Friday, November 22, 2024
spot_imgspot_img
HomeKeralaകമ്മ്യൂണിസ്റ്റ് ഒരിക്കലും തലകുനിക്കരുതെന്ന പാഠം പഠിപ്പിച്ച അധ്യാപകനായിരുന്നു ബി എം ഷെരീഫ്: പന്ന്യൻ രവീന്ദ്രൻ

കമ്മ്യൂണിസ്റ്റ് ഒരിക്കലും തലകുനിക്കരുതെന്ന പാഠം പഠിപ്പിച്ച അധ്യാപകനായിരുന്നു ബി എം ഷെരീഫ്: പന്ന്യൻ രവീന്ദ്രൻ

കരുനാഗപ്പള്ളി: മുൻ സിപിഐ സംസ്ഥാന കൗൺസിൽ അംഗം, കൺട്രോൾ കമ്മീഷൻ അംഗം, ഫാമിങ്‌ കോർപ്പറേഷൻ അംഗം, ജനസേവാദൾ സംസ്ഥാന ക്യാപ്റ്റൻ, ജില്ലാ കൗൺസിൽ പ്രസിഡന്റ്, അർബൻ ബാങ്ക് സ്ഥാപക പ്രസിഡന്റ്, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച മുൻ കരുനാഗപ്പള്ളി എംഎൽഎ കൂടിയായ ബി എം ഷെരീഫിന്റെ പതിമൂന്നാം ചരമ വാർഷികം സി പി ഐ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായി ആചരിച്ചു.

രാവിലെ ബി എം ഷെരീഫിന്റെ ഖബർസ്ഥാനിൽ പാർട്ടി നേതാക്കളായ ആർ രാമചന്ദ്രൻ, അഡ്വ.എം എസ് താര, ഐ ഷിഹാബ്, എസ് കൃഷ്ണ കുമാർ, കടത്തൂർ മൻസൂർ, ജഗത് ജീവൻ ലാലി തുടങ്ങിയ നേതാക്കൾ പുഷ്‌പ്പാർച്ചന നടത്തി.

വൈകിട്ട് കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിൽ നടന്ന അനുസ്മരണ യോഗം സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ എക്സ് എം പി ഉദ്ഘാടനം ചെയ്തു. പ്രവർത്തിച്ച മേഖലയിൽ എല്ലാം തന്റെ വ്യക്തി മുദ്ര പതിപ്പിച്ച കർക്കഷക്കാരനായ കമ്മ്യൂണിസ്റ്റ് ആയിരുന്നു ബി എം. കമ്മ്യൂണിസ്റ്റ് ഒരിക്കലും തലകുനിക്കരുതെന്ന പാഠം പഠിപ്പിച്ച അധ്യാപകനായിരുന്നു അദ്ദേഹം. റെഡ് വാളന്റിയർ സേന രൂപീകരിക്കുന്നതിനും, പരിശീലനം നൽകുന്നതിനും അദ്ദേഹം ശ്രദ്ധ പുലർത്തിയിരുന്നു. പാർട്ടിക്ക് നേരെ വരുന്ന ഏത് തരം അക്രമണത്തെയും അദ്ദേഹം തന്റെ ജീവൻ പോലും വക വെക്കാതെയാണ് ബി എം ചെറുത്തു തോൽപ്പിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനാധിപത്യം എന്ന വാക്ക് പോലും ഇല്ലാതാക്കുന്ന ഒരു ഭരണമാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. ജനാധിപത്യം അവസാനിക്കുന്നിടത്ത് സ്വെച്ഛാധിപത്യം ആണ് ഉണ്ടാകുന്നത്. ഇന്ന് ഇന്ത്യയിൽ സ്വെച്ഛാധിപത്യം ചെങ്കോൽ പിടിച്ച് രാഷ്ട്രം ഭരിക്കുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. നോട്ട് നിരോധനം ഏർപ്പെടുത്തിയ ബി ജെ പി സർക്കാർ, ഇന്ന് എൺപത്തി എണ്ണയിരം കൊടി രൂപയുടെ കരുതൽ ധനം ആർ ബി ഐ യിൽ നിന്നും അപ്രത്യക്ഷമാകുന്ന കാഴ്ചയാണ് നാം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

ക്രിയാത്മക പ്രതിപക്ഷം അല്ല കേരളത്തിൽ ഇന്ന് ഉള്ളത്. ജനങ്ങൾക്ക് ആവശ്യമുള്ള വികസന പ്രവർത്തനങ്ങളോട് നിഷേധാത്മക സമീപനമാണ് പ്രതിപക്ഷത്തിന് ഉള്ളത്. രാജ്യത്തെ സാഹചര്യങ്ങൾ മനസിലാക്കാത്ത ഒരു കോൺഗ്രസ്സ് ആണ് കേരളത്തിൽ ഉള്ളതെന്നും അദ്ദേഹം കൂട്ടി ചേർത്തു.

സിപിഐ സംസ്ഥാന കൗൺസിൽ അംഗം ആർ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ഐ ഷിഹാബ് സ്വാഗതം പറഞ്ഞു. അഡ്വ. എം എസ് താര, കടത്തൂർ മൻസൂർ, എസ് കൃഷ്ണകുമാർ, കെ ശശിധരൻ പിള്ള, കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് ആർ സോമൻ പിള്ള എന്നിവർ യോഗത്തിൽ സംസാരിച്ചു.

ആൾ ഇന്ത്യ അർബൻ കോ ഓപ്പറേറ്റീവ് ബാങ്കിംഗ് അവാർഡ് 2023 ൽ “ബെസ്റ്റ് ചെയർമാൻ ഓഫ് ദി ഇയർ” അവാർഡ് കരസ്ഥമാക്കിയ കരുനാഗപ്പള്ളി അർബർ സഹകരണ ബാങ്ക് ചെയർമാനും സിപിഐ സംസ്ഥാന കൗൺസിൽ അംഗവുമായ ആർ രാമചന്ദ്രൻ എക്സ് എംഎൽഎ യെ ചടങ്ങിൽ സിപിഐ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിക്ക് വേണ്ടി പന്ന്യൻ രവീന്ദ്രൻ ആദരിച്ചു.

സഹകരണ മേഖലയിലെ ബി എം ഷെരീഫിന്റെ പങ്ക് വിസ്മരിക്കാനാകാത്തത് : ആർ രാമചന്ദ്രൻ

താലൂക് അർബർ സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ബാങ്കിന്റെ മുൻ പ്രസിഡന്റ് കൂടിയായ മുൻ എംഎൽഎ ബി എം ഷെരീഫിന്റെ അനുസ്മരണവും അവാർഡ് വിതരണവും നടത്തി. ബാങ്ക് ചെയർമാൻ ആർ രാമചന്ദ്രൻ എക്സ് എംഎൽഎ ഉദ്ഘാടനം നിർവ്വഹിച്ചു.

പ്രവർത്തിച്ച മേഖലകളിൽ എല്ലാം തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ് ബി എം ഷെരീഫ്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ എല്ലാ കാലത്തും സമൂഹം ഓർമിക്കും. സഹകരണ മേഖലയിൽ അദ്ദേഹത്തിന്റെ പങ്ക് ചെറുതായിരുന്നില്ല. സഹകരണ മേഖലയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്വാധീനം ഉറപ്പിക്കുന്നതിനും സഹകരണ മേഖലയെ വലിയ വളർച്ചയിലേക്ക് എത്തിക്കുന്നതിനും ബി എം ഷെരീഫിന്റെ നേതൃത്വവും പങ്കും ഈ മേഖലകൾ നിലനിൽക്കുന്നിടത്തോളം കാലം വിസ്മരിക്കാൻ കഴിയാത്തതാണ്. സ്ഥാപക പ്രസിഡന്റ് എന്ന നിലയിൽ അദ്ദേഹം അക്കാലത്ത് വഹിച്ച പങ്കിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് അർബൻ ബാങ്ക് 50 വർഷം പൂർത്തിയാക്കുന്നത്. കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിൽ നടന്ന വികസന പ്രവർത്തനങ്ങളുടെ അടിസ്ഥാനപരമായ അമരക്കാരൻ ബി എം ഷെരീഫ് ആയിരുന്നെന്നും ഉദ്ഘാടകൻ പറഞ്ഞു.

ബോർഡ് മെമ്പർ കടത്തൂർ മൻസൂർ അധ്യക്ഷത വഹിച്ചു. ജ്യോതിഷ് കുമാർ സ്വാഗതം പറഞ്ഞു. അഡ്വ.എം എസ് താര, ഐ ഷിഹാബ്, ജഗത് ജീവൻ ലാലി, അഡ്വ.അഭയകുമാർ, ഗേളി ഷണ്മുഖാൻ തുടങ്ങിയവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി എസ് മംഗള നന്ദി പറഞ്ഞു. ചടങ്ങിൽ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares