കോഴിക്കോട്: ജില്ലാ സമ്മേളനത്തിന് ചുവപ്പണിഞ്ഞ് ആവേശം പകർന്ന് റെഡ് വോളന്റിയർ കുടുംബം. ഫറോക്കിൽ നടക്കുന്ന സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ റെഡ് വോളന്റിയർമാരായി സേവനം അനുഷ്ടിക്കുന്ന ഒരു കുടുംബമാണ് ഇന്ന് തരംഗമാകുന്നത്. അച്ഛനും അമ്മയും മകനും ചുവപ്പണിഞ്ഞ് രംഗത്തിറങ്ങിയത് ആവേശം പകർന്ന കാഴ്ചയായി .
ഫറോക്കിലെ നല്ലൂരിലും കല്ലമ്പാറയിലുമായി നടക്കുന്ന സമ്മേളനത്തിലാണ് അച്ഛനും അമ്മയും മകനും ഉൾപ്പെട്ട കുടുംബം വോളന്റിയർമാരായത്. സിപിഐയുടെ ബേപ്പൂർ മണ്ഡലത്തിലെ വോളന്റിയർ ക്യാപ്റ്റനും സിപിഐ മണ്ഡലം കമ്മിറ്റി അംഗവുമായ കെ വിനോദ് കുമാർ , ഭാര്യയും കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കേരള മഹിളാസംഘം കടലുണ്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായ സജിത പൂക്കാടൻ, പ്ലസ്ടു കഴിഞ്ഞ് ബിരുദ പഠനം കാത്തിരിക്കുന്ന മകൻ കെ വൈഷ്ണവ് എന്നിവരാണ് ഒരേ വീട്ടിലെ മൂന്നു റെഡ് വോളന്റിയർമാർ.
പത്താം ക്ലാസ്സ് വിദ്യാർത്ഥിയായ മറ്റൊരു മകൻ കെ വൈശാഖ് റെഡ് വോളന്റിയറായി പ്രവർത്തിക്കാൻ തയ്യാറായെങ്കിലും കൈക്ക് പരിക്കേറ്റതിനാൽ ഒഴിവാകുകയായിരുന്നു . സമ്മേളനത്തിൽ റെഡ് വോളന്റിയർമാരായി പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ഈ കുടുംബം അഭിമാനം കൊള്ളുകയാണ് .