വിജയവാഡ: ദേശീയ തലത്തിൽ ബിജെപിക്ക് രാഷ്ട്രീയ ബദൽ രൂപീകരിക്കുക എന്ന മുഖ്യ അജണ്ടയുമായി സിപിഐയുടെ 24-ാം പാർട്ടി കോൺഗ്രസിനു ഇന്ന് വിജയവാഡയിൽ കൊടിയേറും. 2024ലെ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി സർക്കാരിനെ പുറത്താക്കുക എന്ന ലക്ഷ്യത്തോടെയുള്ള പോരാട്ടം തുടരാൻ പാർട്ടി അണികളോട് ആഹ്വാനം ചെയ്യുക തന്നെയാവും ഇത്തവണത്തെ പാർട്ടി കോൺഗ്രസ് ലക്ഷ്യമിടുന്നത്.
1925-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ) യുടെ ആവിർഭാവത്തിനുശേഷം, 1961-ൽ നടന്ന ആറാം പാർട്ടി കോൺഗ്രസിനു വേദിയായത് വിജയവാഡയായിരുന്നു. പിന്നീട് 1975-ൽ പത്താം പാർട്ടി കോൺഗ്രസിനും വിജയവാഡ രണ്ടാമതും വേദിയൊരുക്കി. ഇക്കുറി ഇത് മൂന്നാം തവണയാണ് പാർട്ടി കോൺഗ്രസ് വിജയവാഡയുടെ മണ്ണിനെ അക്ഷരാർഥത്തിൽ ചുവപ്പണിയിച്ച് നടക്കുന്നത്. ഈ സമ്മേളനം സമ്പൂർണ വിജയമാക്കാൻ വിപുലമായ ഒരുക്കങ്ങളാണ് സിപിഐ തെലുങ്കാന സംസ്ഥാന കമ്മിറ്റി നേതാക്കൾ ഒരുക്കിയിരിക്കുന്നത്. പാർട്ടി കോൺഗ്രസ് സ്വാഗതസംഘം പ്രസിഡന്റ് കെ.നാരായണ, സിപിഐ സംസ്ഥാന സെക്രട്ടറി കെ.രാമകൃഷ്ണ, മറ്റ് പ്രധാന നേതാക്കൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ അതിനായി മികച്ച ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നഗരത്തിലെ പ്രധാന തെരുവുകളും പ്രധാന റോഡുകളും എല്ലാം രക്തപതാക നിരന്നു കഴിഞ്ഞു.
നാല് പാര്‍ട്ടി കോണ്‍ഗ്രസുകള്‍ക്കാണ് കേരളം വേദിയായത്. 1956 ൽ പാലക്കാട് വച്ച് നടന്ന നാലാം പാര്‍ട്ടി കോണ്‍ഗ്രസിനാണ് കേരളം ആദ്യമായി വേദിയായത്. 1971ൽ ഒമ്പതാം പാര്‍ട്ടി കോണ്‍ഗ്രസ് നടന്നത് കൊച്ചിയിലായിരുന്നു. സി രാജേശ്വര്‍ റാവു ജനറല്‍ സെക്രട്ടറിയായത് കൊച്ചിയിൽ നടന്ന ഒമ്പതാം പാര്‍ട്ടി കോണ്‍ഗ്രസിൽ വച്ചായിരുന്നു.
18-ാമത് പാര്‍ട്ടി കോണ്‍ഗ്രസിനു വേദിയായത് തിരുവനന്തപുരം ആയിരുന്നു. എ ബി ബര്‍ധൻ പാർട്ടി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത് ആ സമ്മേളനത്തിൽ വച്ചായിരുന്നു. കേരളം ആതിഥ്യമരുളിയ നാലാമത്തെ പാര്‍ട്ടി കോണ്‍ഗ്രസ് 2018ല്‍ കൊല്ലത്താണ് നടന്നത്. 2018 ഏപ്രില്‍ 25 മുതല്‍ 29വരെയാണ് 23ാമത് പാര്‍ട്ടി കോണ്‍ഗ്രസ് കൊല്ലത്ത് നടന്നത്. എസ് സുധാകര്‍ റെഡ്ഡിയെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. 2019 ജൂലൈയില്‍ അനാരോഗ്യം കാരണം സുധാകര്‍ റെഡ്ഡി സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് ഡി രാജയെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു.
സിപിഐ 24-ാം പാർട്ടി കോൺഗ്രസിന്റെ പ്രതിനിധി സമ്മേളന നഗറിൽ ഉയർത്തുന്നതിനുവേണ്ടി കൊല്ലത്തുനിന്നും അഞ്ചാം തീയതി പുറപ്പെട്ട പതാകജാഥയ്ക്ക് ഇന്നലെ വിജയവാഡ നഗരത്തിൽ ഉജ്ജ്വല പരിസമാപ്തി. 23ാം പാർട്ടി കോൺഗ്രസ് നടന്ന കൊല്ലത്തുവച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് പതാകജാഥ ഉദ്ഘാടനം ചെയ്തത്.ഗുണ്ടൂർ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷമാണ് വൈകുന്നേരം ജാഥ നഗരാതിർത്തിയിലേക്ക് കടന്നത്. ഉണ്ടവല്ലി കേവിൽ സിപിഐ ആന്ധ്രാ സംസ്ഥാന സെക്രട്ടറി രാമകൃഷ്ണയുടെ നേതൃത്വത്തിൽ നൂറുകണക്കിന് പ്രവർത്തകർ ജാഥയെ വരവേറ്റു. തുടർന്ന് നിരവധി ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ നഗരം നിറഞ്ഞൊഴുകിയ പതാകജാഥ വീരോചിതമായ അനുഭവമാണ് നഗരത്തിന് പകർന്നത്
സിപിഐയുടെ ഉന്നത നേതാക്കൾ ഇതിനകം വിജയവാഡയിലെത്തിയിട്ടുണ്ട്. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ, ദേശീയ സെക്രട്ടേറിയറ്റ് അംഗങ്ങളായ അതുൽ കുമാർ, അഞ്ജൻ ജെയിൻ, പല്ലവസെൻ ഗുപ്ത, മഹിളാസംഘം ദേശീയ ജനറൽ സെക്രട്ടറി അനി രാജ, പാർട്ടിയുടെ മറ്റ് ഉന്നത നേതാക്കൾ എന്നിവർ ഡൽഹിയിൽ നിന്ന് വിജയവാഡയിലെത്തി.