
ആര്‍.അജയന്‍ (നവയുഗം എഡിറ്റർ)
ജർമ്മനിയിൽ ഹിറ്റ്ലറുടെ നേതൃത്വത്തിലും ഇറ്റലിയിൽ മുസോളിനിയുടെ നേതൃത്വത്തിലും ഉയർന്നുവന്ന ക്ലാസിക്കൽ ഫാസിസത്തിന്റെ തുടർച്ചയല്ല ഇന്ത്യയടക്കമുള്ള നിരവധി രാജ്യങ്ങളിൽ ഇന്ന് നിലനിൽക്കുന്നത്. ഭരണകൂടത്തിന്റെ പിന്തുണയില്ലാതെയും നിലനിൽക്കാനാകുന്ന ബ്രാഹ്മണിക്കൽ പ്രത്യയശാസ്ത്രത്തിലധിഷ്ഠിതമായ ഇന്ത്യൻ ഫാസിസം യൂറോപ്യൻ മാതൃകകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ്.
ഇന്ത്യൻ ഹിന്ദുത്വ ഫാസിസത്തിന്റെ സവിശേഷതകൾ സൂക്ഷ്മമായി നിർധാരണം ചെയ്തുകൊണ്ട് മാത്രമേ രാഷ്ട്രീയതലത്തിൽ ജനാധിപത്യശക്തികൾക്ക് ജനകീയ പ്രതിരോധനിര ശക്തിപ്പെടുത്താനും ഫാസിസ്റ്റ് ഭരണകൂടത്തെ തകർത്തെറിയാനും കഴിയുകയുള്ളൂ. സിപിഐയുടെ 24 പാർട്ടി കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിൽ ഇങ്ങനെ പറയുന്നു “ആർഎസ്എസിന്റെ പ്രത്യക്ഷ രാഷ്ട്രീയ വിഭാഗമായ ബിജെപിയാണ് നിലവിൽ ഇന്ത്യ ഭരിക്കുന്നത്. ഗോൾവാൾക്കർ തന്നെ സമ്മതിച്ചത് പോലെ മുസോളിനിയിൽ നിന്നും ഹിറ്റ്ലറിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ആർഎസ്എസ് അവരുടെ സംഘടനയിൽ ഫാസിസ്റ്റ് സംഘടനാതത്വങ്ങൾ പിന്തുടരുന്നത്.

വിഖ്യാത ചിന്തകൻ ഉംബര്‍ട്ടോ എക്കോ ഫാസിസത്തിന്റെ 14 അടിസ്ഥാന സ്വഭാവങ്ങൾ വിശദീകരിക്കുന്നുണ്ട്. അന്ധമായ പാരമ്പര്യ ആരാധനയാണ് ഫാസിസത്തിന്റെ ഒരു അടിസ്ഥാന സ്വഭാവമായി ഉംബർട്ടോ എക്കോ വിശദീകരിക്കുന്നത്. വെളിപാടുകളിലൂടെ വെളിവാകുന്ന ആത്യന്തിക ജ്ഞാനമാണ് ഈ പാരമ്പര്യ ഉപാസനയുടെ അടിസ്ഥാനം എന്ന് വിശ്വസിക്കപ്പെടുന്നു. യുക്തിചിന്തയോടും സ്വതന്ത്രചിന്തയോടും ആധുനികതയോടുമുള്ള നീരസമാണ് മറ്റൊന്ന് .
ബൗദ്ധികതയോടുള്ള ഭയവും സംശയവും വിയോജിപ്പുകളെ വിശ്വാസവഞ്ചനയായി കാണുന്ന സമീപനവും ഫാസിസത്തിന്റെ മുഖമുദ്രയാണ്. ഫാസിസം ചിന്തയ്ക്ക് ഇടം നൽകാത്ത അനുഷ്ഠാനങ്ങളിലധിഷ്ഠിതമാണ്. ബഹുസ്വരതയെ അത് നിരന്തരം തമസ്കരിക്കുന്നു. ഹതാശരായ മധ്യവർഗ്ഗത്തെയാണ് ഫാസിസം ലക്ഷ്യമാക്കുന്നത്. മറ്റൊരു സവിശേഷതയാണ് അപരവത്കരണവും അന്യരാജ്യ വിദ്വേഷവും. ഫാസിസം അപരത്വത്തെ (The other) നിർമ്മിച്ചെടുക്കുന്നു.
ഗൂഢാലോചനയിലും ഗൂഢ തന്ത്രങ്ങളിലും അധിഷ്ഠിതമാണ് ഫാസിസം.സമാധാനം എന്ന ആശയമുയർത്തുന്നവർ ശത്രുക്കളുമായി ചേർന്ന് വഞ്ചിക്കുകയാണ് എന്ന് ഫാസിസ്റ്റുകൾ സംശയിക്കുന്നു. നഷ്ടപ്പെട്ട ഒരു സുവർണ്ണ കാലത്തെ വീണ്ടെടുക്കാനുള്ള നിരന്തരസമരമായി ജീവിതത്തെ കാണുക, ദുർബലരോട് അവജ്ഞ നിലനിർത്തുക, ജനകീയമായ വരേണ്യത നിലനിർത്തുക, സ്ത്രീകൾ, ലൈംഗിക ന്യൂനപക്ഷങ്ങൾ എന്നിവരോട് നിന്ദാമനോഭാവം പുലർത്തുക, ജീവിതത്തേക്കാൾ മരണത്തിന് പ്രാമുഖ്യം കൽപ്പിക്കുന്ന മൃത്യുപാസന – ഇവയെല്ലാം ഫാസിസത്തിന്റെ ലക്ഷണങ്ങളാണ്. പാർലമെന്ററി സ്ഥാപനങ്ങളോടുള്ള എതിർപ്പ്, എല്ലാറ്റിനെയും കറുപ്പും വെളുപ്പുമായി കാണുന്ന ഒരു പുതിയ ഭാഷണം, വീരാരാധന ഇതെല്ലാം ഉംബർട്ടോ എക്കോയുടെ വീക്ഷണത്തിൽ ഫാസിസത്തിന്റെ അടിസ്ഥാന സ്വഭാവ സവിശേഷതകളാണ്.

വിഖ്യാത ഇറ്റാലിയൻ ചിന്തകൻ ഉംബര്‍ട്ടോ എക്കോ തന്റെ “നിതാന്ത ഫാസിസം” എന്ന ഗ്രന്ഥത്തിൽ ഫാസിസത്തിന്റെ അടിസ്ഥാന സവിശേഷതകളായി കാണുന്നവയെല്ലാം ഒത്തിണങ്ങിയതാണ് ഇന്ത്യയിലെ സവർണ്ണ ഹിന്ദുത്വ വര്‍ഗ്ഗീയ ഫാസിസം. എന്നാൽ ഇന്ത്യൻ സാമൂഹിക സന്ദർഭത്തിൽ നിന്ന് നോക്കുമ്പോൾ മറ്റൊരു പ്രധാന സവിശേഷത കൂടി പരാമർശിക്കേണ്ടതുണ്ട്. അത് സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള ഹിന്ദുത്വവാദികളുടെ ജാതി ഭ്രാന്താണ്.
ഒരുപക്ഷേ ഹിന്ദുത്വ ഫാസിസത്തിന്റെ കൊടിയടയാളവും യൂറോപ്യൻ ഫാസിസത്തിൽ നിന്നുള്ള ഭിന്നതയും ഇതുതന്നെയാണ്. ഈ ഭിന്നമായ സ്വഭാവം ഹിന്ദുത്വ ഫാസിസത്തെ തീക്ഷ്ണമാക്കുന്നു. യൂറോപ്യൻ ഫാസിസം വംശീയ ശത്രുത ഉദ്ദീപിപ്പിച്ചാണ് തങ്ങളുടെ വംശമഹിമവാദം ദൃഢമാക്കിയത് ഇത് മാതൃകയാക്കിയാണ് ഹിറ്റ്ലർ ജൂതരെ ‘ശുദ്ധീകരിച്ച’ത്. ഇത്തരത്തിൽ കടുത്ത വംശീയ വിദ്വേഷം മുഖമുദ്രയാക്കിയ മറ്റൊരു ഭാരം കൂടി ഹിന്ദുത്വ ഫാസിസം വഹിക്കുന്നുണ്ട്.
അതാണ് നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ഇന്ത്യയിലെ ജാതിവ്യവസ്ഥ. ജാതിവ്യവസ്ഥയുടെ ജൈവ സവിശേഷത എന്നുപറയുന്നത് ഇന്ത്യൻ സമൂഹത്തിന്റെ വർഗ്ഗ വിഭജനവും വിഭജനവും (വർഗ്ഗ മർദ്ദനവും സാമൂഹിക മർദ്ദനവും) ഒരുപോലെ ഒത്തുചേരുന്നു എന്നതാണ്. അതുകൊണ്ട് ജാതിയെ ഒരു സാമൂഹിക വർഗ്ഗ(Social Class) മായി വിശേഷിപ്പിക്കാം. ജാതിവ്യവസ്ഥ സൃഷ്ടിക്കുന്ന വിവേചനവും മർദ്ദനങ്ങളും സാമൂഹികവും സാമ്പത്തികവുമായ അസമത്വങ്ങളും അവസരനിഷേധങ്ങളും (Unapproachability)ഇന്ത്യൻ സാഹചര്യത്തിൽ തീവ്രമായ സാമൂഹിക രാഷ്ട്രീയ സംഘർഷങ്ങൾക്കും ധ്രുവീകരണങ്ങൾക്കും വഴിതെളിച്ചിരിക്കുന്നു. മണ്ഡല്‍ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിനുശേഷമാണ് ഈ ധ്രുവീകരണം രൂക്ഷമാകുന്നത്.
സച്ചാർ കമ്മീഷൻ ഇന്ത്യന്‍ മുസ്ലീങ്ങള്‍ നേരിടുന്ന പരിതാവസ്ഥ മറനീക്കി പുറത്തുകൊണ്ടുവന്നു. ഇതിനെയെല്ലാം മറികടക്കാൻ വേണ്ടി സംഘപരിവാർ ശക്തികൾ ബാബറി മസ്ജിദ് നശിപ്പിച്ചതും അതിനെ തുടർന്ന് രാജ്യാധികാരം പിടിച്ചെടുത്തതും അനന്തരം നടന്ന ഘോരമായ സംഭവവികാസങ്ങളും ഹിന്ദുത്വ ഫാസിസത്തിന്റെ ശക്തി വിപുലപ്പെടുത്തുന്നതായിരുന്നു. രാജ്യമെങ്ങും സാമൂഹിക സംവരണത്തിനെതിരായി സാമ്പത്തിക സംവരണമെന്ന മേൽജാതി ഹിന്ദുക്കളുടെ മുദ്രാവാക്യം ഉയർത്തിക്കൊണ്ടുവരാൻ സംഘപരിവാർ ശക്തികൾ വളരെ കാലമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
ജാതിവ്യവസ്ഥയെന്ന സാമൂഹിക മർദ്ദക സംവിധാനത്തെ ഒരു ശാശ്വത ഭരണകൂടമാക്കി മാറ്റുക എന്ന ഹിന്ദുത്വവാദികളുടെ തന്ത്രം ഏറ്റവും തീക്ഷ്ണമാമായി സാക്ഷാത് കരിക്കുന്നത് ഹിന്ദുത്വ ദേശീയ രാഷ്ട്രസങ്കൽപ്പത്തിലൂടെയാണ്. അതിന്റെ ഭാഗമായി ദേശീയത്വത്തെ അവർ ഭരണകൂടത്തിന് മേൽ സൃഷ്ടിക്കുന്നു. ഭരണകൂടം ദേശീയത്വത്തെ നിർവചിക്കുകയാണ് ഇറ്റലിയിൽ ചെയ്തതെങ്കിൽ ഇന്ത്യയിൽ ഹിന്ദുത്വ ദേശീയതയാണ് രാഷ്ട്രത്തെ നിർവ്വചിക്കുന്നത്. അതിന് ഹിറ്റ്ലറുടെ നാസി ഫാസിസ്റ്റ് പദ്ധതിയുമായി ആത്മബന്ധമുണ്ടെങ്കിലും വര്‍ഗ്ഗീയ ഫാസിസം ഭരണകൂടത്തെ ആശ്രയിച്ചു നിൽക്കുന്നതിനേക്കാൾ ദേശീയത്വത്തെയാണ് ആശ്രയിച്ചു നിൽക്കുന്നത്.
ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ ഫ്രഞ്ച് മാര്‍ക്സിസ്റ്റ് തത്വചിന്തകനായ ലൂയിസ് അല്‍ത്തൂസര്‍ തന്റെ പ്രത്യയശാത്രത്തെക്കുറിച്ച് (On Ideology) എന്ന വിശ്രൂത പഠനത്തില്‍ രണ്ടുതരം ഭരണകൂട ഉപകരണങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ഒന്ന്, പ്രത്യക്ഷത്തില്‍ തൊഴിലാളി വര്‍ഗ്ഗത്തിനുമേല്‍ ഉപയോഗിക്കുന്ന റിപ്രസീവ് സംവിധാനം (ഇന്ന് മോദി ഭരണകൂടം ചെയ്യുന്നത്) ആണെങ്കില്‍ രണ്ടാമത്തേത് പ്രത്യയശാസ്ത്ര ഭരണകൂട ഉപകരണം (Ideological State apparatus) മാണ്. ഇന്ത്യയിലെ ഹിന്ദുത്വഫാസിസത്തിന്റെ അടിസ്ഥാന സവിശേഷതയും യൂറോപ്യന്‍ ഫാസിസത്തില്‍ നിന്ന് അത് ഭിന്നിച്ച് നില്‍ക്കുന്നതും ഇവിടെ പരാമര്‍ശിച്ച ഈ സവിശേഷതയാണ്. ഈ പറഞ്ഞ സ്വഭാവസവിശേഷത യൂറോപ്യന്‍ ഫാസിസത്തിനു ബാധകമല്ലേ എന്ന സന്ദേഹമുണ്ടാവാം. നാസികളുടെ ആര്യവംശഉത്ക്കര്‍ഷതാവാദം ജനമനസ്സില്‍ ഉറപ്പിക്കാന്‍ വേണ്ടി നടത്തിയ പ്രചാരണതന്ത്രങ്ങളെ മനഃശ്ശാസ്ത്രപരമായി വിശകലനം ചെയ്ത തിയോഡര്‍ അഡോണോ എന്ന മാര്‍ക്സിസ്റ്റ് ചിന്തകന്‍ ഹിറ്റ്ലറുടെ നാട്യങ്ങളെപ്പറ്റി വിവരിക്കുന്നത്. ഇവിടെ നരേന്ദ്രമോദിക്കും ബാധകമാണ്. അഡോണോ പറയുന്നു:
” ഹിറ്റ്ലര്‍ ഒരേ സമയം കിങ് കോങ്ങും ഗ്രാമീണമായ ക്ഷുരകനും ആണെന്നു നടിച്ചിരുന്നപോലെ നേതാവ് ഒരേ സമയം അമാനുഷനും സാധാരണക്കാരനും ആയി അവതരിക്കാനുള്ള ഇന്ദ്രജാലം അറിഞ്ഞിരിക്കണം” (Freudian theory and the pattern of fascist propoganda) ഒരു ചായക്കച്ചവടക്കാരനായിരുന്ന (ചെറിയ മനുഷ്യന്‍) ഹിന്ദുത്വവാദികളുടെ ഉയര്‍ന്ന നേതാവായി മാറുന്നത് ഹിറ്റ്ലര്‍ വികസിപ്പിച്ച ഈ ഇന്ദ്രജാലത്തില്‍ നിന്നാണു് ഉംബര്‍ട്ടോ എക്കോ ഉപയോഗിച്ച പ്രാകൃതഫാസിസമെന്ന പദമാണ് ഹിന്ദുത്വത്തിന് അനുയോജ്യമെങ്കിലും മനഃശ്ശാസ്ത്ര സിദ്ധാന്തത്തെക്കാള്‍, ഹിറ്റ്ലര്‍ ഉപയോഗിച്ച ചെപ്പടി വിദ്യകളെക്കാള്‍, ഹിന്ദുത്വ ഫാസിസം കടപ്പെട്ടിരിക്കുന്നത് ഒരു ഹിന്ദുത്വ പ്രത്യയശാസ്ത്രഭരണകൂട ഉപകരണമായി പ്രവര്‍ത്തിക്കാനുള്ള അതിന്റെ ശേഷിയോടാണ്.
യൂറോപ്യൻ ഫാസിസം ഭരണകൂടത്തിന്റെ മർദ്ദന ഉപകരണങ്ങളിൽ അതിന്റെ വേരുകൾ ആഴ്ത്തിയിരിക്കുന്നതുപോലെ ഹിന്ദുത്വ ഫാസിസവും അതിന്റെ വേരുകൾ ഉറപ്പിച്ചിരിക്കുന്നത് ഭരണകൂടത്തിന്റെ മർദ്ദന ഉപകരണങ്ങളിലാണ്. രോഹിത് വിമുല –ജെഎൻയു സംഭവവികാസങ്ങളും ബുള്‍ഡോസര്‍ രാജും ആള്‍ക്കൂട്ട കൊലപാതകങ്ങളും മറ്റും ഇത് സ്പഷ്ടമാക്കുന്നു. സ്വന്തം രാഷ്ട്രീയ അധികാരമുള്ള ഭരണകൂടം ഇല്ലാത്ത കാലത്തും അധികാരമുള്ളപ്പോഴുള്ളതുപോലെയോ അതിലേറെയോ വംശഹത്യകളും നരഹത്യകളും ഹിന്ദുത്വ ഫാസിസം നടത്തിയിട്ടുണ്ട് എന്ന യാഥാർഥ്യം നാം വിസ്മരിക്കരുത്.

നിന്ദാ മനോഭാവവും അപരത്വവും കെട്ടിച്ചമച്ച കേസുകളും ഒക്കെയായി ദശകങ്ങൾകൊണ്ട് ഭരണകൂട സംവിധാനങ്ങളിലും രാഷ്ട്രീയരൂപങ്ങളിലും ഉൾപ്പെടെ വളർത്തിയെടുത്ത പൊതുബോധങ്ങളിൽ അബോധ വർഗീയതയായും ഹിന്ദുത്വ ഫാസിസം ബലപ്പെട്ടിരിക്കുന്നു. അതിനെ ഭരണകൂടത്തിന്റെ രാഷ്ട്രീയ അധികാരത്തിന്റെ നാല് അതിരുകളിൽ മാത്രമായി ഒതുക്കി നിർത്താൻ പറ്റുന്നതല്ല. അതിലേറെ അത് ഇന്ത്യൻ സമൂഹത്തിൽ പടർന്നിരിക്കുന്നു.
ചുരുക്കിപ്പറഞ്ഞാൽ ഇന്ത്യൻ ഫാസിസത്തിന് ഭരണകൂടത്തിന്റെ പ്രത്യക്ഷ സഹായമില്ലാതെ തന്നെ നിലനിൽക്കാനുള്ള ശേഷിയുണ്ട്. യൂറോപ്യൻ ക്ലാസിക്കൽ ഫാസിസത്തിന് ഈ ശേഷിയില്ലായിരുന്നു അത് സൈനികശക്തിയിൽ മാത്രം കേന്ദ്രീകരിക്കപ്പെട്ടതായിരുന്നു. ഇന്ത്യയിലാവട്ടെ സാംസ്കാരിക ദേശീയ വാദത്തിന്റെ മുഖംമൂടിയണിഞ്ഞ് പ്രവർത്തിക്കുന്ന സവർണ്ണ ഹിന്ദുത്വം ഇന്ത്യൻ സമൂഹങ്ങളുടെ മേൽ സാംസ്കാരികവും പ്രത്യയശാസ്ത്രപരവുമായ അധിനിവേശം സ്ഥാപിച്ചുകൊണ്ടാണ് നിലനിൽക്കുന്നത്.
യൂറോപ്യൻ ഫാസിസത്തിന്റെ ഉദയത്തെ ലോകം കാണുന്നത് ഹിറ്റ്ലറുടെയും മുസോളിനിയുടെയും ഏകഛത്രാധിപത്യ ഭരണകൂടത്തിന്റെ ഭീകരമായ പ്രയോഗ രൂപങ്ങളായിട്ടാണ്. എന്നാൽ ഫാസിസത്തിന്റെ ഈ ക്ലാസിക്കൽ ദിശ വ്യക്തികേന്ദ്രീകൃതമായിരുന്നു എന്നത് ഫാസിസത്തെ കുറിച്ചുള്ള ധൈഷണിക സംവാദങ്ങളിൽ മിക്കവാറും വിസ്മരിക്കപ്പെടുന്നുവെന്നതാണ് യാഥാർത്ഥ്യം. ഹിറ്റ്ലറുടെയും മുസോളിനിയുടെയും തിരോധാനത്തോടെ കൃത്യമായി പറഞ്ഞാൽ രണ്ടാംലോക യുദ്ധത്തിൽ ഫാസിസ്റ്റ് ശക്തികൾ നിലംപതിച്ചതോടെ ഫാസിസം താല്‍ക്കാലികമായി നിലംപൊത്തുകയായിരുന്നു. ഫാസിസത്തിന്റെ ഭീകരത പരിഗണിക്കപ്പെടുന്നത് അതിന്റെ പ്രവർത്തന രീതികളെ മാത്രം അടിസ്ഥാനമാക്കിയല്ല. മറിച്ച് അത് മനുഷ്യസമൂഹത്തിൽ ഏൽപ്പിക്കുന്ന ആഘാതത്തിന്റെ ആഴം തിട്ടപ്പെടുത്തികൊണ്ടാണ്.
ആഗോളവൽക്കരണത്തെത്തുടർന്നുണ്ടായ മുതലാളിത്ത ത്തിന്റെ ആവാഹനശക്തിയിലുണ്ടായ കുതിച്ചുകയറ്റവും അതിന്റെ ഭാഗമായി ഭരണകൂടം കേവലം സൈനിക മർദ്ദക ഉപകരണത്തെ മാത്രം ആശ്രയിച്ചു നിൽക്കാതെ ഡിജിറ്റൽ സാങ്കേതിക തന്ത്രങ്ങളിലൂടെ പൗരസമൂഹത്തിന്മേൽ നവീനമായ രീതിയിൽ ഒരു നിയന്ത്രണാധികാരത്തിന്റെ സങ്കീർണമായ പ്രതിഭാസമായി പരിവർത്തിക്കപ്പെടുന്നതോടെയാണ് നവ ഫാസിസം എന്ന രാഷ്ട്രീയ സ്വരൂപം ഉടലെടുക്കുന്നത്.

കമ്പ്യൂട്ടർ, നെറ്റ് വർക്കുകൾ, സോഷ്യൽ മീഡിയ, AI തുടങ്ങിയവയുടെ പ്രയോഗങ്ങളിലൂടെ മനുഷ്യസമൂഹത്തെ മുതലാളിത്തത്തിന്റെ മൂലധന ലക്ഷ്യങ്ങൾക്കനുസൃതമായി അനായാസം കീഴ്‌പ്പെടുത്താനുള്ള ശേഷി പൂർവാധികം ശക്തിപ്പെട്ടതോടെയാണ് നവഫാസിസം രാഷ്ട്രീയ സംവാദ മണ്ഡലങ്ങളിൽ പ്രധാന വിഷയമായി ഉയർന്നുവന്നത്. ഇവിടെ നവഫാസിസം എന്ന സംജ്ഞകൊണ്ടുദ്ദേശിക്കുന്നത് രണ്ടാം ലോക യുദ്ധകാലത്ത് ഉണ്ടായിരുന്ന ഫാസിസത്തിന്റെ രാഷ്ട്രീയ പശ്ചാത്തലം എത്രമാത്രം അഗാധമായ പരിവർത്തനങ്ങൾക്ക് വിധേയമായി എന്ന് സൂചിപ്പിക്കാനാണ് “നവം” എന്നതിന് “പുതിയത്” എന്ന് മാത്രമേ അർത്ഥമുള്ളൂ അതിനെ “അഭിലക്ഷണീയമായത്” എന്നോ “സ്വീകാര്യമായതെന്നോ “നല്ലത്” എന്നോ അർത്ഥമില്ല നവീനമായ പലതും അതിന്റെ പ്രയോഗത്തിൽ പ്രതിലോമപരമാവാം. അതുപോലെ പഴയ സാമൂഹിക പ്രതിഭാസങ്ങളിൽ പലതും നവീനമായി പ്രതിസ്പന്ദിക്കുന്നതും കാണാം. ആറ്റംബോംബിന്റെ കണ്ടുപിടിത്തവും പ്രയോഗവും നവ മുതലാളിത്തത്തിന്റെ സൃഷ്ടിയായതുകൊണ്ട് അത് പ്രതിലോമപരമല്ലാതാവുന്നില്ല.
ഇന്ത്യയടക്കമുള്ള മുതലാളിത്ത രാജ്യങ്ങളിലെ ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ വികാസം മൂലധനത്തിന്റെ സമാനതകളില്ലാത്ത കേന്ദ്രീകരണത്തിനും സാമൂഹിക അസമത്വത്തിന്റെ ഭീകരമായ വ്യാപനത്തിനും വഴിതെളിക്കുന്ന പുതിയ കാലഘട്ടത്തിൽ പുത്തൻ ഫാസിസത്തിന്റെ പ്രവർത്തനരീതികളെ നാസിസത്തോടും ക്ലാസിക്കൽ ഫാസിസത്തോടും താരതമ്യം ചെയ്യുന്നതിലർത്ഥമില്ല കാരണം യൂറോപ്യൻ ഫാസിസത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ സാഹചര്യങ്ങളിൽ നിന്നും സാമൂഹിക സന്ദർഭങ്ങളിൽ നിന്നും ലോകം പാടെ മാറിക്കഴിഞ്ഞിരിക്കുന്നു.
അതുകൊണ്ടുതന്നെ ഫാസിസത്തെ പുതിയ കാലഘട്ടത്തിലെ ഫാസിസമായി അടയാളപ്പെടുത്തുമ്പോൾ ഹിറ്റ്‌ലറുടെയും മുസളിനിയുടെയും കാലഘട്ടത്തിലെ ഭരണകൂടത്തിന്റെ പ്രയോഗ മാതൃകകളുമായി, അന്ധമായും യാന്ത്രികമായും താരതമ്യം ചെയ്യുന്നത്, വൈരുദ്ധ്യാത്മക ഭൗതികവാദ ചിന്തക്കുപകരം യാന്ത്രിക ഭൗതികവാദത്തെ പുണരുന്ന പരിതാവസ്ഥയുടെ ഫലപരിണിതയാണ് ഫാസിസത്തിന്റെ പ്രവണതകളും പ്രയോഗങ്ങളും ഫാസിസത്തിന്റെ പ്രവണതകൾ എന്നുപറയുന്നത് തന്നെയാണ് അതിന്റെ പ്രയോഗവും അതുകൊണ്ട് ഒരു രാജ്യത്ത് ഫാസിസ്റ്റ് പ്രവണതയുള്ള ഭരണകൂടം പ്രവർത്തിക്കുന്നുവെന്നു പറഞ്ഞാൽ അതിനർത്ഥം അവിടെ ഫാസിസം അതിന്റെ പ്രയോഗ മണ്ഡലത്തിലേക്ക് പ്രവേശിച്ചിരിക്കുന്നുവെന്നാണ്.
ആശുപത്രികളടങ്ങുന്ന, ആരോഗ്യ വ്യവസായമണ്ഡലം, ആദിവാസികളെയും അവരുടെ ജീവിതത്തെയും ഉന്മൂലനം ചെയ്യുകയും പരിസ്ഥിതി വ്യവസ്ഥയെയും ജൈവ ആവാസ വ്യവസ്ഥയെയും നശിപ്പിക്കുന്ന മുതലാളിത്ത ഉൽപ്പാദന പ്രവർത്തനങ്ങളുടെ മണ്ഡലം ഇവയെല്ലാംതന്നെ മനുഷ്യജീവിതത്തെ പൂർവ്വമാതൃകകൾ ഇല്ലാത്ത വിധം ഭയാനകമായ സാമൂഹിക ധ്രുവീകരണങ്ങൾ രാജ്യത്ത് സൃഷ്ടിച്ചിരിക്കുന്നു. വരാനിരിക്കുന്ന ലോകം സാക്ഷിയാവുന്നത്, പ്രത്യേക ദേശീയതയിൽ നിന്നും തമസ്കരിക്കപ്പെട്ട അഭയാർഥികളുടെ മഹായാനത്തെ യായിരിക്കും.
കുടിയേറ്റക്കാരും കുടികിടപ്പുകാരും ചേരി നിവാസികളും അഭയാർത്ഥികളും നാടോടികളും യാചകരും വൃദ്ധജനങ്ങളും മാനസിക രോഗികളും അടങ്ങുന്ന ഒരു മഹാജനസാമാന്യത്തെ ഹിറ്റ്‌ലർ നൊടിയിടയിൽ കോൺസെൻട്രേഷൻ ക്യാമ്പുകളിൽ കൊണ്ടുപോയി ചാരമാക്കിയെങ്കിൽ ഇന്ത്യയിൽ ഈ പരാമർശിക്കപ്പെട്ട ജനവിഭാഗങ്ങളെ ഒറ്റവെടിക്കു തീർക്കാതെ ഇഞ്ചിഞ്ചായി പീഡിപ്പിച്ചുകൊണ്ട് അവരെ ജീവഛവങ്ങളാക്കി മാറ്റിയിരിക്കുകയാണ്.ജയിലുകൾ, പോലീസ് ലോക്കപ്പ് മുറികൾ, ഭ്രാന്താശുപത്രികൾ, സ്കൂളുകൾ, കലാലയങ്ങൾ തുടങ്ങിയ ഇടങ്ങളെല്ലാം വര്‍ഗ്ഗീയഫാസിസത്തിന്റെ അധികാരലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാനുള്ള നവീനമായ കോൺസെൻട്രേഷൻ ക്യാമ്പുകളാണ്. ഇന്ത്യയിൽ പ്രയോഗവൽക്കരിക്കപ്പെട്ട ഹിന്ദുത്വ ഫാസിസവും ക്ലാസിക്കൽ ഫാസിസവും തമ്മിലുള്ള നിർണായകമായ വിച്ഛേദം എന്നുപറയുന്നത് ക്ലാസിക്കൽ ഫാസിസത്തിന്റെ പ്രവർത്തന മാതൃകകളിൽ നിന്നുള്ള വിച്ഛേദമാണ്.
രാഷ്ട്രീയ പാർട്ടികളെ നിരോധിക്കുക, രാഷ്ട്രീയ യോഗങ്ങളിൽ കടന്നാക്രമണം നടത്തുക, പാർലമെന്റ് പിരിച്ചുവിടുക എന്നിവയായിരുന്നു ക്ലാസിക്കൽ ഫാസിസത്തിന്റെ രീതികൾ. എന്നാൽ പാർലമെന്റിന് തങ്ങളുടെ രാഷ്ട്രീയലക്ഷ്യങ്ങൾക്കു വേണ്ടി തന്ത്രപരമായി ഉപയോഗിക്കുക പാർലമെന്ററി രാഷ്ട്രീയത്തിന്റെ പ്രാണേതാക്കളാണ് തങ്ങളെന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ട് ‘. പൊതുജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന പുതിയ രാഷ്ട്രീയതന്ത്രങ്ങളും അടവുകളും ആണ് ഇന്ത്യയിൽ ബിജെപി ഭരണകൂടം പ്രയോഗിച്ചുകൊണ്ടിരിക്കുന്ന തെന്ന് തിരിച്ചറിയാൻ കഴിയാത്തവരാണ് .ഇന്ത്യയിൽ ഫാസിസ്റ്റ് പ്രവണതയേ ഉള്ളൂ എന്നു വൃഥാസ്ഥാപിക്കാൻ ശ്രമിക്കുന്നത്. ഫാസിസത്തിന്റെ പ്രവണത തന്നെയാണ് അതിന്റെ പ്രയോഗ സാക്ഷാത്കാരം എന്ന് തിരിച്ചറിയാൻ കഴിയാത്തവരാണ് ‘പ്രവണത’ സിദ്ധാന്തം മുന്നോട്ടുവയ്ക്കുന്നത്. ഒരു ക്രിമിനലിന്റെ പ്രവണത തന്നെയാണ് അയാളുടെ പ്രയോഗവും എന്ന് മനസ്സിലാക്കാൻ സാമാന്യജനത്തിനു കഴിയും.
അതുകൊണ്ടുതന്നെ സവർണ്ണ ഹിന്ദുത്വ വര്‍ഗ്ഗീയ ഫാസിസത്തിന്റെ രൂപപ്പെടലിനെ ആർഎസ്എസിന്റെ രൂപവൽക്കരണവുമായി ലഘൂകരിച്ച് സമീകരിക്കുന്ന സാമാന്യഭാഷ്യം ശാസ്ത്രീയചിന്തയുടെ നഗ്നമായ തമസ്കരണമാണ്. ആർഎസ്എസിന്റെ രൂപവൽക്കരണം ആധുനിക ജനാധിപത്യ ഭരണകൂടത്തിൽ പിടിമുറക്കാനുള്ള ഹിന്ദുത്വ ഫാസിസത്തിന്റെ വളർച്ചയുടെ നിർണായക വഴിത്തിരിവായിരുന്നുവെന്നത് ചരിത്രപരമായ ഒരു യാഥാർത്ഥ്യമായി നിലകൊള്ളുന്നു. എന്നാൽ ആർഎസ്എസ് എന്ന ഒരൊറ്റ ചക്രത്തിൽ സഞ്ചരിക്കുന്ന വാഹനമല്ല സംഘപരിവാർ ഫാസിസം. അത് ഇന്ത്യയുടെ ബഹുസ്വര സംസ്കാരത്തിന്റെയും ജനങ്ങളുടെ സംഘപരമായ അബോധമനസ്സിന്റെയും പൗരസമൂഹത്തിന്റെയും പൊതുബോധത്തിന്റെയും മേൽ നിർണായക നിയന്ത്രണം സ്ഥാപിച്ചിരിക്കുകയാണ്. അങ്ങനെയാണ് ഫാസിസം പൊതുസമ്മതി നേടിയെടുക്കുന്നത്. ഫാസിസത്തിന്റെ പ്രവണതാവാദികൾ യഥാർത്ഥത്തിൽ താങ്കൾ അറിഞ്ഞോ അറിയാതെയോ ഫാസിസത്തിന് സമ്മതി നൽകിയിരിക്കുകയാണ്. ഇതുതന്നെയായിരുന്നു ഫാസിസ്റ്റുകൾ ലക്ഷ്യംവച്ചതും. ഇന്ത്യയിൽ ഈ നൂതന മാതൃക ഫാസിസ്റ്റുകൾ സ്വീകരിച്ചതോടെയാണ് അവർ നവ ഫാസിസ്റ്റുകളായി ഉയർന്നുവന്നത്. ഹിറ്റ്ലറുടെ മാതൃക നഗ്നമായി ഹിന്ദുത്വ ഫാസിസ്റ്റുകൾ നടപ്പിലാക്കിയിരുന്നെങ്കിൽ അത് പൊതുസമ്മതി ലഭിക്കാതെ തമസ്കരിക്കപ്പെടുമായിരുന്നുവെന്ന ബോധ്യം പ്രവണതാവാദികൾക്കില്ലെ ങ്കിലും ഫാസിസ്റ്റുകൾക്കുണ്ട്. രാഷ്ട്രീയ രംഗത്തെ ഈ സംസ്കൃതവൽക്കരണം എന്ന് പ്രയോഗ മാതൃകയുടെ സങ്കീർണ്ണബലതന്ത്രം പഠിക്കാതെ പരോക്ഷമായി ഇന്ത്യൻ ഫാസിസ്റ്റുകൾക്ക് സമ്മതി നല്കുകയും അതിനെ നീതീകരിക്കുകയുമാണ് പ്രവണതാവാദികൾ ചെയ്യുന്നത്.

വര്‍ഗ്ഗീയ ഫാസിസ്റ്റ് ഭരണകൂടത്തെ പുറത്താക്കുക, ഇന്ത്യയിൽ നൂറ്റാണ്ടുകളായി വംശീയ ശത്രുതയുടെയും ജാതി മർദ്ദനത്തിന്റെയും ബഹുതലരൂപത്തിൽ നടന്നുകൊണ്ടിരിക്കുന്ന അക്രമണങ്ങൾ സാക്ഷ്യപ്പെടുത്തുന്നത് സവർണ വര്‍ഗ്ഗീയ ഫാസിസം പാശ്ചാത്യത്തിൽ ഉറപ്പിക്കപ്പെട്ടതാണ് എന്നതാണ്. ഇതിനർത്ഥം സവർണ്ണ ഫാസിസത്തിന് ഭരണകൂടത്തിലുള്ള പിടിമുറുക്കത്തെ കുറച്ചു കാണണമെന്നോ ഭരണകൂട അധികാരം അപ്രധാനമാണെന്നോ അല്ല തീർച്ചയായും ഫാസിസ്റ്റുകളുടെ ഭരണകൂടാരോഹണം ഏറ്റവും കൂടുതൽ പ്രശ്നവൽക്കരിക്കപ്പെ ടേണ്ടതാണ്. ഭരണകൂടത്തില്‍ നിന്നുകൊണ്ടാണവര്‍ ഇന്ത്യയുടെ ബഹുസ്വരതയെയും സംസ്കാരത്തിന്റെ ബഹുധ്രുവത്വത്തെയും ഏറ്റവും നഗ്നമായി വെല്ലുവിളിക്കുന്നത് മതനിരപേക്ഷത, ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍, ജനങ്ങളുടെ രാഷ്ട്രീയ അധികാരം, സ്വയം നിര്‍ണ്ണയാവകാശം, നിയമവാഴ്ച, നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് പരിമിതമായ സാന്ത്വനമെങ്കിലും നല്‍കുന്ന സംവരണം എന്നിവയെല്ലാം സംഘപരിവാര്‍ ശക്തികള്‍ അട്ടിമറിക്കുന്നത് ഭരണകൂടത്തിന്റെ സഹായത്തോടെയാണ്.
അതുകൊണ്ടുതന്നെ ഫാസിസത്തിനെതിരായ പ്രതിരോധത്തിലെ മുഖ്യഅജണ്ടയാവേണ്ടത് ഫാസിസ്റ്റുകളെ അധികാരത്തില്‍ നിന്ന് പുറത്താക്കേണ്ടതിന്റെ അനിവാര്യത എന്ന വിഷയമാണ്. അതേക്കുറിച്ച് സിപിഐ 24-ാം പാര്‍ട്ടി കോണ്‍ഗ്രസ്സ് അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നതിവിടെ പ്രസക്തമാണ്. “ആര്‍എസ്എസ് ഫാസിസ്റ്റ് പ്രതിബദ്ധതയുള്ള പ്രത്യയശാസ്ത്രമാണ് പിന്തുടരുന്നത്. അവരെ ചെറുത്തു തോല്പിക്കുകയെന്നത് ഇടതുപക്ഷത്തിന്റെ ചരിത്രപരമായ ദൗത്യമാണ്. ഈ കാഴ്ചപ്പാടിന്റെ വ്യക്തതയോടെ സിപിഐ ഇടതുപക്ഷ ഐക്യത്തിനാഹ്വാനം ചെയ്തത്. ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തത്വാടിസ്ഥാനത്തില്‍ ഏകീകരിക്കുകയെന്നത് കാലം ആവശ്യപ്പെടുന്നു. ഇതാകട്ടെ കരുത്തുള്ള ഒരു ഇടതുപക്ഷത്തെ രാജ്യത്തിനു സംഭാവനചെയ്യും. ഇത് മതേതര ജനാധിപത്യ ശക്തികളുടെ വിശാലസഖ്യം കെട്ടിപ്പടുക്കുന്നതിനും സാമൂഹിക മോചനത്തിനായുള്ള പോരാട്ടത്തിനെ ശക്തിപ്പെടുത്താനും സഹായിക്കും. അധികാരത്തിലുള്ള ബിജെപി സര്‍ക്കാരിനെതിരെ ദേശാഭിമാന ശക്തികളുടെ വിശാലമായ സഖ്യത്തിനായി
(1)ബിജെപിയുടെ ദുര്‍ഭരണം രാജ്യത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. നമ്മുടെ രാജ്യത്തെ ജനങ്ങള്‍ക്ക് നേരെയുള്ള വര്‍ഗ്ഗീയ ഫാസിസ്റ്റ് ആക്രമണങ്ങള്‍ രാജ്യത്തിന്റെ മതേതര ജനാധിപത്യ ഘടനയെയും സ്വാതന്ത്ര്യത്തെയും ഐക്യത്തെയും ദുര്‍ബ്ബലപ്പെടുത്തുകയും ചെയ്യുന്നു.
(2)ഈ സാഹചര്യത്തില്‍ കേന്ദ്രത്തിലും സംസ്ഥാനങ്ങളുലും മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെ ഒരു വിശാലമുന്നണി ബിജെപിയ്ക്കെതിരെ രൂപീകരിക്കേണ്ടിയിരിക്കുന്നു.
(3)ഈ ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിനു, വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്തുന്നതിനു് അത്തരം ബദലില്‍ ജനാധിപത്യ മതേതര ദേശാഭിമാന ശക്തികളെ ഒരു പ്ലാറ്റ്ഫോമില്‍ കൊണ്ടുവന്ന് ഫാസിസ്റ്റു ശക്തികളുടെ വിഷലിപ്തമായ അജണ്ടയും അധികാരത്തില്‍ തുടരലും അവസാനിപ്പിക്കേണ്ടിയിരിക്കുന്നു”.(സിപിഐ 24-ാം പാര്‍ട്ടി കോണ്‍ഗ്രസ്സ് രാഷ്ട്രീയ പ്രമേയം) ഇത്രയും രാഷ്ട്രീയ വ്യക്തതയോടെയാണ് സിപിഐ ഈ ഹിന്ദുത്വ വര്‍ഗ്ഗീയ ഫാസിസ്റ്റ് ഭരണകൂടത്തിനു അന്ത്യം കുറിക്കുന്നതിനുള്ള രാഷ്ട്രീയ തന്ത്രങ്ങള്‍ ആവിഷ്കരിച്ചിരിക്കുന്നതു്. എന്നാല്‍ ഈ ലക്ഷ്യം സാക്ഷാത്ക്കരിക്കണമെങ്കില്‍ വര്‍ഗ്ഗീയ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ പ്രയോഗവല്‍ക്കരണമാണ് ബിജെപി നേതൃത്വം നല്‍കുന്ന സംഘപരിവാര്‍ ശക്തികള്‍ രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്ന രാഷ്ട്രീയ തിരിച്ചരിച്ചറിവും ശരിയായ വലയിരുത്തലും അനിവാര്യമാണ്.