തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ നടന്ന പിഎഫ്‌ഐ ഹര്‍ത്താലില്‍ അക്രമങ്ങള്‍ അഴിച്ചുവിട്ട അക്രമികള്‍ക്കെതിരെ ശബ്ദമുയര്‍ത്തി മാധ്യമങ്ങള്‍ രംഗത്ത് വരണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരളത്തില്‍ ഇന്നലെ വ്യാപകമായി നടന്ന അക്രമണങ്ങളിലെല്ലാം മാധ്യമങ്ങള്‍ ഉള്‍പ്പെടെ സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. എന്നാല്‍ ഒരക്ഷരം പോലും അക്രമികളെക്കുറിച്ച് പറയാന്‍ മാധ്യമങ്ങള്‍ തയ്യാറായില്ലെന്ന് കാനം കുറ്റപ്പെടുത്തി. സമാധനപരമായ ജീവിതം നയിക്കുന്ന ഒരു സമൂഹത്തെ ധാരാളം പ്രശ്‌നങ്ങളും തടസങ്ങളും ഉണ്ടാക്കാന്‍ ഇന്നലത്തെ ഹര്‍ത്താലിനും സാധിച്ചു. അതില്‍ സര്‍ക്കാരിന്റെയും പൊലീസിന്റെയും വീഴ്ചയാക്കിമാറ്റാനാണ് മാധ്യമങ്ങള്‍ താല്‍പര്യകണിക്കുന്നത്. എന്നാല്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നടപടിയെ അപലപിക്കാന്‍ കേരളത്തിലെ മാധ്യമങ്ങള്‍ ധീരമായി മുന്നോട്ട് വരണമെന്ന് കാനം വ്യക്തമാക്കി. സംസ്ഥാന സമ്മേളനത്തിനോട് അനുബന്ധിച്ചു നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കാനം ഇകാര്യങ്ങള്‍ തുറന്നു പറഞ്ഞത്.
24-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന സംസ്ഥാന സമ്മേളനത്തിനു ഈ മാസം മുപ്പതിനു തിരുവനന്തപുരത്ത് തുടക്കമാവും. സെപ്റ്റബര്‍ 30 മുതല്‍ ഒക്ടോബര്‍ 3 വരെയാണ് സംസ്ഥാന സമ്മേളനം നടക്കുക. വയലാറില്‍ നിന്നും വരുന്ന പതാക ജാഥയും, ശൂരനാട്ടില്‍ നിന്നും വരുന്ന ബാനര്‍ജാഥയും നെയ്യാറ്റിന്‍കരയില്‍ നിന്നെത്തുന്ന കൊടിമര ജാഥയും പുത്തരിക്കണ്ടം മൈതാനത്ത് പികെവി നഗറില്‍ എത്തിച്ചേരും. തുടര്‍ന്ന് ദേശീയ കണ്‍ട്രേള്‍ കമ്മീഷന്‍ അംഗം പന്ന്യന്‍ രവീന്ദ്രന്‍ പതാക ഉയര്‍ത്തുന്നതോടെ സമ്മേളന പരിപാടികള്‍ക്ക് തുടക്കം കുറിക്കും.
ഒന്നാം തിയതി വെളിയം ഭാര്‍ഗവന്‍ നഗറില്‍വച്ചാണ് പ്രതിനിധിസമ്മേളനം. പേരൂര്‍ക്കടയിലുള്ള ജയപ്രകാശ് രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും പെണ്‍കുട്ടികള്‍ ദീപശിഖ സമ്മേളന നഗരിയിലേക്ക് എത്തിക്കും. പ്രതിനിധി സമ്മേളനത്തിന്റെ ഭാഗമായി സമ്മേളന നഗരിയില്‍ മുതിര്‍ന്ന നേതാവ് സി ദിവാകരന്‍ പതാക ഉയര്‍ത്തുന്നതോടെ പ്രതിനിധി സമ്മേളനത്തിനു തുടക്കമാകും. പതിനൊന്ന് മണിക്കാരംഭിക്കുന്ന പ്രതിനിധി സമ്മേളനം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും. പാര്‍ട്ടിയുടെ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം അതുല്‍ കുമാര്‍ ആജ്ഞാന്‍, ബിനോയ് വിശ്വം, ദേശീയ കണ്‍ട്രോള്‍ കമ്മീഷന്‍ അംഗം പന്ന്യന്‍ രവീന്ദ്രന്‍, പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടിവ് അംഗം കെ ഇ ഇസ്മായില്‍ എന്നിവര്‍ പങ്കെടുക്കും. ഒക്ടോബര്‍ മൂന്നിനു നടക്കുന്ന പുതിയ സംസ്ഥാന കമ്മിറ്റിയുടെ തെരഞ്ഞെടുപ്പോടുകൂടി സമ്മേളന നടപടികള്‍ക്ക് അവസാനമാവും.
സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഒന്നാം തിയതി വൈകുന്നേരം കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ ഫെഡറല്‍ സംവിധാനം എന്ന വിഷയത്തില്‍ സെമിനാര്‍ വെളിയം ഭാര്‍ഗവന്‍ നഗറില്‍ സംഘടിപ്പിക്കും. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ അധ്യക്ഷതയില്‍ ചേരുന്ന സെമിനാറില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും പാര്‍ട്ടി കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗം അതുല്‍ കുമാര്‍ ആജ്ഞാനും സംസാരിക്കും. രണ്ടാം തിയതി അയ്യങ്കാളി ഹാളില്‍ ഗാന്ധിജിയും ഇന്നത്തെ ഇന്ത്യയും എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന സെമിനാര്‍ പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക വന്ദന ശിവ ഉദ്ഘാടനം ചെയ്യും. ബിനോയ് വിശ്വം അടക്കമുള്ള പ്രമുഖര്‍ സെമിനാറില്‍ല്‍ സംസാരിക്കും. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി 25-ാം തിയതി മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ സാസ്‌കാരി പരിപാടികളും കലാപരിപാടികളും സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.