തിരുവനന്തപുരം: സിപിഐയുടെ വളർച്ചയുടെ ചരിത്രത്തിലെ സുപ്രധാനമായ സമ്മേളനമായിരുന്നു തിരുവനന്തപുരത്ത് നടന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ നാളുകളുടെ ചരിത്രം പരിശോധിച്ചാൽ, ഈ സമ്മേളന കാലയളവിലാണ് പാർട്ടിക്ക് ഏറ്റവും കൂടുതൽ വളർച്ചയുണ്ടായതെന്ന് കാണാൻ സാധിക്കും. സംസ്ഥാനത്ത് പാർട്ടി ബ്രാഞ്ചുകളുടെയും അംഗങ്ങളുടെയും എണ്ണത്തിൽ വലിയ വർധനവുണ്ടായെന്നും കാനം വ്യക്തമാക്കി. കൂടുതൽ പ്രദേശങ്ങളിലേക്ക് സംഘടന വ്യാപിച്ചു. വർഗ ബഹുജന സംഘടനകളുടെ സമരങ്ങളിലും പ്രവർത്തനങ്ങളിലും പങ്കാളികളാകുന്നവരുടെ എണ്ണവും വർധിച്ചു. പാർട്ടിയുടെ സംഘടനാ ശേഷി എങ്ങനെ കൂടുതൽ വർധിപ്പിക്കണമെന്നാണ് സമ്മേളനം ചർച്ച ചെയ്തത്. അതിനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും കാനം പറഞ്ഞു. ഗൗരവമേറിയ രാഷ്ട്രീയ‑സംഘടനാ വിഷയങ്ങളാണ് സമ്മേളനത്തിൽ ചർച്ച ചെയ്തത്.
എന്നാൽ അതിനുള്ളിലെ പൈങ്കിളിക്കഥകളാണ് മാധ്യമങ്ങൾ ചർച്ചയാക്കിയത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കു നേരെയുള്ള ആക്രമണങ്ങൾ പ്രതിരോധിക്കുന്നത് സംബന്ധിച്ച് സമ്മേളനം ചർച്ച ചെയ്തു. സിപിഐ സർക്കാരിനെതിരെയാണെന്ന് വരുത്തിത്തീർക്കാൻ ഒരു പ്രത്യേക താല്പര്യം മാധ്യമങ്ങൾക്കുണ്ടായി. എന്നാൽ ഇന്ത്യയിലെ ഏക ഇടതുപക്ഷ സർക്കാരിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്നാണ് പ്രതിനിധികൾ സമ്മേളനത്തിൽ ഉന്നയിച്ചത്. എന്തൊക്കെയോ സംഭവിക്കാൻ പോകുന്നുവെന്നാണ് സമ്മേളനത്തിന് രണ്ടാഴ്ച മുമ്പ് മുതൽ മാധ്യമങ്ങൾ പ്രചാരണം തുടങ്ങിയത്. ഒന്നും സംഭവിച്ചില്ല. സംസ്ഥാന കൗൺസിലിനെയും സെക്രട്ടറിയെയും പാർട്ടി കോൺഗ്രസ് പ്രതിനിധികളെയും കൺട്രോൾ കമ്മിഷൻ അംഗങ്ങളെയുമെല്ലാം ഏകകണ്ഠമായി തെരഞ്ഞെടുത്തു. സമ്മേളന നടപടികൾ പൂർത്തിയായതോടെ പുറത്തേക്ക് വന്ന സന്ദേശം പാർട്ടി ഐക്യത്തോടെ മുന്നോട്ട് പോകുമെന്നത് തന്നെയാണ്. അത് മാധ്യമങ്ങളെ നിരാശപ്പെടുത്തുന്നതായതിൽ ദുഃഖമുണ്ടെന്ന് കാനം പരിഹസിച്ചു.
എൽഡിഎഫ് വിപുലീകരിക്കുന്ന വിഷയം ചർച്ച ചെയ്തിട്ടില്ല. സാങ്കല്പികമായ ചോദ്യമാണത്. ഇടതുപക്ഷ ഐക്യം എന്നത് പ്രഖ്യാപിത നയമാണ്. മുസ്‌ലിം ലീഗ് അതിനകത്ത് വരുന്ന പാർട്ടിയല്ലെന്നും ചോദ്യത്തിന് മറുപടിയായി കാനം വ്യക്തമാക്കി. ഏതെങ്കിലും ഒരു സമ്മേളനത്തിൽ എൽഡിഎഫ് രാഷ്ട്രീയം തെറ്റാണെന്നോ, വിട്ടുപോകണമെന്നോ ഒരു പ്രതിനിധിയും പറഞ്ഞിട്ടില്ല. എൺപത് മുതൽ ആരംഭിച്ച മുന്നണിയിലെ പ്രധാന കക്ഷിയാണ് സിപിഐ. അത് ഇനിയും ശക്തമാക്കി മുന്നോട്ടുപോകണമെന്നാണ് ചർച്ച ചെയ്തത്.