ന്യൂഡൽഹി: രാജ്യസഭയിൽ നിന്നും സസ്പെന്റ് ചെയ്യപ്പെട്ട പ്രതിപക്ഷ എംപി മാരുടെ അൻപത് മണിക്കൂർ നീണ്ടു നിൽക്കുന്ന രാപ്പകൽ സമരം തുടരുന്നു. സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാർ ഗാന്ധി പ്രതിമയ്ക്ക് സമീപം ഇന്നലെയാണ് സത്യാഗ്രഹം ആരംഭിച്ചത്. വിലക്കയറ്റം, നിത്യോപയോഗ സാധനങ്ങൾക്ക് ചുമത്തിയ ജിഎസ്‌ടി തുടങ്ങി കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്.
ഒരാഴ്ചയിൽ അധികമായി തുടരുന്ന പ്രതിപക്ഷ പ്രതിഷേധം ഇരുസഭകളിലും ഇന്നലെയും ആവർത്തിക്കപ്പെട്ടു. രാവിലെ 11 സമ്മേളിച്ച രാജ്യസഭ ആദ്യം 12 വരെയും പിന്നീട് രണ്ടു വരെയും നിർത്തിവച്ചു. ഉച്ചകഴിഞ്ഞ് സഭ സമ്മേളിച്ചപ്പോഴും പ്രതിപക്ഷ പ്രതിഷേധം ശക്തമായതിനെ തുടർന്ന് ഇന്നലെ പിരിയുകയാണ് ഉണ്ടായത്.
വിലക്കയറ്റം, ജിഎസ്ടി വർധന ഉൾപ്പെടെയുള്ള വിഷയങ്ങൾ സഭ നിർത്തിവെച്ച് അടിയന്തരമായി ചർച്ച ചെയ്യണമെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം ഉൾപ്പെടെയുള്ളവരുടെ ആവശ്യം അംഗീകരിക്കാത്ത സർക്കാർ നിലപാടിനെതിരെയാണ് പ്രതിപക്ഷ പ്രതിഷേധം ഉയരുന്നത്.