കോട്ടയം ജില്ല ആശുപത്രിയിലെ അമ്മതൊട്ടിലിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് എഐവൈഎഫ് കോട്ടയം ജില്ലാ കമ്മിറ്റി. ജില്ലയിലെ അമ്മതൊട്ടിലിന്റെ പ്രവർത്തനരഹിതമായിട്ട് രണ്ടുവർഷം കഴിഞ്ഞു. കുഞ്ഞിനെ തൊട്ടിയിൽ കിടത്താൻ ചവിട്ടിയിൽ നിൽക്കുമ്പോൾ ക്യാഷ്വാലിറ്റിയിൽ അലാറം മുഴങ്ങണം, ഇതാണ് അമ്മ തൊട്ടിലിന്റെ സാങ്കേതിക പ്രവർത്തനം.ഇതിന്റെ പ്രവർത്തനം നിലച്ചതോടെ അധികൃതർക്ക് ഇതറിയാൻ കഴിയില്ല.
ജില്ലാ ശിശു ക്ഷേമ സമിതിക്കാണ് അമ്മതൊട്ടിലിന്റെ ചുമതല. ആധുനിക സാങ്കേതിക വിദ്യയോടെ പുതിയ അമ്മതൊട്ടിൽ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇതു വൈകുന്നത് ധാരാളം തെരുവ് നായ്ക്കളും, ഇതര സംസ്ഥാന മോഷ്ടാക്കളും ഉള്ള പട്ടണത്തിൽ കുഞ്ഞിന്റെ സുരക്ഷ ഉറപ്പു വരുത്താൻ കഴിയാത്തത് നീതീകരിക്കാൻ ആവാത്ത കാര്യമാണെന്ന് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഉടനടി ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് എഐവൈഎഫ് ജില്ലാ പ്രസിഡന്റ് കെ. രഞ്ജിത്, സെക്രട്ടറി ഷമ്മാസ് ലത്തീഫ് എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.