യുപിയില്‍ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് നേരെ നടന്ന വധശ്രമം ഞെട്ടലുളവാക്കുന്നതാണ് എഐവൈഎഫ്. ബിജെപിയുടെ കണ്ണിലുണ്ണി യോഗി ആദിത്യ നാഥിന്റെ ജംഗിള്‍ രാജ് പരീക്ഷണ ശാലയായി മാറിയ യുപിയില്‍ നിന്ന് അക്രമ സംഭവങ്ങള്‍ തുടര്‍ക്കഥയാണ്.
എതിര്‍ രാഷ്ട്രീയത്തെ തോക്കു കൊണ്ട് നേരിടുന്ന നെറികെട്ട പ്രവണത സംഘപരിവാര്‍ ഗാന്ധി വധത്തിലൂടെ ആരംഭിച്ചതാണ്. ഗോവിന്ദ് പന്‍സാരെയും ഗൗരി ലങ്കേഷും കല്‍ബുര്‍ഗിയുമെല്ലാം എങ്ങനെയാണ് ഇല്ലാതായതെന്ന് നമുക്കറിയാം. അതേവഴിയിലൂടെ വീണ്ടും ഹിന്ദു തീവ്രവാദികള്‍ എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്.
ചന്ദ്രശേഖര്‍ ആസാദിന്റെ രാഷ്ട്രീയത്തോട് ആശയപരമായി ചില വിയോജിപ്പുകള്‍ നിലനില്‍ക്കുമ്പോഴും, ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന, പുരോഗമന രാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്ന സംഘടന എന്ന നിലയില്‍ എഐവൈഎഫിന് ചന്ദ്രശേഖറിനൊപ്പം നില്‍ക്കാനുള്ള ബാധ്യതയുണ്ട്. അതിനാല്‍ തന്നെ ഈ വിഷയത്തില്‍ എഐവൈഎഫ് സംസ്ഥാന കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു എന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്‍റ് എന്‍.അരുണും സെക്രട്ടറി ടി.ടി.ജിസ്മോനും പറഞ്ഞു.