ആദ്യ സംസ്ഥാന നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്ത ആദ്യത്തയാൾ! റോസമ്മ പുന്നൂസ് … വളർന്നത് കോൺഗ്രസുകാരിയായിട്ടാണെങ്കിലും, പ്രണയം അവരെ കമ്മ്യൂസ്റ്റുകാരിയാക്കി. മദ്രാസ് ലോ കോളേജിൽനിന്ന് ബി.എൽ. പാസായ അവർ സഹോദരിയായ അക്കാമ്മ ചെറിയാനോടൊപ്പം സ്വാതന്ത്ര്യസമരത്തിൽ സജീവമായി. നാൽപതുകളുടെ ആദ്യം ഇരുവരും പൂജപ്പുര ജയിലിലടയ്ക്കപ്പെട്ടു. പിന്നീട് കമ്യൂണിസ്റ്റ് പാർട്ടിയുടെ തിരുവിതാംകൂറിലെ സ്ഥാപകനേതാവായ പി.ടി. പുന്നൂസുമായി പ്രണയത്തിലായി.
കേരളത്തിലെ ആദ്യ കത്തോലിക്ക- മാർത്തോമ്മാ മിശ്രവിവാഹമായി അതു മാറി. കമ്മ്യൂണിസ്റ്റുകാരെ പൊലീസ് വേട്ടയാടിക്കൊണ്ടിരുന്ന കാലമായതിനാൽ രഹസ്യമായി ഒരു പള്ളിയിൽ വച്ചായിരുന്നു വിവാഹം. റോസമ്മ ചെറിയാൻ അങ്ങനെ റോസമ്മ പുന്നൂസായി.
കാഞ്ഞിരപ്പള്ളി കരിപ്പാപ്പറമ്പിൽ ചെറിയാന്റെയും പായിപ്പാട്ട് പുന്നക്കുടിയിൽ അന്നമ്മയുടേയും എട്ടു മക്കളിൽ നാലാമതായി 1913 മേയ് 13ന് ജനിച്ചു. നിയമത്തിൽ ബിരുദധാരിയായ റോസമ്മ പുന്നൂസ് ഒന്നും എട്ടും കേരളനിയമസഭകളിലംഗമായിരുന്നു. ഒന്നാം കേരള നിയമസഭയിൽ ദേവികുളം മണ്ഡലത്തേയും എട്ടാം കേരള നിയമസഭയിൽ ആലപ്പുഴ മണ്ഡലത്തേയുമാണ് റോസമ്മ പുന്നൂസ് പ്രതിനിധാനം ചെയ്തത്. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിൽ അംഗമായാണ് റോസമ്മ പുന്നൂസ് 1939-ൽ സജീവരാഷ്ട്രീയത്തിലേക്കു പ്രവേശിച്ചത്.
സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുക വഴി അക്കാലത്ത് അവർ മൂന്ന് വർഷത്തോളം ജയിൽ വാസം അനുഷ്ഠിച്ചിട്ടുണ്ട്. 1948-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി.1957 ഏപ്രിലിൽ കേരളനിയമസഭാ തെരഞ്ഞെടുപ്പിലൂടെ ലോകത്താദ്യമായി ഒരു കമ്യൂണിസ്റ്റ് കക്ഷി ബാലറ്റ് പേപ്പറിലൂടെ ഭരണത്തിലെത്തി. ഇവരിൽ കേരളത്തിലെ ഒന്നാംനിയമസഭയുടെ പ്രോടേം സ്പീക്കർ റോസമ്മ പുന്നൂസ് ആയിരുന്നു. ഏപ്രിൽ 10ന് പ്രോടേം സ്പീക്കർ ആകുന്നതിനുമുമ്പേ ചട്ടപ്രകാരം അവർ സ്വന്തം സത്യപ്രതിജ്ഞാനിർവ്വഹണം നടത്തി. അങ്ങനെ ഐക്യകേരളത്തിന്റെ ചരിത്രത്തിൽ ആദ്യം സത്യപ്രതിജ്ഞ ചെയ്ത നിയമസഭാംഗം എന്ന ഖ്യാതി റോസമ്മയ്ക്കു സ്വന്തമായി.
സി.പി.ഐ.യുടെ സംസ്ഥാന സമിതിയംഗം, കേരള വനിതാകമ്മീഷൻ അംഗം, കേരള മഹിളാസംഘാംഗം, തോട്ടം കോർപ്പറേഷന്റെ ചെയർപേഴ്‌സൺ, ഹൗസിംഗ് ബോർഡ് അംഗം, പത്തു വർഷത്തോളം റബ്ബർ ബോർഡംഗം എന്നീ നിലകളിലും സഖാവ് പ്രവർത്തിച്ചിട്ടുണ്ട്. ആധുനിക കേരളത്തിന്റെ ആദ്യകാല രാഷ്ട്രീയ ചരിത്രത്തിലെ ഒരു തിളങ്ങുന്ന കഥാപാത്രമായിരുന്നു റോസമ്മ പുന്നൂസ്. 2013 ഡിസംബർ 28-ന് ഒമാനിലെ സലാലയിൽ താമസിക്കവേ അന്തരിച്ചു. മരിക്കുമ്പോൾ 100 വയസ്സുണ്ടായിരുന്നു. 1957-ൽ ദേവികളും എം.എൽ.എ. റോസമ്മ പുന്നൂസിന്റെ തിരഞ്ഞെടുപ്പ് ട്രിബ്യൂണൽ റദ്ദാക്കിയതാണ് കേരളത്തിലെ ആദ്യ തിരഞ്ഞെടുപ്പ് കേസ്. 1957 നവംബർ 14-ന് ആയിരുന്നു വിധി. ഉപതിരഞ്ഞെടുപ്പിലൂടെ വീണ്ടും വിജയിച്ച റോസമ്മ പുന്നൂസ് 1958 ജൂൺ 30-ന് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു .കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കരുത്തുറ്റ നേതൃത്വം നൽകിയ പ്രിയ സഖാവിന്റെ സ്മരണക്കു മുന്നിൽ ആദരാജ്ഞലികൾ.