തിരുവനന്തപുരം: വർത്തമാന കാലത്ത് നവ മാധ്യമങ്ങൾ ചെലുത്തുന്ന സ്വാധീനം വലുതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന യങ് ഇന്ത്യ ന്യൂസ് ഓൺലൈൻ പോർട്ടൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യങ് ഇന്ത്യ ന്യൂസ് എന്ന പേരിൽ ഒരു ഓൺലൈൻ പോർട്ടൽ തുടങ്ങാൻ ഉള്ള തീരുമാനം ഇന്ന് ആവശ്യകരമായ ഒന്നാണ്. എല്ലാവരും ഒത്തു ചേർന്ന് പ്രവർത്തിച്ചതിന്റെ ഭാഗമായാണ് ഇത് യാഥാർഥ്യമാക്കാൻ ആയത്. ഈ പ്രവർത്തനങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവരെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുവത്വം നവമാധ്യമരംഗത്ത് സജീവമായ സമയമാണിത്. പുതിയ തലമുറയുടെ മാധ്യമ രംഗമായി ഇത് മാറിക്കഴിഞ്ഞു.
പരാമ്പരാഗത രീതികളിൽ നിന്ന് വിട്ടു പുതിയ രീതിയാണ് ഇന്ന് എല്ലാ മാധ്യമങ്ങളും അവലംബിക്കുന്നത്. മൊബൈൽ ജേണലിസത്തിന്റെ ശക്തമായ കടന്നുവരവിനെ കുറിച്ചും അദ്ദേഹം പരാമർശിച്ചു. പ്രത്യയ ശാസ്ത്രപരമായി ഒരു രീതി അവലംബിച്ച് മുന്നോട്ട് കൊണ്ടു വരാൻ കഴിയണമെന്നും ഇത്തരം പ്രവർത്തനങ്ങളിൽ താൽപര്യമുള്ള ചെറുപ്പക്കാരുടെ പിന്തുണയോടെ കേരളത്തിലെ പ്രമുഖ ഓൺലൈൻ പോർട്ടൽ ആയി മാറാൻ യങ് ഇന്ത്യ ന്യൂസിന് കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
ജോയിന്റ് കൗൺസിൽ ഹാളിൽ നടന്ന പരിപാടിയിൽ എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ അധ്യക്ഷനായി. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ സ്വാഗതം പറഞ്ഞു. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി, ആർ അജയൻ, എഐവൈഎഫ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ആദർശ് കൃഷ്ണ, സെക്രട്ടറി അഡ്വ. ആർ എസ് ജയൻ, യങ് ഇന്ത്യ ന്യൂസ് പ്രതിനിധി വീണാ രാജ് തുടങ്ങിയവർ പങ്കെടുത്തു.