ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സൈനിക ക്യാമ്പിന് നേർക്ക് ഭീകരാക്രമണം. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ഒരു സിആർപിഎഫ് ജവാൻ കൊല്ലപ്പെട്ടു. ഭീകരർ നടത്തിയ വെടിവെപ്പിൽ അഞ്ച് സൈനികർക്കും ഒരു സ്‌പെഷൽ പൊലീസ് ഓഫീസർക്കും പരിക്കേറ്റിട്ടുണ്ട്.
ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് റിപ്പോർട്ട്. പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്. അതിനിടെ സൈനിക ക്യാമ്പിന് നേർക്കുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ള കശ്മീർ ടൈഗേഴ്‌സ് ഏറ്റെടുത്തു.
ജമ്മുവിൽ കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ഉണ്ടാകുന്ന മൂന്നാമത്തെ ഭീകരാക്രമണമാണിത്. കഴിഞ്ഞദിവസം കത്വയിൽ ഭീകരർ വെടിയുതിർത്തതിനെ തുടർന്ന് ഒരു സിവിലിയന് പരിക്കേറ്റിരുന്നു. കശ്മീരിലെ റിയാസിയിൽ ഭീകരാക്രമണത്തെത്തുടർന്ന് നിയന്ത്രണം വിട്ട് തീർത്ഥാടകരുടെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പതു പേർ മരിച്ചിരുന്നു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.