കൊല്ലം: സൈനികനെ സംഘം ചേർന്ന് മർദ്ദിക്കുകയും നിരോധിത സംഘടനയായ പിഎഫ്‌ഐ എന്ന് ശരീരത്തിൽ എഴുതുകയും ചെയ്തുവെന്ന പരാതി വ്യാജമെന്ന് കണ്ടെത്തൽ. രാജസ്ഥാനിൽ സേവനമനുഷ്ഠിക്കുന്ന ചന്നപ്പാറ സ്വദേശി ഷൈൻ കുമാറാണ് മർദ്ദനമേറ്റതായി പരാതി നൽകിയത്. സംഭവത്തിൽ സൈനികനെയും സുഹൃത്ത് ജോഷിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രശസ്‌തനാകാൻ വേണ്ടിയാണ് ഷൈൻ വ്യാജ പരാതി നൽകിയതെന്ന് ജോഷി പൊലീസിന് മൊഴി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പിഎഫ്‌ഐ എന്നെഴുതാൻ ഉപയോഗിച്ച പെയിന്റും ബ്രഷും കണ്ടെടുത്തു. ചിറയിൻകീഴിൽ നിന്നാണ് ഇവ വാങ്ങിയതെന്നും തന്നെകൊണ്ട് ബ്ളെയ്‌ഡ് ഉപയോഗിച്ച് ടീഷർട്ട് കീറിക്കുകയായിരുന്നുവെന്നുമാണ് ജോഷിയുടെ മൊഴി. മർദ്ദിക്കാൻ ഷൈൻ ആവശ്യപ്പെട്ടെങ്കിലും അത് ചെയ്തില്ലെന്നും സുഹൃത്ത് പറയുന്നു.
കഴിഞ്ഞദിവസം നാട്ടിൽ ഓണാഘോഷ പരിപാടികൾ നടന്നിരുന്നുവെന്നും ഇതിന് ശേഷമാണ് ആക്രമണം ഉണ്ടായതെന്നുമാണ് സൈനികൻ പരാതിയിൽ പറഞ്ഞത്. ജോലിസ്ഥലത്തേയ്ക്ക് മടങ്ങിപ്പോകാനിരിക്കുകയായിരുന്നു. ഇതിന് മുൻപായി രാത്രി സുഹൃത്തിന്റെ വീട്ടിലേയ്ക്ക് പോയി. അതിനിടെ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് തടഞ്ഞുനിർത്തി മർദ്ദിക്കുകയായിരുന്നുവെന്നും ശരീരത്തിൽ പിഎഫ്ഐ എന്നെഴുതിയെന്നും പരാതിയിൽ ഷൈൻ പറഞ്ഞിരുന്നു.
ആറംഗസംഘം ആക്രമണത്തിന് ശേഷം കടന്നുകളഞ്ഞുവെന്നും എന്തിനാണ് ആക്രമിച്ചതെന്നും ആരാണ് ആക്രമിച്ചതെന്നും അറിയില്ലെന്നും പരാതിയിലുണ്ട്. തുടർന്ന് കണ്ടാലറിയാവുന്ന ആറുപേർക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിൽ സൈന്യവും അന്വേഷണം തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് സത്യം പുറത്തുവന്നത്.