പതിനെട്ടാം ലോക്സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിന്റെ അവസാന നിമിഷങ്ങളിലാണ് നാം. ഏപ്രിൽ 26 നാണ് കേരളത്തിലെ ജനങ്ങൾ പാർലമെന്റ് തെരഞ്ഞെടുപ്പ് വിധിയെഴുതുന്നത്. ഭരണ കാലയളവിൽ ആർഎസ്എസിന്റെ ഹിന്ദുരാഷ്ട്രപദ്ധതിയുടെ നിർവ്വഹണശ്രമങ്ങളുമായി ബന്ധപ്പെട്ട് കൊണ്ടുള്ള നയങ്ങൾ അടിച്ചേല്പിക്കാനായിരുന്നു മോദി സർക്കാർ ശ്രമിച്ചത്. രാജ്യത്തെ സംഘ്പരിവാറിന്റെ പ്രത്യയശാസ്ത്ര ലക്ഷ്യങ്ങളിലേക്ക് എത്തിക്കാനുള്ള ബിജെപി സർക്കാരിന്റെ ആസൂത്രിതമായ നീക്കങ്ങളുടെ ഭാഗമായി നടപ്പാക്കാൻ ശ്രമിക്കുന്ന പൗരത്വ ഭേദഗതി നിയമം പൗരത്വാവകാശത്തെ മതവിശ്വാസവുമായി ബന്ധപ്പെടുത്തിയിട്ടില്ലാത്ത ഇന്ത്യൻ ഭരണഘടന വ്യവസ്ഥകളുടെ നഗ്നമായ ലംഘനമായിരുന്നു.
നിയമത്തിന്റെ രൂപീകരണവും അതിന്റെ നിലനിൽപ്പുതന്നെയും വിവേചനത്തെ അടിസ്ഥാനപ്പെടുത്തിയാകുന്നത് രാജ്യത്തിന്റെ ജനാധിപത്യ-മതേതര ഘടനയുടെ അന്ത:സത്തയെ തന്നെ ചോദ്യം ചെയ്യുന്നതാണെന്നിരിക്കെ, ഇന്ത്യയുടെ ബഹു സ്വരതയെയും മത നിരപേക്ഷ പാരമ്പര്യങ്ങളെയും വെല്ലുവിളിച്ചു കൊണ്ടാണ് മതാധിഷ്ഠിത രാഷ്ട്രത്തിനായുള്ള പൊളിച്ചെഴുത്തു നടത്താൻ ശ്രമം നടത്തുന്നത് കേന്ദ്ര സർക്കാർ.
രാജ്യത്തിന്റെ പരമാധികാര നീതിപീഠം ഭരണഘടന വിരുദ്ധമായി വിലയിരുത്തി 2024 ഫെബ്രുവരി 15 ന് നിർത്തലാക്കുകയും മുഴുവൻ വിവരങ്ങളും പരസ്യപ്പെടുത്തണമെന്ന കർശന നിലപാട് സ്വീകരിക്കുകയും ചെയ്തതിനെ തുടർന്ന് എസ്ബിഐ പുറത്തു വിട്ട ഇലക്ടറൽ ബോണ്ട് മോദി സർക്കാരിന്റെ അഴിമതിയുടെ ഭീഭത്സ മുഖമാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
1951 ലെ ജനപ്രാതിനിത്യ നിയമവും 1961 ലെ ഇൻകം ടാക്സ് ആക്റ്റും 2009 ലെ വിദേശ സംഭാവന നിയന്ത്രണ നിയമവും 2013 ലെ കമ്പനി ആക്റ്റും പാർലമെന്റിൽ ഭേദഗതി ചെയ്ത് കൊണ്ട് സംഘടിത കൊള്ളയിലൂടെ പൗരന്മാരുടെ പണം അപഹരിച്ചുള്ള അഴിമതിയുടെ സമാഹാരമാണ് മോദി സർക്കാർ നടത്തിയത്. അത് പോലെ തന്നെ കേന്ദ്ര ഭരണത്തിന്റെ ബലത്തിൽ രാജ്യത്തിന്റെ സൈനിക, സിവിൽ, ഭരണ, ജുഡീഷ്യൽ, വിദ്യാഭ്യാസ, സാംസ്‌കാരിക മേഖലകളാകമാനം സംഘ് പരിവാർ നിയന്ത്രണത്തിൻ കീഴിൽ കൊണ്ടു വരാനുള്ള ശ്രമവും നടത്തുകയുണ്ടായി.ന്യൂന പക്ഷങ്ങളെയും ദളിത് വിഭാഗങ്ങളെയും സ്ത്രീകളെയും അപരവൽക്കരിക്കുകയും വേട്ടയാടുകയും ചെയ്യുന്ന ഭീകര വാഴ്ചയും ഇക്കാലയളവിൽ രാജ്യം കണ്ടു.
2023 മെയ് 7-ന്റെ ഇന്ത്യൻ എക്സ്പ്രസ്സിൽ വന്ന നാഷണൽ ക്രൈംബ്യൂറോ റിക്കാർഡിനെ അടിസ്ഥാനമാക്കി വന്ന വാർത്ത കഴിഞ്ഞ 5 വർഷത്തിനുള്ള ഗുജറാത്തിൽ മാത്രം 40,000 സ്ത്രീകളെ കാണാതായിട്ടുണ്ടെന്നാണ്. 2022-ൽ മാത്രം നാഷണൽ ക്രൈംബ്യൂറോ റിപ്പോർട്ടനുസരിച്ച് 4,722 സ്ത്രീകൾ വികസനത്തിന്റെ മാതൃകയായി ബിജെപിക്കാർ അവതരിപ്പിക്കുന്ന ഗുജറാത്തിൽ നിന്ന് അപ്രത്യക്ഷരായി എന്നാണ് കണക്ക്. ലൈംഗികാതിക്രമണക്കേസിൽ പ്രതി ചേർക്കപ്പെട്ട പാർലമെന്റ് മെമ്പറും ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റുമായ
ബ്രിജ് ഭൂഷൺ ശരൺ സിങിനെതിരായ പരാതിയിൽ നടപടി സ്വീകരിക്കുന്നതിൽ ഭരണ കൂടം കാണിച്ച നിഷ്‌ക്രിയാവസ്ഥക്കെതിരെ പ്രതിഷേധിച്ചു കൊണ്ടാണ് രാജ്യ തലസ്ഥാന നഗരിയിൽ രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ ഖേൽ രത്നയും പത്മ ശ്രീയുമടക്കം നേടിയവരുൾപ്പെടെയുള്ള രാജ്യാന്തര കായിക താരങ്ങൾ പോർമുഖം തുറന്നത്.
സാമൂഹ്യവും സ്വത്വ പരവുമായ ഗോത്ര വിഭാഗങ്ങളുടെ അവകാശത്തർക്കത്തെ ജനാധിപത്യ പരമായും ബഹുസ്വരതയുടെ സത്തയിലൂന്നിയും അഭിമുഖീകരിക്കുന്നതിന് പകരം വർഗ്ഗീയതയുടെ മാനം നൽകി ക്രിസ്ത്യൻ വിരുദ്ധ സംഘർഷമാക്കി സംഘ് പരിവാർ ഇച്ഛക്കനുസരിച്ച് മാറ്റിയെടുക്കുന്നതാണ് അക്ഷരാർത്ഥത്തിൽ നാം മണിപ്പൂരിൽ കണ്ടത്. 175 പേർ കൊല്ലപ്പെടുകയും 4786 ഭവനങ്ങൾ ചാമ്പലാവുകയും 386 ചർച്ചുകൾ തകരുകയും 4500 ലേറെ പേർക്ക് പാലായനം ചെയ്യേണ്ടി വരികയും കുക്കി വംശജരായ നിരവധി സ്ത്രീകളുടെ മാനം പരസ്യമായിത്തന്നെ മെയ്തി ഭീകരരാൽ പിച്ചിച്ചീന്തപ്പെടുകയും ചെയ്തിട്ടും ഇരകളെ വക വരുത്തുന്ന വേട്ടക്കാരന്റെ ലാഘവത്തോട് നിസ്സംഗത കാട്ടി കേന്ദ്രം. വർഗ്ഗീയ വിദ്വേഷം ജനിപ്പിച്ചും മതപരമായ ചേരിതിരിവുണ്ടാക്കിയും മതത്തെയും വിശ്വാസത്തെയും എക്കാലവും രാഷ്ട്രീയ നേട്ടത്തിനായി ദുരുപയോഗം ചെയ്ത ചരിത്രവും പാരമ്പര്യവുമാണ് അവരുടേത്.
പ്രതിവർഷം 2 കോടി തൊഴിലുകൾ സൃഷ്ടിക്കുമെന്ന വാഗ്ദാനവുമായി 2014 ൽ അധികാരത്തിൽ വന്ന ബിജെപി സർക്കാരിന്റെ ഭരണ കാലയളവിൽ രാജ്യത്ത് തൊഴിലില്ലായ്മ ചരിത്രത്തിലെ ഏറ്റവും ഭീകരമായ സാഹചര്യത്തിൽ എത്തിച്ചേരുകയും സർക്കാർ മേഖലയിലുള്ള തൊഴിൽ ദിനങ്ങൾക്ക് പുറമെ പൊതു-സ്വകാര്യ മേഖലകളിലെയും തൊഴിലവസരങ്ങളും വെട്ടിക്കുറച്ചും ചരിത്രത്തിൽ തുല്യതയില്ലാത്ത യുവജന വഞ്ചന മുഖ മുദ്രയാക്കുകയും ചെയ്തു. കേന്ദ്ര സർക്കാരിന് കീഴിലെ തസ്‌തികകളിലെ ഒഴിവുകളുടെ എണ്ണം 2022 മാർച്ച് വരെയുള്ള കാലയളവിൽ 9,83,028 ആണെന്നാണ് പാർലമെന്റിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി ലഭിച്ചിട്ടുള്ളത്. നിലവിലെ സാഹചര്യത്തിൽ ഒഴിവുകൾ 12 ലക്ഷത്തിന് മുകളിലായിരിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്.
2014ൽ മോദി അധികാരത്തിൽ വരുമ്പോൾ നികത്താതെ കിടന്നിരുന്ന സർക്കാർ ഒഴിവുകൾ 4.2 ലക്ഷമായിരുന്നുവെങ്കിൽ മോദിയുടെ ഭരണ കാലയളവിൽ ഒഴിവുകൾ അതി ഭീമമായി വർദ്ധിച്ച കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ‘സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ എക്കോണമി’ ഈയിടെ പുറത്തുവിട്ട റിപ്പോർട്ടിൽ തൊഴിൽ പങ്കാളിത്ത നിരക്ക് കോവിഡിനുശേഷം കുത്തനെ ഇടിഞ്ഞതായാണ് പ്രസ്ഥാവിക്കുന്നത്. 2023-ലെ തൊഴിൽ പങ്കാളിത്ത നിരക്ക് 39.5 ശതമാനമാണെന്ന് അറിയിക്കുന്ന റിപ്പോർട്ട് 2017 നുശേഷമുള്ള കുറഞ്ഞ നിരക്കാണിതെന്ന് വ്യക്തമാക്കുന്നു.
രാജ്യത്തെ 39% പേർ അതായത് 45 കോടി കോടി ആളുകൾ തൊഴിൽ തേടി രാജ്യം മുഴുവൻ അലയുകയാണ്. 2018-20 കാലയളവിൽ തൊഴിലില്ലായ്മ നിമിത്തം രാജ്യത്ത് ആത്മഹത്യ ചെയ്തവരുടെ എണ്ണം 9140 ആണ്. 2020 ൽ മാത്രം ആത്മഹത്യ ചെയ്തവരുടെ എണ്ണമാകട്ടെ 3548. 25 വയസ്സിൽ താഴെയുള്ള 43% ബിരുദ ധാരികളും രാജ്യത്ത് തൊഴിൽ രഹിതരാണെന്നും രാജ്യത്താകമാനം 32.06% ആളുകൾ ഒരു തൊഴിലും ഇല്ലാത്തവരാണെന്നും വിവിധ സർവേകൾ വ്യക്തമാക്കുന്നു.
2014 മുതൽ 2023വരെയുള്ള കാലയളവിൽ 24.08 കോടി ഉദ്യോഗാർത്ഥികൾ വിവിധ തസ്തികകളിലേക്ക് അപേക്ഷ സമർപ്പിച്ചതിൽ 0.33 ശതമാനത്തിന് മാത്രമാണ് നിയമന ഉത്തരവ് നൽകിയത് എന്നാണ് കണക്കുകൾ പറയുന്നത്. 2014 മുതൽ ഓരോ വർഷവും ലഭിക്കാറുള്ള അപേക്ഷകളുടെ എണ്ണം ശരാശരി 2.75 കോടിയാണെന്നിരിക്കെ ഒൻപത് വർഷത്തിനിടെ ലഭിച്ച അപേക്ഷകരിൽ നിന്ന് നിയമനം നൽകിയ ഉദ്യോഗാർത്ഥികളുടെ അനുപാതം ഓരോ വർഷവും 0.07 ശതമാനം മുതൽ 0.80 ശതമാനം വരെയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഭരണഘടന അനുശാസിക്കുന്ന ജനാധിപത്യാവകാശ ധ്വംസനങ്ങൾക്കെതിരെ സമാനതകളില്ലാത്ത പ്രതിഷേധങ്ങൾ ഉയർന്നുവരുമ്പോൾ പൗരന്മാർക്കിടയിൽ വൈകാരിക ഉത്തേജനം നിറച്ച് തങ്ങൾക്കെതിരായ ജനരോഷത്തെ വഴി തിരിച്ചു വിടാനായിരുന്നു ഭരണാധികാരികൾ ശ്രമിച്ചത്. രാജ്യത്തെ സ്നേഹിക്കുന്ന രാജ്യത്തിന്റെ ബഹുസ്വരത നില നിൽക്കണമെന്നാഗ്രഹിക്കുന്ന ജനാധിപത്യ വിശ്വാസികളുടെയും മതേതര വാദികളുടെയും യോജിച്ച മുന്നേറ്റം കാലഘട്ടം ആവശ്യപ്പെടുന്ന വർത്തമാന സാഹചര്യത്തിൽ ബിജെപി ഉയർത്തുന്ന ഫാസിസ്റ്റ് ഭീഷണിയെ ഫലപ്രദമായി ചെറുക്കണമെങ്കിൽ ഇന്ത്യൻ പാർലമെന്റിൽ ഇടതുപക്ഷത്തിന്റെ പ്രാതിനിധ്യം വർദ്ധിക്കുകയും കേരളത്തിലെ 20 ലോക്സഭ മണ്ഡലങ്ങിളിലും ഇടത്പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾ വൻ ഭൂരിപക്ഷത്തോട്കൂടി വിജയിക്കുകയും ചെയ്യേണ്ടതുണ്ട്.