സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അന്ത്യാഞ്ജലിയുമായി പതിനായിരങ്ങൾ രാത്രി വൈകിയും ഒഴുകിയെത്തുന്നു. അദ്ദേഹത്തിന്റെ ചേതനയറ്റ ശരീരവുമായി തലസ്ഥാനത്ത് നിന്ന് ആരംഭിച്ച വിലാപയാത്ര പ്രതീക്ഷിച്ചതിലും ഏറെ വൈകിയാണ് മുന്നോട്ട് നീങ്ങുന്നത്. യാത്രയിൽ കാനത്തെ അവസാനമായി ഒരു നോക്കുകാണാൻ ഓരോ നിമിഷത്തിലും നെഞ്ചുലഞ്ഞ മനുഷ്യരുടെ നീണ്ട നിരയാണ്. ഏങ്ങും കണ്ണീരും അളവറ്റ സ്നേഹവുമായിരുന്നു ദൃശ്യമായത്. തിരുവനന്തപുരത്ത് നിന്ന് തുടങ്ങിയ തിക്കും തിരക്കും രാത്രി വൈകിയും ദൃശ്യമാണ്. പ്രിയ സഖാവിനെ അവസാനമായി ഒരു നോക്ക് കാണാനായി രാഷ്ട്രീയ നേതാക്കളും പ്രവർത്തകരും സാധാരണ ജനങ്ങളും നിറഞ്ഞ കണ്ണുകളുമായി കാത്തു നിൽക്കുകയാണ്. കൊല്ലം ജില്ലയിലേക്ക് യാത്ര കടന്നപ്പോൾ ജനസാഹരമാണ് പ്രിയ സഖാവിനെ കാണാനായി ഓരോയിടത്തും തടിച്ചു കൂടിയത്. കാത്തു നിന്ന എല്ലാവരെയും കാണിച്ചു പോയാൽ മതിയെന്ന് പാർട്ടി തീരുമാനിക്കുകയായിരുന്നു. അടൂരിലും പന്തളത്തും ജനക്കൂട്ടം വിട്ടൊഴിയാതെ നിന്നത് യാത്ര പിന്നെയും ഏറെ വൈകിപ്പിച്ചു.
സാമൂഹിക, രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ ഉൾപ്പടെ ആയിരക്കണക്കിന് പേരാണ് പട്ടത്തെ പിഎസ് സ്മാരകത്തിൽ തങ്ങളുടെ പ്രിയനേതാവ് കാനത്തിന് അന്ത്യാഞ്ജലി അർപ്പിച്ചത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്രമന്ത്രി വി മുരളീധരൻ, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, കെകെ ശൈലജ, പികെ ശ്രീമതി, എം വിജയകുമാർ, എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ എന്നിവർ ആദരാഞ്ജലി അർപ്പിച്ചു.
സിപിഐ നേതാക്കളായ പ്രകാശ് ബാബു, പന്ന്യൻ രവീന്ദ്രൻ, പി.സന്തോഷ് കുമാർ എംപി, പിപി സുനീർ, ബിനോയ് വിശ്വം, കെഇ ഇസ്മയിൽ, കെപി രാജേന്ദ്രൻ, മന്ത്രിമാരായ കെ രാജൻ, ജിആർ അനിൽ, ചിഞ്ചുറാണി, പിപ്രസാദ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ കാനത്തിന് ആദരാഞ്ജലി അർപ്പിച്ചു. മൃതദേഹത്തിൽ പാർട്ടി പതാക പുതപ്പിച്ചു.
കോട്ടയത്ത് സിപിഐ ജില്ലാ കൗൺസിൽ ഓഫീസിലെ പൊതുദർശനത്തിന് ശേഷം വാഴൂരിലെ വീട്ടിൽ എത്തിക്കും. നാളെ രാവിലെ 11 മണിക്കാണ് സംസ്കാര ചടങ്ങുകൾ. മണ്ണന്തല, വട്ടപ്പാറ, കന്യാകുളങ്ങര, വെമ്പായം, വെഞ്ഞാറമൂട്, കാരേറ്റ്, കിളിമാനൂർ, നിലമേൽ, ചടയമംഗലം, ആയൂർ, കൊട്ടാരക്കര, അടൂർ, പന്തളം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കുറിച്ചി, ചിങ്ങവനം, നാട്ടകം എന്നിവിടങ്ങളിലൂടെയാണ് വിലാപയാത്ര കടന്നു പോകുന്നത്. രാത്രി 9 മണിയോടെ സിപിഐ കോട്ടയം ജില്ലാ കൗൺസിൽ ഓഫീസിൽ മൃതദേഹം എത്തിക്കും. അവിടെ പൊതുദർശനത്തിന് ശേഷം കാനത്തെ വസതിയിലെത്തിക്കും.