ജെസ്‌ലോ ഇമ്മാനുവൽ ജോയ്
വർഷം 1991, ഡിസംബർ 25, സമയം വൈകുന്നേരം 7:35 മോസ്കോ ക്രെംലിനിലെ സെനറ്റ് പാലസിന്റെ മുകളിലെ സ്വർണ നിറത്തിൽ ഉള്ള അരിവാൾ – ചുറ്റിക – നക്ഷത്രം പതിച്ച ചുവന്ന കൊടി താഴ്ന്നു അതോടെ, സോവിയറ്റ് യുണിയൻ എന്ന മഹാരാജ്യത്തിന് തിരശീല വീണു. ഇടത് പക്ഷ രാഷ്ട്രീയത്തിലെ ആ കറുത്ത അധ്യായത്തിന് ചുക്കാൻ പിടിച്ച പ്രധാനിയും, സോവിയറ്റ് യുണിയന്റെ അവസാനത്തെ പ്രസിഡന്റുമായ മിഖായേൽ ഗോർബച്ചേവ് തന്റെ 91- ാം വയസിൽ അന്തരിച്ചു. പടിഞ്ഞാറൻ ലോകവും അമേരിക്കയും വാഴ്ത്തുന്നത് പോലെ ഗോർബച്ചേവ് യഥാർത്ഥത്തിൽ സോവിയറ്റ് യുണിയനെ പിരിച്ച് വിടുന്നതിലൂടെ റഷ്യ അടക്കമുള്ള രാജ്യങ്ങളെ രക്ഷിക്കുകയായിരുന്നോ അതോ ഒരു കാലത്ത് ഇന്ത്യ അടക്കമുള്ള പല രാജ്യങ്ങളുമായി നല്ല ബന്ധം കാത്ത് സൂക്ഷിച്ച ആ രാഷ്ട്രത്തിനെ തകർക്കുവാൻ ശ്രമിച്ച അമേരിക്ക അടക്കമുള്ള മുതലാളിത്ത രാജ്യങ്ങളുടെ കയ്യിലെ വെറുമൊരു ആയുധമാവുകയായിരുന്നോ എന്ന് തീരുമാനിക്കേണ്ടത് ചരിത്രവും, കാലവുമാണ്.
മിഖായേൽ ഗോർബച്ചേവ് എന്ന പാർട്ടി പ്രവർത്തകൻ
1931 – ൽ തെക്ക്പടിഞ്ഞാറൻ റഷ്യയിലെ ഒരു കർഷക കുടുംബത്തിലാണ് മിഖായേൽ സെർജെവിച് ഗോർബച്ചേവ് ജനനം കൊണ്ടത്. 1946-ൽ തന്റെ പതിനാറാം വയസിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പോഷക പ്രസ്ഥാനമായ ഓൾ യുണിയൻ ലെനിനിസ്റ്റ് കമ്മ്യുണിസ്റ്റ് ലീഗ് ഓഫ് യൂത്തിന്റെ ഭാഗമാവുകയും, മികച്ച സംഘടന പ്രവർത്തനത്തിലൂടെ 1952- ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അംഗമാവുകയും ചെയ്തു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രധാന താത്വിക ആചാര്യനായ മിഖായേൽ സുസ്ലോവിന്റെയും, യുറി അണ്ട്രോപോവിന്റെയും ശിഷ്യത്വം സ്വീകരിച്ച ഗോർബച്ചേവ് പടി പടിയായി പാർട്ടിയിൽ സ്ഥാനങ്ങൾ വഹിച്ച് കൊണ്ട് വളർന്ന് പോന്നു. 1979-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രധാന നയ തീരുമാന സംവിധനമായ പോളിറ്റ്ബ്യുറൊയിൽ ക്യാൻഡിടെറ്റ് മെമ്പർ ആവുകയും, അടുത്ത വർഷം തന്നെ പൂർണ അംഗത്വം ലഭിക്കുകയും ചെയ്തു. 15 വർഷം പാർട്ടിയുടെ ജനറൽ സെക്രട്ടറി ആയ അണ്ട്രോപോവിന്റെ മരണത്തോടെ, 1984-ൽ ആ സ്ഥാനത്തേക്ക് എത്തിയ കോൺസ്റ്റാന്റിൻ ചെർനെങ്കോ തൊട്ടടുത്ത വർഷം ആരോഗ്യ പ്രശ്നങ്ങൾ മൂർച്ഛിച്ചതിനെ തുടർന്ന് മരണത്തിന് കീഴടങ്ങുകയും, അതിന്റെ അടുത്ത ദിവസം യുവപ്രസ്ഥാനത്തിൽ കാഴ്ച്ച വെച്ച അതെ മികവ് സജീവമായ പാർട്ടി പ്രവർത്തനങ്ങളിലൂടെ തുടർന്ന, പോളിറ്റ്ബ്യുറോയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ ഗോർബച്ചേവിനെ ചെർനെങ്കോയുടെ പിൻഗാമിയാക്കി.
ജനറൽ സെക്രട്ടറി പദവും സുപ്രീം സോവിയറ്റും, സോവിയറ്റ് യുണിയനിന്റെ തകർച്ചയും
മിഖായേൽ ഗോർബച്ചേവിന്റെ തലയിൽ എതാണ്ട് ഉച്ചിയിൽ, അദ്ദേഹത്തിൻറെ തന്നെ ട്രേഡ്മാർക്കായ ഒരു പാടുണ്ട് അത് അമേരിക്കയുടെ പോലെ ആണെന്ന് പറഞ്ഞ ചിലരുണ്ട്. നമ്മുടെ നാട്ടിലെ പ്രമുഖ പത്രമായ മലയാള മനോരമ ഒരു കാലത്ത് ആ മറുകിനെ റഷ്യയുടെ ഭൂപടം ആയി താരതമ്യം ചെയ്ത് കൊണ്ട് ഫീച്ചർ വരെ ഇറക്കിയിട്ടുണ്ട്.
എന്തിരുന്നാലും, അത് ഏതു മാതൃകയിൽ ഉള്ള മറുകായിരുന്നെങ്കിലും, ശീത യുദ്ധത്താൽ വലഞ്ഞ സോവിയറ്റ് സമ്പത്ത് വ്യവസ്ഥയെ ഉയർത്തി കൊണ്ടുവരാൻ അദ്ദേഹത്തിന്റെ തലയിൽ ഉദിച്ച ആശയങ്ങൾക്കും നയങ്ങൾക്കും സാധിച്ചില്ല. അങ്ങനെ ഇരിക്കെയാണ് ഗോർബച്ചേവ് തന്റെ കുപ്രസിദ്ധ നയങ്ങളായ ഗ്ലാസ്നോസ്റ്റും (openness), പെരിസ്ട്രോട്ടിക്കയും ( restructuring) നടപ്പിലാക്കാൻ തീരുമാനിച്ചത്.
സഖാവ് ബിനോയ് വിശ്വം ഗോർബച്ചേവിന്റെ മരണത്തോട് അനുബന്ധിച്ച് കുറിച്ച ട്വീറ്റിലെ പോലെ ആ രണ്ട് നയങ്ങളും ഒരിക്കലും മോശം ആശയങ്ങളായിരുന്നില്ല, എന്നാൽ അദ്ദേഹം അത് നടപ്പിലാക്കിയത് ഒരിക്കലും കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന അടിസ്ഥാനത്തിലൂടെ ആയിരുന്നില്ല അവിടെയാണ് മികച്ച സംഘാടകനും, പാർട്ടി പ്രവർത്തകനുമായ മിഖായേൽ ഗോർബച്ചേവ് എന്ത് കൊണ്ട് കാര്യക്ഷമതയുള്ള ഒരു രാഷ്ട്രീയ നേതാവായിരുന്നില്ല എന്നതിന് തെളിവായി വരുന്നത്.
1988-ൽ സോവിയറ്റ് യുണിയന്റെ നിയമനിർമ്മാണസംവിധാനത്തിൽ വൻ അഴിച്ചുപണികൾ നടത്തുകയുണ്ടായി, യുണിയന്റെ ഭാഗാമായ ഓരോ രാജ്യത്തിനും തിരഞ്ഞെടുപ്പില്ലൂടെ congress of people’s deputies എന്ന പാർലിമെന്റ് സംവിധാനത്തിലേക്ക് അയക്കാനും, സുപ്രീം സോവിയെറ്റായി ഗോർബച്ചേവും നിലകൊണ്ടു ഇതായിരുന്നു പുതിയ രീതി. ഗോർബച്ചേവിന്റെ പല സാമ്പത്തിക നയങ്ങളിലും കമ്മ്യൂണിസ്റ്റ് പ്രത്യശാസ്ത്രത്തോട് ചേർന്ന് നിൽക്കാത്ത മൃതു ഫ്രീ മാർക്കറ്റ് സമീപനമാണ് സ്വീകരിച്ചിരുന്നത്, അത് കൊണ്ട് തന്നെ പാർട്ടിയിലും അദ്ദേഹത്തിന് നേരെ കടുത്ത വിമർശനങ്ങൾ ഉയർന്ന് വന്നിരുന്നു.
1989 തൊട്ട് 1990 വരെ ഉള്ള കാലയളവ് യുറോപ്പിന്റെ രാഷ്ട്രീയ ഭൂപടത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു, അതിന് കാർമികത്വം വഹിച്ചത് ഗോർബച്ചേവിന്റെ പല തീരുമാനങ്ങളുമായിരുന്നു. സോവിയേറ്റിന്റെ ഭാഗമായ പല രാജ്യങ്ങളിലും രാഷ്ട്രീയ അസ്ഥിരത ഉണ്ടായപ്പോൾ അതിനുള്ള പരിഹാരം കാണുകയോ, വേണ്ട നടപടികൾ സ്വീകരിക്കാനോ ഗോർബച്ചേവ് തയാറായില്ല, ഇത്തരം നേതൃപാടവം തീരെ ഇല്ലാത്ത പല നയങ്ങളും സോവിയറ്റ് യുണിയൻ എന്ന രാഷ്ട്രത്തെ രാഷ്ട്രീയമായി ക്ഷീണിപ്പിക്കുന്നന് ഇടയാക്കി.
അതെ സമയം,ഇങ്ങനെ പിരിഞ്ഞു പോയതും പിരിയാൻ നിൽക്കുന്നതുമായ രാജ്യങ്ങളിൽ പല വിഭാഗങ്ങൾ തമ്മിൽ ഉള്ള ലഹളകളും, കലാപങ്ങളും നടന്നു കൂടാതെ മോസ്കോയിലും മറ്റും മുൻപ് സൂചിപ്പിച്ച ഗോർബച്ചേവിന്റെ പുതിയ പാർലിമെന്ററി സംവിധാനത്തിലൂടെ ഉയർന്ന് വന്ന ബോറിസ് യെൽത്സിന്റെ നേത്രത്വത്തിൽ സോവിയറ്റ് യുണിയനെതിരെയും, കമ്മ്യുണിസ്റ്റ് പാർട്ടിക്കെതിരെയും ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപിച്ചു.
അങ്ങനെ ഇരിക്കെ 1991 മാർച്ചിൽ സോവിയറ്റ് യുണിയനെ ഒന്നിച്ച് നിർത്തണമൊ അതോ പിരിച്ച് വിടണോ എന്നതിനെ കുറിച്ച് രാജ്യത്ത് ഉടനീളം ഒരു റെഫ്രണ്ടം നടത്തി. ഫലം വന്നപ്പോൾ ഏതാണ്ട് 78 ശതമാനത്തോളം ജനങ്ങൾ സോവിയറ്റ് യുണിയൻ ഒന്നായി തന്നെ നിൽക്കണം എന്നതിനോടാണ് യോജിച്ചത്.
എന്നാൽ ഗോർബച്ചേവ് വഴങ്ങാൻ തയാറായിരുന്നില്ല, തൻ്റെ ‘അമേരിക്കൻ’ സ്വപ്നം പൂവണിയാൻ സോവിയറ്റ് യൂണിയൻ പിരിഞ്ഞെ മതിയാകു എന്ന വാശിയിലായിരുന്നു അദ്ദേഹം.
ജനങ്ങൾ റഫ്രണ്ടത്തിലൂടെ അവരുടെ ആഗ്രഹം പറഞ്ഞിട്ടും ഗോർബച്ചേവ് തൻ്റെ നയത്തിൽ നിന്ന് മാറി ചിന്തിക്കാത്തത് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ തീവ്ര പക്ഷത്തെ ചൊടിപ്പിച്ചു. അവർ ഒരു അട്ടിമറി ശ്രമം നടത്തി, ഗോർബച്ചേവിനെയും കുടുംബത്തെയും വീട്ടു തടങ്കലിലാക്കി. ഇത് മുതലെടുത്ത യെൽത്സിൻ, പ്രക്ഷോഭം ശക്തിപ്പെടുത്തി കൂടാതെ നിയമ നിർമ്മാണത്തിലൂടെ ഗോർബച്ചേവിൻ്റെ ശക്തി കുറച്ച് കൊണ്ടുവന്നു. അട്ടിമറി ശ്രമത്തിന് ജന പിന്തുണ ഇല്ല എന്ന് മനസ്സിലാക്കിയ തീവ്ര പക്ഷക്കാർ ഗോർബച്ചേവിനെ വിട്ടയച്ചു. തിരിച്ച് മോസ്കോയിലെത്തിയ അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെക്കുകയും, പാർട്ടി പിരിച്ചു വിടുകയും ചെയ്തു. തുടർന്ന് സോവിയറ്റ് യൂണിയൻ്റെ അവസാന നാളുകളിൽ, യെൽത്സിൻ്റെ ഭരണപരിഷ്കാരങ്ങളിലൂടെ കമ്മ്യുണിസ്റ്റ് പ്രവർത്തനങ്ങൾ നിരോധിക്കുകയും, പല നേതാക്കളെയും പ്രവർത്തകരെയും തോക്കിനിരയാക്കുകയും ചെയ്തു.
ഗോർബച്ചേവിൻ്റെ രാഷ്ട്രീയ അപജയം; യെൽത്സിൻ മുതൽ പുടിൻ വരെ
യെൽത്സിനോട് ഗോർബച്ചേവിന് തുടക്കം മുതലേ താൽപര്യം ഉണ്ടായിരുന്നില്ല, അദ്ദേഹത്തെ പാർലമെൻ്റിലേക്ക് തിരഞ്ഞെടുക്കരുത് എന്ന് വരെ ഗോർബച്ചേവ് പറഞ്ഞിട്ടുണ്ട് എന്ന് കേൾക്കുന്നു. പക്ഷെ തൻ്റെ തന്നെ ഭരണപരിഷ്കാരങ്ങളിലൂടെ ഉയർന്ന് വന്ന വിഷ സർപ്പത്തിൻ്റെ കൊത്ത് കൊണ്ട് പടിയിറങ്ങാനായിരുന്നു കാലം ഗോർബച്ചേവിന് കാത്ത് വെച്ച വിധി. തൻ്റെ പിന്നിലൂടെ യെൽത്സിൻ യുക്രൈൻ പ്രസിഡൻറ്റുമായി ഗൂഢാലോചന നടത്തിയെന്ന് അറിഞ്ഞ ഗോർബച്ചേവ് വൈകി വന്ന ബുദ്ധി എന്നോണം, സോവിയറ്റ് യൂണിയനെ പിടിച്ച് നിർത്താൻ ഉള്ള ഒരു വിഫല ശ്രമം നടത്തി എന്നാൽ, അദ്ദേഹത്തിൻ്റെ തന്നെ രാഷ്ട്രീയപരമായ മണ്ടത്തരങ്ങൾ അതിനുള്ള സമയം അതിക്രമിപ്പിച്ചിരുന്നു.
ഇന്ന് നമ്മൾ നോക്കുകയാണെങ്കിൽ, ബോറിസ് യെൽത്സിനെ റഷ്യ കണ്ട ഏറ്റവും മോശം പ്രസിഡൻ്റായാണ് റഷ്യൻ ജനത വിലയിരുത്തുന്നത്, യെൽത്സിൻ്റെ സാമ്പത്തിക നയങ്ങൾ ഒരു തരത്തിലും രാഷ്ട്രത്തെ പുരോഗതിയിലേക്ക് നയച്ചില്ല എന്ന് മാത്രമല്ല, രാജ്യത്തിൻ്റെ സമ്പത്തും ഭരണ സംവിധാനവും ഒരു കൂട്ടം ഒളിഗാർക്കുകളുടെ കയ്യിൽ എത്തിച്ചേരുകയും ചെയ്തു, അതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇപ്പോഴത്തെ റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ. പഴയ സോവിയറ്റ് യൂണിയനിൻ്റെ ഭാഗമായിരുന്ന പല രാജ്യങ്ങളും, സ്വതന്ത്ര റിപ്പബ്ലിക് ആയതോടെ (ചുരുക്കം ചില രാഷ്ട്രങ്ങൾ ഒഴിച്ച്) ആരും തന്നെ വളർച്ച പ്രാപിച്ചില്ല എന്ന് മാത്രമല്ല നാറ്റോയുടെയും, യൂറോപ്യൻ യൂണിയ.
1990- ൽ കിട്ടിയ നൊബേൽ സമ്മാനം എന്ന ഏക നേട്ടം മാത്രം കൈമുതലായി, പിളർപ്പിനെ തുടർന്ന് അധികാരത്തിൽ നിന്ന് ഒഴിഞ്ഞ ഗോർബച്ചേവ് ശേഷം കാലം രാഷ്ട്രീയ പഠനത്തിനും, ചാരിറ്റി പ്രവർത്തനങ്ങൾക്കുമായി സമയം ചിലവഴിച്ചു, അതിനിടെ 1996 -ൽ റഷ്യൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും 1 ശതമാനത്തിന് താഴെ വോട്ടുകൾ ലഭിച്ചു ദൈനീയമായ തോൽവി ഏറ്റുവാങ്ങുന്നതാണ് കണ്ടത്. ബോറിസ് യെൽത്സിനെ കണിശമായി വിമർശിച്ച ഗോർബച്ചേവ്, യെൽത്സിൻ്റെ കാലാവധി അവസാനിച്ചതോടെ തിരഞ്ഞെടുക്കപ്പെട്ട പുടിന് അകമഴിഞ്ഞ പിന്തുണയാണ് നൽകിയത്. എന്നാൽ 2012- ൽ വീണ്ടും പ്രസിഡൻ്റ് സ്ഥാനാർത്ഥിയായി പുടിൻ നിന്നപ്പോൾ, ഗോർബച്ചേവ് അദ്ദേഹത്തിന് എതിരെ തിരിയുകയായിരുന്നു.
ഒരു പരിധിവരെ ഇന്ന് കാണുന്ന , അഫ്ഗാനിലെ താലിബാൻ ഭരണത്തിനും മറ്റും ഗോർബച്ചേവ് ചെറിയ പങ്കുവഹിച്ചിട്ടുണ്ട്. അഫ്ഗാനിൽ അമേരിക്കൻ സഹായത്തോടെ മുജാഹിദീൻ ഗ്രൂപ്പുകൾ അവിടെ ഉണ്ടായിരുന്ന സോഷ്യലിസ്റ്റ് ഗവൺമെൻ്റിനെതിരെ നീങ്ങിയപ്പോൾ. സോവിയറ്റ് യൂണിയൻ അഫ്ഗാനിസ്ഥാൻ ഗവൺമെൻ്റിനൊപ്പം നിൽക്കുകയും ശക്തമായ ചെറുത്ത് നിൽക്കുകയും ചെയ്തു, എന്നാൽ 1989-ൽ സോവിയറ്റ് യൂണിയൻ പിന്മാറിയതോടെ അവിടെ അട്ടിമറി സംഭവിക്കുകയും, തുടർന്നുണ്ടായ സോഷ്യലിസ്റ്റ് നേതാവായ നജീബുള്ളയുടെ മരണവും മറ്റും ചരിത്രത്തിലെ ഇരുണ്ട ഏടുകൾ ആണ്.
ഒരു കാലത്ത് സോവിയറ്റിൻ്റെ ഭാഗമായിരുന്ന യുക്രൈൻ, പിളർപ്പിന് ശേഷം വളരെ അധികം രാഷ്ട്രീയ അസ്വാരസ്യങ്ങൾക്കും, ഇന്ന് എത്തി നിൽക്കുന്ന യുദ്ധ സാഹചര്യത്തിനും സാക്ഷ്യം വഹിച്ചു. വിരോധാഭാസം എന്താണെന്ന് വെച്ചാൽ, ഡോൺബാസിലെ അക്രമത്തെ അപലപിച്ച ഗോർബച്ചേവ്, ഒരു കാലത്ത് താൻ സ്വീകരിച്ച നയങ്ങൾ വെറും രാഷ്ട്രീയ അടിസ്ഥാനമില്ലാത്ത ഒരു കൂട്ടം സ്വപ്നങ്ങൾ മാത്രമായിരുന്നു എന്ന് പറയാതെ പറയുകയായിരുന്നു.
‘അമേരിക്കൻ ചാരൻ ‘ എന്ന് പല കോണിൽ നിന്നും ഗോർബച്ചേവിനെ വിമർശിക്കുമ്പോൾ യഥാർത്ഥത്തിൽ അമേരിക്കയാൽ ചതിക്കപെട്ടവൻ എന്ന വിശേഷണമാകും കൂടുതൽ ചേരുക. 1991-ൽ അട്ടിമറി ശ്രമം നടന്നപ്പോളും, യെൽത്സിൻ ഭരണം പിടിച്ചപ്പോഴും, ശത്രുവിൻ്റെ ശത്രു മിത്രം എന്ന് പറയും പോലെ, യെൽത്സിൻ്റെ ഒപ്പമായിരുന്നു, ഗോർഭച്ചേവിൻ്റെ പ്രിയ ‘സുഹൃത്ത് ‘ അമേരിക്ക. ശീത യുദ്ധത്തിനും, പിളർപ്പിനും ശേഷം റഷ്യയുമായി അമേരിക്ക നല്ല ബന്ധം സ്ഥാപിക്കുമെന്ന് കരുതിയ ഗോർബച്ചേവ്, 21- ാം നൂറ്റാണ്ടിൽ റഷ്യ സാമ്പത്തികമായി വളർച്ച പ്രാപിച്ചപ്പോൾ, റഷ്യയോട് ഇന്നും അമേരിക്ക തുടർന്ന് കൊണ്ടിരിക്കുന്ന സമീപനം ആദ്യമായി കണ്ട ഗോർബച്ചേവ് പറഞ്ഞത് ” ഇത് പുതിയ ശീത യുദ്ധത്തിന് തുടക്കം കുറിക്കും ” എന്നാണ്.
വാൽകഷ്ണം: ഓഗസ്റ്റ് 30 2022 – ന് വാർദ്ധക്യ സഹജമായ കടുത്ത ആരോഗ്യ പ്രശ്നങ്ങൾ മൂലം റഷ്യയെ കുറിച്ച് ഒരായിരം സ്വപ്നം കണ്ട ദുരന്ത നായകൻ മരണത്തിന് കീഴടങ്ങിയപ്പോൾ, അമേരിക്ക അടക്കം പല രാജ്യങ്ങൾ അനുശോചനം അറിയിക്കുകയും, ഗോർബച്ചേവിനെ പുകഴ്ത്തുകയും ചെയ്തു. എന്നാൽ റഷ്യൻ നേതാക്കളുടെ വളരെ സൂക്ഷ്മതയേറിയ വാക്കുകളാലുള്ള അനുശോചനങ്ങളിൽ നിന്നും ഒരു കാര്യം ഉറപ്പാണ് ; സോവിയറ്റ് യൂണിയൻ തകർന്നിട്ട് മുപ്പത് വർഷങ്ങൾക്ക് ശേഷവും റഷ്യൻ ജനത മിഖായേൽ ഗോർബച്ചേവിനെ കാണുന്നത് രാജ്യത്തെ ഒറ്റി കൊടുത്ത വഞ്ചകനായി തന്നെയാണ്.