പാറ്റ്ന: ബീഹാർ തേഗ്ര ടൗണിൽ സംഘ് പരിവാർ സംഘടിപ്പിച്ച ശോഭായാത്രയിൽ മുസ്ലീം പള്ളികൾ ഉൾപ്പെടെ അക്രമിക്കപ്പെടാനിടയുണ്ട് എന്ന വിവരത്തെ തുടർന്ന് അവയ്ക്ക് സംരക്ഷണം നൽകി സിപിഐ പ്രവർത്തകർ. തേഗ്ര മണ്ഡലത്തിലെ എംഎൽഎ കൂടിയായ സിപിഐ നേതാവ് രാം രത്തൻ സിങ്ങിന്റെ നേതൃത്വത്തിൽ നിരവധി സിപിഐ പ്രവർത്തകരാണ് പ്രദേശത്തെ മോസ്ക്കുകൾക്ക് ഉൾപ്പെടെ സംരക്ഷണ നൽകാൻ അണിനിരന്നത്. പശ്ചിമബംഗാളിൽ ശോഭായാത്രയുടെ മറവിൽ വ്യാപക അക്രമണമങ്ങളാണ് സംഘ് പരിവാർ നടത്തിയത്. അതിനാൽ തേഗ്രയിൽ ശോഭയാത്ര കടന്നു പോകുന്ന ഭാഗങ്ങളിൽ സംഘർഷ അന്തരീക്ഷം ഉടലെടുത്തിരുന്നു.
ബീഹാർ സർക്കാർ വലിയ പൊലീസ് സന്നാഹത്തെതന്നെയായിരുന്നു ഈ ഭാഗങ്ങളിലെല്ലാം വിന്യസിച്ചിരുന്നത്. ജനങ്ങളെ ഉൾപ്പെടുത്തി സിപിഐ രംഗത്തെത്തിയതോടെ ശോഭാ യാത്ര സമാധാനപരമായി നടന്നു. മണ്ഡലത്തിലെ ക്രമസമാധാനം തകർത്ത് കലാപം സൃഷ്ടിക്കാനുള്ള സംഘ് പരിവാർ പ്രവർത്തകരുടെ ശ്രമമാണ് പ്രദേശവാസികളുടെ സഹായത്തോടെ സിപിഐ തകർത്തത്.