തിരുവനന്തപുരം: മതനിരപേക്ഷത എന്ന രാജ്യത്തിന്റെ പ്രധാനപ്പെട്ട ശക്തിയെ ഭരണാധികാരികൾ കറുത്ത തുണികൊണ്ട് മറച്ചുവച്ചിരിക്കുകയാണെന്ന് സിപിഐ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ. പാർട്ടി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന ‘വർഗീയ ഫാസിസത്തിനെതിരെ യുവജന കൂട്ടായ്മ’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യരെ എത്രമാത്രം ശത്രുക്കളാക്കാം എന്ന നടപടിയാണ് വർത്തമാനകാല ഇന്ത്യയിൽ ഭരണകൂടം സ്വീകരിക്കുന്നത്. മതനിരപേക്ഷത എന്ന വാക്കിനെ അവർക്ക് ഒരിക്കലും സ്വീകരിക്കാനാവുന്നില്ല. ഒരു മതാധിഷ്ഠിത രാഷ്ട്രമായാണ് ഭരണാധികാരികൾ ഇന്ത്യയെ നോക്കിക്കാണുന്നത്. മതവും രാഷ്ട്രീയവും തമ്മിൽ ഒരുമിച്ച് ചേരുന്ന അവസ്ഥ ഇന്ന് ഉണ്ടായിരിക്കുന്നു. രാജ്യത്തിന്റെ പലഭാഗത്തും ഇന്ന് മതന്യൂനപക്ഷങ്ങൾക്കും മതനിരപേക്ഷത സ്വീകരിക്കുന്ന മനുഷ്യർക്കും അരക്ഷിതാവസ്ഥയുടെ കാലമാണ്.
ഇന്ത്യയുടെ പൊതു ചരിത്രത്തെയും വൈജ്ഞാനിക രംഗങ്ങളെയുമെല്ലാം ഭരണകൂടം സ്വന്തമാക്കി. പുതിയത് എഴുതിച്ചേർത്തും എടുത്തുമാറ്റിയും ചുവരെഴുതുന്ന ലാഘവത്തോടെയാണ് അവർ ചരിത്രം എഴുതിച്ചേർക്കുന്നത്. മഹത്മാഗാന്ധിയെ അകറ്റി നിർത്തി സവർക്കറെ പ്രതിഷ്ഠിച്ച് രാജ്യത്തിന്റെ ചരിത്രത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഗൂഢ ശ്രമമാണ് ഇന്ന് നടക്കുന്നത്. ഇന്ത്യയെ നേരായ വഴിയിലേക്ക് നയിക്കുവാൻ മതനിരപേക്ഷ ജനവിഭാഗം ഒന്നിച്ച് നിൽക്കണം. രാജ്യത്ത് പുതിയൊരു ഭരണകൂടം അനിവാര്യമായി വരുന്ന സ്ഥിതിവിശേഷമാണ് ഇന്നുള്ളതെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ആർ എസ് രാഹുൽരാജ് അധ്യക്ഷത വഹിച്ചു. ഡോ. സുനിൽ പി ഇളയിടം മുഖ്യ പ്രഭാഷണം നടത്തി. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ, സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, വി പി ഉണ്ണികൃഷ്ണൻ, ജയശ്ചന്ദ്രൻ കല്ലിംഗൽ തുടങ്ങിയവർ സംസാരിച്ചു. ആർ എസ് ജയൻ സ്വാഗതവും ആദർശ് കൃഷ്ണ നന്ദിയും പറഞ്ഞു.