ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ജ്വലിക്കുന്ന ഒരേടാണ് ഗോവൻ വിമോചന സമരം. 1956 ആഗസ്റ്റ് 15ന് കമ്മ്യുണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന വിമോചന മാർച്ച് എത്ര മായ്ച്ചു കളയാൻ ശ്രമിച്ചാലും ചോര ചുവപ്പ് കലർന്നങ്ങനെ തെളിഞ്ഞു തന്നെ കിടക്കും. സി കെ ചന്ദ്രപ്പന്റെ ഓർമ്മ ദിനത്തിൽ ആ ഐതിഹാസിക സമരവും സഖാവ് വഹിച്ച പങ്കും ഇവിടെ ഓർമ്മപ്പെടുത്തുകയാണ്, നമ്മളെ നമ്മൾ മറന്നു പോകാതിരിക്കാൻ…
അജയഘോഷാണ് അന്നത്തെ സിപിഐ സെക്രട്ടറി, എസ് എ ഡാങ്കെ കേന്ദ്രകമ്മിറ്റി അംഗം. എസ് എ ഡാങ്കെയുടെ നേതൃത്വത്തിലാണ് ഗോവവിമോചന സമിതി രൂപീകരിച്ചത്. ബുദ്ധി ജീവികളും സ്വാതന്ത്യസമര ഭടന്മാരും ഉൾപ്പെടുന്നതായിരുന്നു സമിതി. 1956 ആഗസ്റ്റ് 15ന് ഗോവയിലേയ്ക്ക് ഒരു ബഹുജന മാർച്ച് നടത്താൻ സമിതി തീരുമാനിച്ചു. ഇതനുസരിച്ചു സി കെ ചന്ദ്രപ്പനും മൂന്ന് സുഹൃത്തുക്കളും ബോംബയിലേയ്ക്ക് പോയി. അന്ന് ചിറ്റൂർ കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്ന സി കെ എഐഎസ്എഫിന്റെ സംസ്ഥാന ജോയിന്റ് സെക്രട്ടറിയാണ്. തിരുവനന്തപുരം, തൃശൂർ, ആലപ്പുഴ ജില്ലകളിൽ നിന്നുളളവരായിരുന്നു സുഹൃത്തുകൾ. തൃശൂരിൽ വച്ച് അവർക്ക് വലിയൊരു യാത്രയയപ്പ് നൽകി. ബോംബെയിൽ ട്രെയിനിറങ്ങിയ അവരെ അവിടുത്തെ സഖാക്കൾ പൂനെയിലേയ്ക്ക് കൊണ്ടുപോയി. പൂനെയിൽ നിന്നാണ് ഗോവയിൽ എത്തിയത്. ഗോവ അതിർത്തിയിലുളള സാവത്ത്വാടിയിൽ ആയിരക്കണക്കിന് വാളന്റിയർമാർ തമ്പടിച്ചു.
ഗോവയിൽ ഷൂട്ട് അറ്റ് സൈറ്റ് ഓർഡർ നിലനിൽക്കുന്ന സമയം. രണ്ടു ഭാഗവും ഗോവൻ അതിർത്തി വരുന്ന പ്രദേശത്തുകൂടിയാണ് മാർച്ച്. ടോൾ ഗേറ്റിലെ കെട്ടിടത്തിന് മുകളിൽ പോർച്ചുഗീസ് പട്ടാളം നിലയുറപ്പിച്ചിരുന്നു. അവർ ഒരു പ്രകോപനവുമില്ലാതെ നിറയൊഴിച്ച് കൊണ്ടിരുന്നു. പോർച്ചുഗീസിന്റെ നിലപാടിനെ വെല്ലുവിളിക്കാൻ ”വെടിയുണ്ട മതിൽ” ഭേദിചേ മതിയാകു. എന്നാൽ അത് പ്രതീകാത്മകമാകണം, ജീവൻ ബലി കഴിക്കാൻപാടില്ല. അതായിരുന്നു ഡാങ്കെയുടെ ആഹ്വാനം. സമരക്കാർ ടോൾ ഗേറ്റ് കടക്കും മുൻപെ പട്ടാളം നിറയൊഴിച്ച് തുടങ്ങിയിരുന്നു.40 പേരുളള ആദ്യ ബാച്ചിൽ രണ്ടുപേർ വെടിയേറ്റ് പിടഞ്ഞുമരിച്ചു. തുടർന്ന് ഒരു ബാച്ച്കൂടി നീങ്ങിയെങ്കിലും സമിതി യോഗം ചേർന്ന് ഇനി സമരപോരാളികളെ അയക്കേണ്ട എന്നു തീരുമാനിച്ചു. മൂന്നാം ബാച്ചിലായിരുന്ന സി കെയും സഹപ്രവർത്തകരും പോകേണ്ടി വന്നില്ല.പത്ര സമ്മേളനത്തിൽ ഡാങ്കെ ഇങ്ങനെ നിലപാട് വ്യക്തമാക്കി ”പോർച്ച് ഗീസ് പട്ടാളം മനുഷ്യനെ വെടിവച്ച് വീഴ്ത്തുകയാണ്. അവരെ നേരിടാൻ ഇന്ത്യൻ പട്ടാളം ഇടപെടേണ്ടി വരും” ആ വാക്കുകൾ ചരിത്രമായി.
പഞ്ചാബിയായ കർണൽ സിംഗും, മഹാരാഷ്ട്രക്കാരൻ മധുകർചൗധരിയുമായിരുന്നു വെടിയേറ്റു മരിച്ച സത്യഗ്രഹികൾ.ഡാങ്കേ സമരം പിൻവലിച്ചതായി പ്രഖ്യാപിച്ചെങ്കിലും സമരക്കാർക്ക് അത് പെട്ടെന്ന് ഉൾക്കൊളളാൻ കഴിഞ്ഞില്ല. വിമോചന സമിതിക്കാരെ ശാന്തരാക്കുവാൻ ഡാങ്കെ ശ്രമിക്കുമ്പോൾ ഒരു ആദിവാസി സ്ത്രീ വർണ്ണപതാക ഉയർത്തി പിടിച്ച് കൊണ്ട് ടോൾ ഗേറ്റിലേയ്ക്ക് പാഞ്ഞു. നിർത്താതെയുളള വെടിയൊച്ചകൾക്കിടയിൽ അവർ പിടഞ്ഞു വീണു. അവർ അപ്പോഴും വിമോചന മുദ്രാവാക്യം മുഴക്കുന്നുണ്ടായിരുന്നു. അവരെ റെഡ്ക്രോസിന്റെ ആംബുലൻസിൽ ആശുപ്രതിയിലാക്കി. ദേഹമാകെ വെടിയേറ്റെങ്കിലും അവർ രക്ഷപ്പെട്ടു. മദ്ധ്യപ്രദേശിൽ നിന്നുളള സുദ്രസാഗർ ആയിരുന്നു ധീരവനിത. അവർ പിന്നീട് മധ്യപ്രദേശിൽ നിന്നും പാർലെമന്റ് അംഗമായി.
സഖാവ് സി കെ എന്ന രണ്ടക്ഷര ചുരുക്കപ്പേരിന് ഒരർത്ഥം കൂടിയുണ്ട്, ഇന്ത്യയുടെ സമര ചരിത്രം. അത്രമേൽ തീഷ്ണമായിരുന്നു ആ പോരാട്ട ജീവിതം.