സാംസ്‌കാരിക വകുപ്പും ദേവസ്വം ബോർഡും ചേർന്ന് നടത്തുന്ന ക്ഷേത്ര പ്രവേശന വിളംബര വാർഷികാഘോഷത്തിന്റെ നോട്ടീസിൽ രാജഭക്തി നിറച്ച നടപടി അങ്ങേയറ്റം ലജ്ജാകരമാണെന്ന് എഐവൈഎഫ്. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്മോനും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് സർക്കാരിനും സാംസ്കാരികവകുപ്പിനും എതിരെ രൂക്ഷവിമർശനവുമായി എഐവൈഎഫ് രംഗത്തെത്തിയത്. ഇപ്പോഴും രാജഭരണകാലമാണെന്ന് വിശ്വസിക്കുന്ന, ജനാധിപത്യത്തെ കുറിച്ച് പ്രാഥമിക വിവരം പോലുമില്ലാത്തവരാണ് ഇത്തരമൊരു നോട്ടീസിന് പിന്നിലെന്ന് എഐവൈഎഫ് കുറ്റപ്പെടുത്തി.
കേരളത്തിൽ നിലനിന്നിരുന്ന അയിത്തത്തിനും ഉച്ചനീചത്വങ്ങൾക്കുമെതിരെ ജീവൻ നഷ്ടപ്പെടുത്തിയും സമരം ചെയ്തും ഒരു സമൂഹം നേടിയെടുത്ത അവകാശമാണ് ക്ഷേത്രപ്രവേശനം. അല്ലാതെ ഒരു പൊന്നുതമ്പുരാനും കനിഞ്ഞുതന്നതല്ല. പരിപാടിയുടെ നോട്ടീസിലുള്ള ഭാഷ തികച്ചും അശ്ലീലമാണ്. ഇത്തരം നോട്ടീസുകൾ തയ്യാറാക്കുന്നവരെ ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ പഠിപ്പിക്കണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു.
അയ്യൻകാളിയും ശ്രീനാരയണഗുരുവും ഡോ. പൽപ്പുവും പി കൃഷ്ണപിള്ളയും തുടങ്ങി നിരവധി സാമൂഹ്യ പരിഷ്‌കർത്താക്കളുടെ പുറകിൽ അണിനിരന്ന് കേരളം സമരം ചെയ്തു നേടിയെടുത്ത നവോത്ഥാന മൂല്യങ്ങളെ രാജാവ് തിരുമനസ്സ് കനിഞ്ഞു തന്നതാണെന്ന് സർക്കാർ നോട്ടീസിറക്കിയാൽ അംഗീകരിക്കാൻ ഇവിടുത്തെ പുരോഗമന സമൂഹം തയ്യാറാകില്ല. നോട്ടിസ് തയ്യാറാക്കിയവർക്ക് എതിരെ നടപടി വേണമെന്നും എഐവൈഎഫ് സംസ്ഥാന നേതൃത്വം പറഞ്ഞു.