മതവിശ്വാസത്തേയും വർഗീയതയേയും തങ്ങളുടെ താൽപര്യങ്ങൾക്കായി ഉപയോഗിക്കുന്ന ഫാസിസ്റ്റ് രാഷ്ട്രീയത്തിന്നെതിരെ
ശക്തവും സംഘടിതവുമായ പ്രതിരോധം രൂപപ്പെടുത്തേണ്ട കാലമാണിതെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ
പുരോഗമന പ്രസ്ഥാനങ്ങളുടെ ഭാഗമായിരിക്കുന്നവരിൽ നിന്നടക്കം മതനിരപേക്ഷതക്ക് വെല്ലുവിളി ഉയർത്തുന്ന അഭിപ്രായങ്ങൾ പുറത്തു വരുന്നത് ആശങ്കയുളവാക്കുന്ന കാര്യമാണെന്ന് എൻ അരുൺ യങ് ഇന്ത്യയോട് പറഞ്ഞു. കുറ്റ കൃത്യങ്ങളിൽ പ്രതികളാകുന്ന വ്യക്തികളുടെ ജാതിയും മതവും ചികഞ്ഞു കൊണ്ട് നാട്ടിൽ ഭിന്നത സൃഷ്ടിക്കുന്ന വിധത്തിലുള്ള കണക്കെടുപ്പുകൾ വരെ നടത്തുന്നു എന്നത് ഏറെ ആശങ്കപ്പെടുത്തുന്നതും അസ്വസ്ഥമാക്കുന്നതുമാണ്.
മതേതരത്വത്തിന്റെ മുഖം മൂടിയണിഞ്ഞ് കൊണ്ട് ഒളിഞ്ഞും തെളിഞ്ഞും വർഗീയത അജണ്ടയാക്കുന്ന കോൺഗ്രസ് സംസ്കാരം ചില പുരോഗമന പ്രസ്ഥാനങ്ങളുടെ ഭാഗമായിരിക്കുന്ന ചിലരിലേക്കും പടർന്നിരിക്കുകയാണ്. പ്രത്യയ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ നില കൊള്ളുന്ന പുരോഗമന പ്രസ്ഥാനങ്ങളിലെ ഇപ്പോഴത്തെ രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ അഭാവം ഗൗരവമായി കാണുകയും പരിഹരിക്കുകയും വേണം. അതിനോടൊപ്പം തന്നെ പ്രസ്ഥാനത്തിൻ്റെ വിവിധ ചുമതലകളിലേക്ക് കടന്നു വരുന്നവരുടെ നിലപാടും നിലവാരവും പരിഗണിക്കുക എന്നതും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ വർഗീയത സ്വാഭാവിക പ്രതിഭാസമായി മാറ്റുവാൻ ഉള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണെന്നും പൊതു വിഷയങ്ങളിലടക്കം മതം സജീവ ചർച്ചയാക്കി മാറുകയുമാണ്. മുൻപെങ്ങുമില്ലാത്ത വിധം ഉത്തരവാദിത്തപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് വരെ അപക്വവും അപകടകരവുമായ വർഗീയ പരാമർശങ്ങൾ കടന്നു വരുന്നു.
സാഹിത്യ -സിനിമ മേഖലകളിലെ പ്രമുഖർ നടത്തുന്ന അഭിപ്രായ പ്രകടനങ്ങളിൽ പോലും അവരുടെ മതമാണ് തൽപരകക്ഷികൾ ചർച്ചയാക്കുവാൻ ശ്രമിക്കുന്നത്. മതത്തിന്റെ ലേബലിൽ പരിഹാസച്ചുവയുള്ള പരാമർശങ്ങളിലൂടെ താറടിക്കുകയും വളഞ്ഞിട്ട് ആക്രമിക്കുകയും ചെയ്യുകയാണ്.
സാമൂഹ്യ മാധ്യമങ്ങളിലാണ് പ്രതിലോമകരമായ ഈ പ്രവണത കൂടുതലായി കാണുന്നത്. സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ അസ്വാരസ്യങ്ങൾ രൂപപ്പെടുകയും അത്തരം പ്രവണതകൾ അനാരോഗ്യകരമായ ചർച്ചകളിലേക്ക് നയിക്കുകയുമാണ്.
ഈ പ്രവണതയ്ക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുവാൻ ഉത്തരവാദിത്വമുള്ളതും നിലപാടുള്ളതുമായ
പ്രസ്ഥാനങ്ങളുടെ ഭാഗമായുള്ളവരിൽ നിന്ന് പോലും സമൂഹത്തിൽ ദൂര വ്യാപക പ്രത്യാഘാതങ്ങളുളവാക്കുന്ന പ്രതികരണങ്ങളാണ് പുറത്തേക്ക് വരുന്നത്
ഉത്തരവാദിത്തപെട്ടവർ വിഷയം ഗൗരവത്തോട് കൂടി കണ്ടുകൊണ്ടുള്ള ഇടപെടലുകൾ നടത്തിയില്ലെങ്കിൽ തകരുന്നത് നാളിതു വരെ കേരളത്തിൻ്റെ മതേതര നിലപാടും രാഷ്ട്രീയ പ്രബുദ്ധതയും കാത്തുസൂക്ഷിച്ച പ്രസ്ഥാനങ്ങളുടെ വിശ്വാസ്യതയായിരിക്കും. അത് ഉപകരിക്കുന്നത് കേരളത്തെയും വിഴുങ്ങുവാൻ കാത്തിരിക്കുന്ന ഫാസിസ്റ്റ് സംഘങ്ങൾക്കായിരിക്കും എന്നതിൽ യാതൊരു സംശയവുമില്ല.