യാമ്പുകൾ സംഘടിപ്പിച്ചു. ഒരു പഞ്ചായത്തിൽ ചുരുങ്ങിയത് 25 വോളന്റിയർമാരെങ്കിലും പ്രവർത്തനങ്ങനൾക്ക് സജ്ജമായിട്ടുണ്ടാകണം. ദുരിത നിവാരണ പ്രവർത്തനങ്ങളക്കെല്ലാം പരിശീലനം ലഭിച്ച യുവതി യുവാക്കളാണ് ഇത്തരം പ്രവർത്തനങ്ങൾക്കായി മുന്നിട്ടിറങ്ങുന്നത്.
സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്നതിനുളള വിപുലമായ പദ്ധതികളാണ് എഐവൈഎഫ് മുന്നോട്ട് വെയ്ക്കുന്നത്. അതിനായി 10000 പേരുടെ ലിസ്റ്റ് കൈമാറാൻ എഐവൈഎഫ് സജ്ജമാണെന്ന് മുഖ്യമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്. ഭഗത് സിംങ് യൂത്ത് ഫോഴിസിന്റെ പ്രവർത്തനങ്ങൾക്ക് നിരവധി പേരാണ് പിന്തുണയുമായി രംഗത്ത് വരുന്നത്.
ധീര രക്തസാക്ഷിയുടെ പേര്
സന്നദ്ധ സേനയ്ക്ക് പേരിടാൻ ആലോചനയുണ്ടായപ്പോൾ, രണ്ടാമതൊരു ചിന്ത വന്നില്ല. ധീര സഖാവ് ഭഗത് സിങിന്റെ പേര് തന്നെ സേനയ്ക്ക് നൽകാൻ ഒറ്റക്കെട്ടായ തീരുമാനെടുത്തു. അങ്ങനെ ഭഗത് സിങിന്റെ പേരിൽ ഒരു സേനയുണ്ടായി.